ശരാശരി മാര്‍ക്ക് ലഭിക്കാവുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന് ഫെബ്രുവരി ഒന്ന്, ഞായറാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബജറ്റ് പ്രകാരം ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ആഭ്യന്തര മൊത്ത ഉല്പാദനം (ജിഡിപി) 3,93,00,393 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 3,54,00,000 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്ന ജിഡിപി. എന്നാല്‍ 3,57,00,000 കോടി രൂപ നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അന്താരാഷ്ട്ര പ്രതിസന്ധികള്‍ക്കിടയിലും ജിഡിപിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. 50% ട്രംപ് താരിഫും ഇക്കാലയളവില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്നിരുന്നു. ധനമന്ത്രി ഇത്തവണ അവതരിപ്പിച്ച ബജറ്റിന്റെ ആകെ വലിപ്പം അഥവാ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന തുക 53,47,315 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റിന്റെ വലിപ്പം 50,65,000 കോടി രൂപയായിരുന്നു. ധന കമ്മി മുന്‍വര്‍ഷത്തെ 4.4 ശതമാനത്തില്‍ നിന്ന് 4.3 ശതമാനത്തിലേക്ക് ഇത്തവണ കുറച്ചിട്ടുണ്ട്. സാമ്പത്തിക ഭദ്രത സൂചിപ്പിക്കുന്ന കണക്കുകളാണ് ഇവയെല്ലാം.
അടിസ്ഥാന സൗകര്യ വികസനം
അടിസ്ഥാന സൗകര്യ മേഖലയെ ശക്തമായി പിന്തുണക്കുന്ന ദീര്‍ഘകാല വികസനത്തിന്റെ മികച്ച ബ്ലൂപ്രിന്റാണ് തയാറാക്കിയിരിക്കുന്നത്. ഹൈവേകള്‍, പോര്‍ട്ടുകള്‍, എയര്‍പോര്‍ട്ടുകള്‍ എല്ലാമുള്‍പ്പെടുന്ന ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനത്തിന് 12.2 ലക്ഷം കോടി രൂപ മാറ്റിവെച്ചിരിക്കുന്നു. ഇതില്‍ത്തന്നെ റോഡ്-ഗതാഗത മന്ത്രാലയത്തിനുള്ള വിഹിതം 2.8 ലക്ഷം കോടി രൂപയില്‍ നിന്ന് 3.1 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. റെയില്‍വേയ്ക്ക് ഏറ്റവുമധികം തുക വകയിരുത്തിയ ബജറ്റാണിത്. ബജറ്റില്‍ നിന്നുള്ള 2,78,030 കോടി രൂപയടക്കം 2,93,030 കോടി രൂപയാണ് റെയില്‍വേയുടെ മൂലധന ചെലവ്.
സാമൂഹിക രംഗത്ത് പോര
സാമൂഹിക അടിസ്ഥാന സൗകര്യങ്ങളായ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ബജറ്റ് ഇത്തവണയും കാര്യമായി പരിഗണിച്ചില്ലെന്ന് പറയാം. വിദ്യാഭ്യാസത്തിന് 1,09,029 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് ജിഡിപിയുടെ വെറും 0.27% മാത്രമാണ്. എന്നിരുന്നാലും വിദ്യാഭ്യാസത്തിനുള്ള വിഹിതത്തില്‍ 14% വര്‍ധന വരുത്തിയിട്ടുണ്ട്. അടല്‍ ടിങ്കറിംഗ് ലാബുകളുടെ തുക 500 കോടി രൂപയില്‍ നിന്ന് 3200 കോടിയിലേക്ക് ഉയര്‍ത്തിയതും സ്കില്‍ ഡെവലപ്മെന്റിനും ഓണ്ട്രപ്രണര്ഷിപ്പിനുമുള്ള വിഹിതം 9885 കോടി രൂപയായി വര്‍ധിപ്പിച്ചതും ഗുണകരമാണ്. എങ്കിലും യുവജനത ബഹുഭൂരിപക്ഷം വരുന്ന ഒരു രാജ്യത്ത് വിദ്യാഭ്യാസത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. ചൈനയും മറ്റും ഈ മേഖലയില്‍ ജിഡിപിയുടെ 6 ശതമാനത്തിലധികം ചെലവഴിക്കുമ്പോഴാണ് ഇന്ത്യയുടെ ഈ കുറഞ്ഞ വിഹിതം.
ഇതേപോലെ ആരോഗ്യ മേഖലയില്‍ 1,04,599 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതാവട്ടെ ജിഡിപിയുടെ 0.62% മാത്രവുമാണ്.
പ്രതിരോധത്തിന് ഊന്നല്‍
ഓപ്പറേഷന് സിന്ദൂര്‍ പഠിപ്പിച്ച പുതിയ പാഠങ്ങളുള്‍ക്കൊണ്ട് പ്രതിരോധ മേഖലയ്ക്ക് ഇത്തവണ റെക്കോഡ് അലോക്കേഷനാണ്. ആകെ ബജറ്റിന്റെ 15% അഥവാ 7.85 ലക്ഷം കോടി രൂപ രാജ്യത്തിന്റെ സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 15% വര്‍ധനവാണ് പ്രതിരോധ മേഖലയില്‍ വരുത്തിയിരിക്കുന്നത്. ആധുനികവല്‍ക്കരണത്തിനും ആയുധ സംഭരണത്തിനുമാണ് ഇതിലെ ഗണ്യമായ പങ്ക് ചെലവാക്കുക. വ്യോമ കരുത്ത് വര്‍ധിപ്പിക്കാനായി 63,733 കോടി രൂപ ചെലവാക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം തദ്ദേശീയ പ്രതിരോധ ഉല്‍പ്പാദന കമ്പനികളില്‍ നിന്ന് 1.39 ലക്ഷം കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങും. എച്ച്എഎല്‍, ബിഇഎല്‍, കൊച്ചിന് ഷിപ്യാര്ഡ് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം ഇതിൻ്റെ പ്രയോജനം ലഭിക്കും. ഡിആര്‍ഡിഒയുടെ ഗവേഷണ ഫണ്ട് 29,100 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

അവഗണിച്ചോ കേരളത്തെ?
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന വിമര്‍ശനമാണ് പതിവുപോലെ ബജറ്റിനു ശേഷം ഉയര്‍ന്നത്. കടലാമ പ്രജനന പദ്ധതി ചൂണ്ടിക്കാട്ടി ട്രോളുകള്‍ ധാരാളമിറങ്ങി. എയിംസും അതിവേഗ റെയിലും ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായതാണ് വിമര്‍ശനം ശക്തമാക്കിയത്. എന്നാല്‍ ബജറ്റ് കേരളത്തെ അവഗണിച്ചെന്ന വാദം പൂര്‍ണമായി ശരിയല്ല. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വിഹിതത്തില്‍ ഈ വര്‍ഷം 3 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവുണ്ട്. 23.36 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കായി മാറ്റി വെച്ചിരുന്നത്. ഇത്തവണ ഇത് 26.71 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയിരിക്കുന്നു. ആനുപാതികമായി കേരളത്തിന്റെയും ഫണ്ട് വിഹിതം ഗണ്യമായി ഉയരും.
കേരളത്തിന്റെ സാധ്യതകള്‍
ബജറ്റില്‍ നേരിട്ട് കേരളത്തിന്റെ പേര് എടുത്തു പറഞ്ഞില്ലെങ്കിലും സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താവുന്ന നിരവധി മേഖലകളുണ്ട്. ഏറ്റവും പ്രധാനം ടൂറിസം മേഖലയാണ്. ഹെറിറ്റേജ് ടൂറിസത്തില്‍ ഊന്നല്‍ കൊടുക്കുമെന്ന് ബജറ്റ് എടുത്തുപറയുന്നു. കേരളത്തില്‍ ഹെറിറ്റേജ് ടൂറിസവുമായി ബന്ധപ്പെട്ട് ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ധാരാളം കേന്ദ്രങ്ങളുണ്ട്. ഇവയുടെ വികസനത്തിന് പദ്ധതികള്‍ തയാറാക്കണം.
ഹെല്‍ത്ത് ടൂറിസത്തിന് കാര്യമായ ശ്രദ്ധ കേന്ദ്ര ബജറ്റില്‍ ലഭിച്ചിട്ടുണ്ട്. പാരമ്പര്യത്തിന്റെ കരുത്തുള്ള ആയുര്‍വേദ മേഖല കേരളത്തിന്റെ യുഎസ്പിയാകും. സീപ്ലെയിനുകള് ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡാന്‍ പദ്ധതി പ്രകാരം കേരളത്തിന് സീപ്ലെയിനുകള് മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനാവും. തെങ്ങ്, കശുവണ്ടി, കൊക്കോ, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയ കൃഷികള്‍ക്കും സഹായവും പ്രോല്‍സാഹനവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് ഇവ പ്രയോജനപ്പെടും. സ്പോര്‍ട്സ് ഉല്‍പ്പന്ന നിര്‍മാണ മേഖലയ്ക്ക്് ഇത്തവണ 500 കോടി രൂപ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. സ്പോര്‍ട്സില്‍ മികവ് കാട്ടുന്ന കേരളത്തിന് ഇതും അവസരമാക്കാവുന്നതാണ്.




