ഒക്ടോബര്‍ 1 മുതല്‍ ബ്രാന്‍ഡഡ്, പേറ്റന്‍ഡ് മരുന്നുനിര്‍മ്മാണ കമ്പനികളുടെ മരുന്നുകള്‍ക്ക് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ തീരുമാനം ഇന്ത്യന്‍ മരുന്നുകമ്പനികളെ എങ്ങനെയാണ് ബാധിക്കുക എന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും അവലോകനം നടത്തുമെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.
പുതിയ താരിഫുകള്‍ സംബന്ധിച്ച ഒരു അറിയിപ്പ് ഇന്നലെ സാമൂഹ്യമാധ്യമത്തില്‍ കണ്ടുവെന്നും ഫാര്‍മ, ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും സ്ഥിതിഗതികളും പരിണിതഫലങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ വെള്ളിയാഴ്ച അറിയിച്ചു.
വ്യാഴാഴ്ചയാണ് പ്രസിഡന്റ് ട്രംപ് ബ്രാന്‍ഡഡും പേറ്റന്റ് ഉള്ളതുമായ മരുന്നുകമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കയില്‍ നിര്‍മ്മാണയൂണിറ്റ് സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് താരിഫ് ബാധകമാകില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍ ഇനി നിര്‍മ്മാണം ആരംഭിക്കാന്‍ പോകുന്നവര്‍ക്കും നിലവില്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചവര്‍ക്കും ഇളവുകള്‍ ലഭിക്കും.
ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാകുമോ
പാക്ക് ചെയ്ത മരുന്നുകളും വാക്സിനുകളും ടോക്സിനുകളും കള്‍ച്ചറുകളും ഹോര്‍മോണുകളും ഉള്‍പ്പടെയുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്ക മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് അല്‍ ജസീറയുടെ വാര്‍ത്ത റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍ അമേരിക്ക 86.4 ബില്യണ്‍ ഡോളറിന്റെ മരുന്നുകളാണ് ഇറക്കുമതി ചെയ്തത്, അതില്‍ 10.6 ശതമാനം അല്ലെങ്കില്‍ 9.2 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവയായിരുന്നു. 2025-ന്റെ ആദ്യപകുതി വരെയുള്ള കണക്കനുസരിച്ച് അമേരിക്കയിലേക്ക് ഏറ്റവുമധികം ജനറിക് മരുന്നുകള്‍ കയറ്റുഅയച്ച രാഷ്ട്രമാണ് ഇന്ത്യ. ഏതാണ്ട് 3.7 ബില്യണ്‍ ഡോളറിന്റെ മരുന്നാണ് ഇന്ത്യ കയറ്റി അയച്ചത്.
അതേസമയം ജനറിക്, ഒടിസി, ബയോളോജിക്സ്, സ്പെഷ്യാലിറ്റി മരുന്നുകള്‍ എന്നിവയെ താരിഫില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.