ബ്രിക്സ് കൂട്ടായ്മ രക്തരക്ഷസുകളുടെ സഖ്യമാണെന്നും അവര്‍ അമേരിക്കയുടെ ചോരയൂറ്റി കുടിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ‘അന്യായമായ വ്യാപാര സമ്പ്രദായങ്ങളില്‍’ ഏര്‍പ്പെടുന്ന ബ്രിക്സ് രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയിലേക്ക് പ്രവേശനമില്ലാതെ നിലനില്‍ക്കാനാവില്ലെന്നും നവാരോ അവകാശപ്പെട്ടു.
‘അമേരിക്കയ്ക്ക് വില്ക്കുന്നില്ലെങ്കില് ഈ രാജ്യങ്ങള്‍ക്കൊന്നും (ബ്രിക്സ്) അതിജീവിക്കാന്‍ കഴിയില്ല എന്നതാണ് ഏറ്റവും പ്രധാന കാര്യം. അവര്‍ അവരുടെ അന്യായമായ വ്യാപാര സമ്പ്രദായങ്ങളിലൂടെ നമ്മുടെ രക്തം വലിച്ചൂറ്റുന്ന രക്തരക്ഷസുകളെപ്പോലെയാണ്,’ ഒരു വിദേശ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നവാരോ പറഞ്ഞു.
പരസ്പരം കൊല്ലുന്ന അംഗരാജ്യങ്ങള്‍
ബ്രിക്സിന്റെ ദീര്‍ഘായുസ്സിനെക്കുറിച്ച് നവാരോ സംശയം പ്രകടിപ്പിച്ചു. അംഗരാജ്യങ്ങള്‍ ചരിത്രപരമായി പരസ്പരം ശത്രുത പുലര്‍ത്തുന്നവരാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ‘ചരിത്രപരമായി എല്ലാവരും പരസ്പരം വെറുക്കുകയും പരസ്പരം കൊല്ലുകയും ചെയ്യുന്നതിനാല്‍ ബ്രിക്സ് ഒരുമിച്ച് നില്‍ക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യ, തീര്‍ച്ചയായും, ചൈനയുമായി പതിറ്റാണ്ടുകളായി യുദ്ധത്തിലാണ്… പാകിസ്ഥാന് അണുബോംബ് നല്‍കിയത് ചൈനയാണ്. ചൈനീസ് പതാകകളുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇപ്പോള്‍ കപ്പലുകള്‍ ഓടുന്നു. മോദീ, നിങ്ങള്‍ക്കത് എങ്ങനെ സാധിച്ചെന്ന് നോക്കണം,’ നവാരോ പറഞ്ഞു.
റഷ്യയില്‍ ചൈനീസ് അധിനിവേശം
റഷ്യയില്‍ വന്‍തോതിലുള്ള അധിനിവേശമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നതെന്നും നവാരോ ആരോപിച്ചു. ‘റഷ്യന്‍ തുറമുഖമായ വ്ളാഡിവോസ്റ്റോക്കില് ബെയ്ജിംഗിന് കണ്ണുണ്ട്. വന്‍തോതിലുള്ള അനധികൃത കുടിയേറ്റത്തിലൂടെ റഷ്യന്‍ അര്ദ്ധസാമ്രാജ്യത്തിലെ ഏറ്റവും വലിയ ഭൂപ്രദേശമായ സൈബീരിയയെ ഇതിനകം ചൈന കോളനിവല്ക്കരിച്ചിരിക്കുന്നു. അതിനാല്‍ പുടിന് എല്ലാവിധ ആശംസകളും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെട്ട ബ്രിക്സ് 2024 ല്‍ ഈജിപ്ത്, എത്യോപ്യ, ഇറാന്, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി വികസിപ്പിച്ചിരുന്നു. ആരംഭിച്ചത് മുതല്‍ യുഎസിന്റെ കണ്ണിലെ കരടാണ് ഈ കൂട്ടായ്മ. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ പെട്ട് ഏറെക്കുറെ നിര്‍ജീവമായിരുന്ന സഖ്യം അടുത്തിടെ ബന്ധങ്ങള്‍ മെച്ചപ്പെട്ടതോടെ കൂടുതല്‍ സജീവമായിട്ടുണ്ട്. യുഎസ് ഡോളറിന് ബദലായി ബ്രിക്സ് കറന്‍സി വരുമോയെന്ന് ട്രംപ് ഭരണകൂടം ഭയക്കുന്നുണ്ട്.




