ന്യൂഡെല്‍ഹി: 2022 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 422.2 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് നടത്തിയത്. മികച്ച ആഭ്യന്തര ഉല്‍പ്പാദനം കയറ്റുമതിക്കും സഹായകരമായി. ഏതൊക്കെ മേഖലകളിലാണ് ഇന്ത്യ കയറ്റുമതിയിലൂടെ വിദേശനാണ്യം കൊയ്യുന്നതെന്ന് നോക്കാം…
എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയാണ് ഇന്ത്യക്ക് ഏറ്റവും നേട്ടമുണ്ടാക്കിത്തന്നത്. 69.8 ബില്യണ്‍ ഡോളറാണ് ഈ മേഖലയില്‍ നിന്ന് ഇന്ത്യ നേടിയത്.
ശുദ്ധീകരിച്ച പെട്രോളിയം, ക്രൂഡ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 67.6 ബില്യണ്‍ ഡോളറും ഇന്ത്യ നേടി. ഉക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ ലഭിച്ചത് ഇന്ത്യക്ക് നേട്ടമായി.
രാസവസ്തുക്കളും അനുബന്ധ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്ത് 57.3 ബില്യണ്‍ ഡോളറാണ് ഇന്ത്യ നേടിയത്. കാര്‍ഷിക മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നേടിത്തന്നത് 49.7 ബില്യണ്‍ ഡോളര്‍. അഞ്ചാം സ്ഥാനത്ത് ടെക്സ്റ്റൈല്‍സ് മേഖലയാണ്. അയല്‍ രാഷ്ട്രമായ ബംഗ്ലാദേശിനോട് മല്‍സരിച്ച് 39.8 ബില്യണ്‍ ഡോളറാണ് തുണിക്കച്ചവടത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയത്.
2021 സാമ്പത്തിക വര്‍ഷത്തില്‍ 291 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയിരുന്നത്. ഇതില്‍ നിന്നും 45.10% വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്.