താരിഫ് അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച ആറാംഘട്ട ചര്‍ച്ചകളില്‍ ശുഭപ്രതീക്ഷകള്‍ പങ്കുവെച്ച് ഇന്ത്യയും അമേരിക്കയും. വ്യാപാര ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നുവെന്ന് ഇന്ത്യ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന വ്യാപാര കരാറില്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചതായി ഇന്ത്യ അറിയിച്ചു.
ഇന്ത്യയുമായുള്ള ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് അമേരിക്കയും അഭിപ്രായപ്പെട്ടു. ഉഭയകക്ഷി വ്യാപാര കരാര്‍ ഉള്‍പ്പടെ, ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം സംബന്ധിച്ച് അമേരിക്കയുടെ വ്യാപാര പ്രതിനിധി ബ്രണ്ടന്‍ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ന്യൂഡെല്‍ഹിയില്‍ ഇന്ത്യന്‍ വ്യാപാര പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമാണ് ഇന്ത്യ-അമേരിക്ക വ്യാപാര പ്രതിനിധികള്‍ ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിലെ ഉഭയകക്ഷി വ്യാപാരത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് നടത്തിയ ചര്‍ച്ചകള്‍ പോസിറ്റീവ് ആയിരുന്നുവെന്നും വ്യാപാര കരാറിന്റെ വിവിധ വശങ്ങള് ഉള്‍ക്കൊള്ളുന്ന ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഉഭയകക്ഷി വ്യാപാര കരാറിന്മേലുള്ള തുടര്‍നടപടികള്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്തതായി ഇന്ത്യയിലെ യുഎസ് എംബസി വക്താവും വ്യക്തമാക്കി.
മയപ്പെട്ട് ട്രംപ്
റഷ്യയില്‍ നിന്നും ഇന്ത്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിനെതിരെ പരസ്യ നിലപാട് എടുക്കുകയും പിഴയായി ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യയെ അവഹേളിക്കുകയും ചെയ്ത ട്രംപ് നിലപാട് മയപ്പെടുത്തുകയും ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും പ്രധാനമന്ത്രിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ പുനഃരാരംഭിച്ചത്.
ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് അഞ്ച് ഘട്ടങ്ങളിലായി ചര്‍ച്ചകള്‍ നടന്നിരുന്നതുമാണ്. ആറാംഘട്ട ചര്‍ച്ച ആഗസ്റ്റ് 25- 27 തീയതികളിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനുശേഷം താരിഫ് പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇതെത്തുടര്‍ന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധികളുടെ ഇന്ത്യാസന്ദര്‍ശനം നീട്ടിവെച്ചു.
താരിഫ് വര്‍ധന പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഇടിവുണ്ടായി. ആഗസ്റ്റില്‍ കയറ്റുമതി ജൂലൈയിലെ 8.01 ബില്യണ്‍ ഡോളറില്‍ നിന്നും 6.86 ബില്യണ്‍ ഡോളറായി.