വെല്ലുവിളികളെ അതിജീവിക്കുന്ന ശക്തമായ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് റിസര്‍വ്വ് ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിന്. ഗ്രാമീണ മേഖലയിലെ ഉപഭോഗം സമ്പദ് വ്യവസ്ഥയെ പിന്താങ്ങും. എന്നാല്‍ അമേരിക്കയുമായുള്ള വ്യാപാര പ്രശ്നങ്ങള്‍ വളര്‍ച്ചയ്ക്ക് ഭീഷണിയാകുമെന്നും വ്യാഴാഴ്ച പുറത്തിറങ്ങിയ ആഗസ്റ്റ് ബുള്ളറ്റിനില്‍ റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
മൊത്തത്തിലുള്ള പണപ്പെരുപ്പ ശരാശരി ഈ സാമ്പത്തിക വര്‍ഷം റിസര്‍വ്വ്ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിലും താഴെയാണ്. പുതിയ വിവരങ്ങളും മാറിക്കൊണ്ടിരിക്കുന്ന ആഭ്യന്തര വളര്‍ച്ച – പണപ്പെരുപ്പ സ്ഥിതികളും സൂക്ഷ്മമായി നിരീക്ഷിച്ച് അതിനനുസരിച്ചുള്ള ധനനയങ്ങളായിരിക്കും മുന്നോട്ട് ഉണ്ടാകുകയെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.
അമേരിക്കയുടെ താരിഫ് നയം ഇന്ത്യയുടെ കയറ്റുമതിയില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നതെങ്കിലും സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ചലനങ്ങള്‍ ഇല്ലാത്തത് കൊണ്ട്സുപ്രധാന നിരക്കുകളിലൊന്നും റിസര്‍വ്വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. 5.50 ശതമാനമാണ് പ്രധാന പലിശനിരക്ക്. രാജ്യത്തെ റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ എട്ട് വര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 1.55 ശതമാനത്തില്‍ എത്തിയിരുന്നു. ഭക്ഷ്യവില കുറഞ്ഞതാണ് പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ സഹായകമായത്.
ആഗോള വ്യാപാര പ്രശ്നങ്ങളും താരിഫും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിസര്‍വ്വ് ബാങ്കിന്റെ നയയോഗത്തില്‍ കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടതായി യോഗത്തിലെ മിനിട്സ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ പണപ്പെരുപ്പം പ്രതീക്ഷയ്ക്കും താഴെ ആയതിനാല്‍ സമ്പദ് വ്യവസ്ഥ പിടിച്ചുനില്‍ക്കുമെന്നും അഭിപ്രായമുണ്ടായിരുന്നു. മഴ അനുകൂലമായതും താപനില സാഹചര്യങ്ങളും ഗ്രാമീണ മേഖലകളില്‍ ശമ്പളം മെച്ചപ്പെട്ടതും അവിടങ്ങളില്‍ ഉപഭോഗം ഉയര്‍ന്നുതന്നെ തുടരാന്‍ സഹാകമാകും. പലിശ നിരക്ക് കുറയ്ക്കുന്നതും സാമ്പത്തിക നടപടികളും മൊത്തത്തിലുള്ള ഡിമാന്‍ഡ് മെച്ചപ്പെടാന്‍ സഹായമാകുമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍.




