പ്രതീക്ഷകളെ മറികടന്നുകൊണ്ട് നടപ്പുസാമ്പത്തിക വര്‍ഷം രാജ്യം 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.8 ശതമാനം വളര്‍ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5 ശതമാനമായിരുന്നു.
നിര്‍മ്മാണരംഗത്തെ വളര്‍ച്ചയും സേവനമേഖലയുടെ മുന്നേറ്റവുമാണ് റിസര്‍വ്വ് ബാങ്ക് അനുമാനത്തെ പോലും പിന്നിലാക്കി കൊണ്ട് സാമ്പത്തിക വളര്‍ച്ച നേടാനായത്. അതേസമയം അമേരിക്കയുടെ 50 ശതമാനം താരിഫ് പ്രാബല്യത്തില്‍ വരുന്നതോടെ ബാക്കി പാദങ്ങളില്‍ വളര്‍ച്ച മന്ദഗതിയിലാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ വളര്‍ച്ച സംബന്ധിച്ച ആര്‍ബിഐ അനുമാനത്തെ മറികടക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ പാദത്തില്‍ രാജ്യം 6.5 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു റിസര്‍വ്വ് ബാങ്ക് പ്രവചനം. ഈ മാസം ആദ്യം നടന്ന ധനനയ കമ്മിറ്റി യോഗത്തിലും ആര്‍ബിഐ ഈ അനുമാനത്തില്‍ ഭേദഗതി വരുത്തിയിരുന്നില്ല. ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍ ആര്‍ബിഐ 6.5 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യപാദത്തില്‍ 6.8 ശതമാനം വളര്‍ച്ച പ്രവചിച്ചിരുന്നു.
ജൂണ്‍ പാദത്തില്‍ നോമിനല്‍ ജിഡിപി 8.8 ശതമാനം വളര്‍ന്ന് 86.05 ട്രില്യണ്‍ രൂപയിലെത്തി. സ്ഥിര വിലയെ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൂല്യം അളക്കുന്ന സാമ്പത്തികസൂചികയായ ജിവിഎ 7.6 ശതമാനം വളര്‍ന്ന് 44.64 ട്രില്യണ്‍ രൂപയിലെത്തി. നോമിനല്‍ ജിവിഎ 8.8 ശതമാനം ഉയര്‍ന്ന് 78.25 ട്രില്യണ്‍ രൂപയിലെത്തി.
2025 മാര്‍ച്ച് പാദത്തില്‍ ജിഡിപി 7.4 ശതമാനം വികസിച്ചു. വിപണി പ്രതീക്ഷകളെ മറികടന്ന് ഡിസംബര്‍ പാദത്തിലെ 6.4 ശതമാനത്തില്‍ നിന്നുമാണ് ഈ വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്കായിരുന്നു അത്. ശക്തമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഭക്ഷ്യ, ഇന്ധന വിലകളിലെ കുറവും പലിശനിരക്കുകളിലെ കുറവും നിക്ഷേപം കൂടിയതും സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകി. കയറ്റുമതിയെ അധികം ആശ്രയിക്കാത്തത് ആഗോള താരിഫ് ഭീഷണികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചില്ല.
ഈ കാലയളവില്‍ മൊത്ത സ്ഥിര മൂലധന രൂപീകരണം 9.4 ശതമാനം വളര്‍ന്നു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വകാര്യ ഉപഭോഗത്തിലും 6 ശതമാനം വളര്‍ച്ചയുണ്ടായി. വിദേശ ഡിമാന്‍ഡിലുള്ള വളര്‍ച്ചയും ജിഡിപിക്ക് നേട്ടമായി. കയറ്റുമതിയില്‍ 3.09 ശതമാനം വളര്‍ച്ചയുണ്ടായി. ഇറക്കുമതി 127 ശതമാനം ഇടിയുകയും ചെയ്തു.
നിര്‍മ്മാണ മേഖല 7.7 ശതമാനം വളര്‍ച്ച നേടി. നാല് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. അതേസമയം തൊഴില്‍രംഗത്ത്, പ്രത്യേകിച്ച് തൊഴില്‍മേഖലയില്‍ വളര്‍ച്ച ഒമ്പത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ 7.6 ശതമാനത്തിലെത്തി. കാര്‍ഷികോല്‍പ്പാദനം 3.7 ശതമാനമായി വളര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചയുടെ ഇരട്ടിയാണിത്.




