ഇന്ത്യന്‍ രൂപ ഡോളറിനെതിരെ തകര്‍ച്ചയുടെ കാണാക്കയങ്ങളിലേക്ക് വീഴാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. മൂല്യത്തകര്‍ച്ച പുതിയ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ച് ഒരു ഡോളര്‍ = 90 രൂപ എന്ന പരിധിയും ഭേദിക്കപ്പെട്ടു. ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു വാര്‍ത്തയാണിത്. വിദേശരാജ്യങ്ങളില്‍ നിന്നും വാങ്ങുന്ന ഓരോ ഉല്‍പ്പന്നത്തിനും സേവനത്തിനും വില ഉയരും. ഇന്ധനം മുതല്‍ വിദേശ വിദ്യാഭ്യാസം വരെ വിലക്കയറ്റത്തിന് സാക്ഷിയാകും. രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക ആശങ്കയായി വിലയിരുത്തപ്പെടുന്നത് സ്വാഭാവികമായ പ്രതികരണമാണ്. രൂപയ്ക്ക് മൂല്യമിടിഞ്ഞാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങളും മറ്റും വാങ്ങാനുള്ള രാജ്യത്തിന്റെ കഴിവ് കുറയും.
പക്ഷേ ഈ പ്രതിസന്ധിയെ കുറിച്ചുള്ള തലക്കെട്ടുകള്‍ക്കപ്പുറം, ആരും കാണാത്ത, അറിയാത്ത ഒരു സത്യമുണ്ട്. 2025-ല്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സി എന്ന രൂപയുടെ പ്രതിച്ഛായ്ക്ക് പിന്നില്‍ ചില ട്വിസ്റ്റുകളുണ്ട്, ആസൂത്രിതമായ നയ വ്യതിയാനങ്ങളുണ്ട്, എന്തിനേറെ പറയുന്നു പ്രതീക്ഷയ്ക്ക് വക നല്കുന്ന ചില കാര്യങ്ങള്‍ വരെയുണ്ട്.
ഇന്ത്യന്‍ രൂപ 90 എന്ന നിരക്കിനപ്പുറം പോയതിനെതിരെ അടുത്തിടെ ചില മാധ്യമങ്ങള്‍ രൂപയുടെ ”റെക്കോര്‍ഡ് തകര്‍ച്ച” എന്ന പ്രചാരണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍, അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പരിശോധിച്ചാല്‍ വിനിമയ നിരക്കിനെ ഏകപക്ഷീയമായി വായിച്ചതാണ് വ്യക്തമാകുന്നതെന്ന് സാമ്പത്തിക വിദഗ്ധനായ പി ഡി ശങ്കരനാരായണന് പറയുന്നു. ഒരു കറന്‍സിയുടെ മൂല്യം മറ്റൊരു കറന്‍സിയോടുള്ള താരതമ്യത്തിലൂടെ മാത്രം അളക്കാനാകില്ലെന്നും യാഥാര്‍ത്ഥ്യം അതിലും ആഴത്തിലാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മാത്രമല്ല, രൂപയുടെ ദൗര്‍ബല്യം എന്നത് ഒരു ഭ്രമമാണെന്നും യഥാര്‍ത്ഥത്തില്‍ ഡോളറിന്റെ അസ്വാഭാവികമായ appreciation (മൂല്യക്കയറ്റം) ആണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം വിവരിക്കുന്നു.
രൂപയുടെ ചരിത്രപരമായ തകര്‍ച്ചയിലെ ചില കാണാപ്പുറങ്ങള്‍ നോക്കാം.
2022 ആവര്‍ത്തിക്കുമോ
2022-ല്‍ നടന്ന അമേരിക്കന്‍ ഡോളറിന്റെ ശക്തിവര്ദ്ധനയുടെ അതേ പ്രവണത തന്നെയാണ് ഇപ്പോഴും തുടരുന്നത്. അമേരിക്കന്‍ കടബാധ്യത 35 ട്രില്ല്യണ്‍ USD കവിഞ്ഞുവെങ്കിലും, ലോകമൊട്ടാകെ മൂലധനം USD-ലേക്ക് ഒഴുകുന്നു. ഇതു ഡോളറിനെ കൃത്രിമമായി ഉയര്‍ത്തി നിര്‍ത്തുന്നു. അതായത്, രൂപ താഴുന്നില്ല; USD യഥാര്‍ത്ഥ അടിസ്ഥാനങ്ങളെക്കാള് മുകളിലേക്ക് കൃത്രിമമായി വലിച്ചുയര്ത്തപ്പെട്ടിരിക്കുകയാണ്.
മറ്റു ഏഷ്യന്‍ കറന്‍സികള്‍ ഉയരുമ്പോള്‍ രൂപ മാത്രം താഴുന്നു എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അപൂര്‍ണ്ണവും തെറ്റായ താരതമ്യവും ആണെന്ന് പി ഡി ശങ്കരനാരായണന് അഭിപ്രായപ്പെടുന്നു. കാരണം മൂല്യം ഉയര്‍ന്നുവെന്ന് പറയപ്പെടുന്ന തായ്വാന്, മലേഷ്യ, തായ്ലാന്ഡ് എന്നീ രാജ്യങ്ങളിലെ സമ്പദ് ഘടനയെ ഇന്ത്യയുടെ സാമ്പത്തിക ഘടനയുമായി താരതമ്യം ചെയ്യാനാകില്ല. ഈ രാജ്യങ്ങള്‍ക്ക് structural trade surplus ഉണ്ട്. ഇവിടങ്ങളില്‍ കേന്ദ്രബാങ്കിന്റെ ഇടപെടല്‍ നിരന്തരം നടക്കുന്നു. ചരക്ക് കയറ്റുമതിയാണിവിടങ്ങളില് GDP-യുടെ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്.
ഇന്ത്യയുടെ ഘടന വ്യത്യസ്തമാണ്. ഇന്ത്യക്ക് ഘടനാപരമായ വ്യാപാരക്കമ്മി ഉണ്ട്. ഇറക്കുമതി ആശ്രിതത്വം (ക്രൂഡ് ഓയില്‍, ഇലക്ട്രോണിക്സ്, സ്വര്‍ണ്ണം, യന്ത്രങ്ങള്‍ എന്നിവയുള്‍പ്പടെ) അത്യധികമാണ്. മാത്രമല്ല, വലിയ ആഭ്യന്തര വിപണി കാരണം വിലനിലവാരം രൂപയുടെ സ്വന്തം ബലത്താല്‍ തന്നെ നിയന്ത്രിക്കപ്പെടുന്നു.
തായ്വാന് അല്ലെങ്കില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം കൂടുന്നു, ഇന്ത്യയുടേത് താഴുന്നു എന്ന ലളിതവാദം ശാസ്ത്രീയമല്ല.
അമേരിക്കയുടെ കടുത്ത വ്യാപാര നയം
രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് അമേരിക്കയുടെ വ്യാപാര നയത്തിലുണ്ടായ നാടകീയവും അസാധാരണവുമായ വ്യതിയാനമാണ്. 2025 ജൂലൈയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിപണികള്‍ കരുതിയിരുന്നതിനേക്കാള്‍ കടുത്ത താരിഫ് പ്ലാനുകള്‍ മുന്നോട്ടുവെച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് പരിഗണന ലഭിച്ചേക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചാണ് ട്രംപ് താരിഫുകള്‍ പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഏഷ്യയിലെ മറ്റേത് രാജ്യങ്ങളേക്കാളും അധികം. റഷ്യയുമായുള്ള വ്യാപാരബന്ധത്തിന് ശിക്ഷയായി 25 ശതമാനം പിഴച്ചുങ്കവും 50 ശതമാനം താരിഫില്‍ ഉള്‍പ്പെടുത്തി. അവിടെയും തീര്‍ന്നില്ല അമേരിക്കയുടെ സമ്മര്‍ദ്ദം. ഇന്ത്യയ്ക്ക് സമാനരീതിയില്‍ പിഴച്ചുങ്കം ഏര്‍പ്പെടുത്താന്‍ അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളോടും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇന്ത്യന്‍ ടെക് ജീവനക്കാര്‍ ഉപയോഗിക്കുന്ന H-1B വിസയ്ക്കുള്ള ഫീസ് 100,000 ഡോളറാക്കാനും അമേരിക്ക പദ്ധതിയിട്ടു.
അമേരിക്കയുടെ ഈ നടപടികള്‍ ബിസിനസ് ആത്മവിശ്വാസത്തെ ബാധിച്ചു. വിദേശ നിക്ഷേപങ്ങള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടു. നവംബര്‍ അവസാനത്തോടെ വിദേശ നിക്ഷേപകര്‍ ഏതാണ്ട് 16.3 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്നും പിന്‍വലിച്ചത്. ഇത് ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു, രൂപയ്ക്ക് സമ്മര്‍ദ്ദമേകി.
വ്യാപാര യുദ്ധം, ആഗോള വിപണികളിലെ അനിശ്ചിതത്വം, സുരക്ഷിത നിക്ഷേപങ്ങളുടെ ഒഴുക്ക് അമേരിക്കന്‍ ഡോളറിലേക്ക് ആയത് ഉള്‍പ്പടെ ഡോളറിലെ മൂലധന ഒഴുക്ക് അമേരിക്കന്‍ ഡോളറിന്റെ മൂല്യം അനാവശ്യമായി ഉയര്‍ത്തി. അതുകൊണ്ട് മറ്റ് കറന്‍സികള്‍ താരതമ്യേന താഴ്ന്നതുപോലെ തോന്നി.
അപ്പോള്‍ പ്രശ്നം രൂപയുടെ തകര്‍ച്ചയല്ല, ട്രംപ് മുന്നോട്ടുവെച്ച താരിഫ്, ഡോളറിന് മൂല്യമുയര്‍ന്നത്, രൂപ-ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ പുതിയ സാഹചര്യങ്ങളുടെ സ്വാധീനം എന്നിവയാണ്.
RBI നിലപാട്
രൂപയുടെ താഴ്ചയെ RBI-യുടെ ‘നയപരമായ നിസ്സംഗത” ആയി ചിത്രീകരിക്കുന്നത് തെറ്റാണ്. RBI വിപണിയിലെ volatility മാത്രം നിയന്ത്രിക്കുന്നു, വിനിമയ നിരക്കിനെ നിര്‍ബന്ധിതമായി ഉയര്‍ത്തുന്നില്ല. മാത്രമല്ല ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 690 ബില്യണ്‍ ഡോളറിനപ്പുറമാണ്. അതുകൊണ്ട് സാമ്പത്തിക സാഹചര്യങ്ങളില്‍ ഇടപെടാനുള്ള RBIയുടെ ശേഷി പ്രശ്നമല്ല.
നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യക്കയറ്റം കൃത്രിമമായിരിക്കെ, RBI വിനിമയ നിരക്കിനെ അതിന്റെ വഴിക്ക് വിടുന്നത് സാമ്പത്തികമായി ശരിയായ സമീപനമാണെന്ന് പി ഡി ശങ്കരനാരായണന് പറയുന്നു. മാത്രമല്ല, RBI രൂപയെ ”താങ്ങുന്നില്ല” എന്ന് പറയുന്നത് വസ്തുതാവിരുദ്ധംവുമാണ്. RBI ഡോളറിന്റെ overvaluation-നെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം.
രൂപയുടെ മൂല്യമിടിയുകയെന്നാല് സമ്പദ് വ്യവസ്ഥ തകരുകയല്ല
ഒരു രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യമിടിയുക എന്നാല്‍ ആ രാജ്യം സാമ്പത്തികമായി തകരുന്നതിന്റെ സൂചനയാണെന്ന തെറ്റിദ്ധാരണ പൊതുവെ ഉണ്ട്. രൂപയുടെ തകര്‍ച്ച ശക്തമായ ആഗോള സമ്മര്‍ദ്ദത്തിന്റെ പ്രതിഫലനമാണ്, പ്രാദേശികമായ സാമ്പത്തിക തകര്‍ച്ച അത് സൂചിപ്പിക്കുന്നില്ല. അമേരിക്കയുടെ താരിഫ് തന്ത്രം പോലുള്ള ബാഹ്യമായ പ്രശ്നങ്ങളാണ് അതിലേക്ക് നയിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
2025 ഏപ്രിലിന് ശേഷം ഏറ്റവുമധികം മൂല്യശോഷണം സംഭവിച്ച പ്രധാന കറന്‍സിയാണ് ഇന്ത്യന്‍ രൂപയെങ്കിലും ഏറ്റവും അസ്ഥിരമായ കറന്‍സിയല്ല അതെന്ന് എസ്ബിഐയുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
രൂപയുടെ ആഭ്യന്തര വാങ്ങല്‍ ശേഷി (PPP) സ്ഥിരമാണ്. വിലക്കയറ്റം നിയന്ത്രണത്തിലാണ്. GDP വളര്‍ച്ച ഏഷ്യയിലെ മുന്‍നിരയിലാണ്. ബാങ്കിംഗ് സംവിധാനം ശക്തമാണ്. ഇതൊന്നും കറന്‍സിയുടെ തകര്‍ച്ചയെ സ്വാധീനിക്കുന്നവയല്ല. അതിനാല്‍, രൂപയുടെ യഥാര്‍ത്ഥ മൂല്യം കുറയുന്നില്ല; USD-INR parity മാത്രമാണ് മാറുന്നത്.
പ്രതീക്ഷിക്കാത്ത നേട്ടം
രൂപയുടെ മൂല്യത്തകര്‍ച്ച ഇറക്കുമതിക്കാര്‍ക്ക് വന്‍ തിരിച്ചടിയാണെന്നതില്‍ സംശയമില്ല. എന്നാല്‍, കയറ്റുമതി ചെയ്യുന്നവര്‍ക്കും ഡോളര്‍ ശമ്പളമായി കൈപ്പറ്റുന്നവര്‍ക്കും ചിലവിടുന്നവര്‍ക്കും അത് നേട്ടമാണ്. പക്ഷേ രാജ്യത്തിന്റെ 70%-ത്തിലധികം ഇറക്കുമതികള്‍ നിര്ബന്ധാവശ്യങ്ങളാണ്. അതിനാല്‍ ഈ ഇറക്കുമതികള്‍ ചെലവ് ഉയര്‍ത്തുന്നതിനാല്‍, കയറ്റുമതിയിലെ നേട്ടം മങ്ങിപ്പോകുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം (വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് അയക്കുന്ന പണം) ഒഴുകിയെത്തുന്ന രാജ്യമാണ് ഇന്ത്യ. 2024-ല്‍ 137 ബില്യണ്‍ ഡോളറാണ് ഈ വകയില്‍ ഇന്ത്യയിലേക്ക് എത്തിയത്. കറന്‍സി ദുര്ബലപ്പെടുകയെന്നാല് നാട്ടിലേക്ക് അയക്കുന്ന ഓരോ ഡോളറും കൂടുതല്‍ മൂല്യവത്താകും എന്നുകൂടിയാണ്.
ഉദാഹരണത്തിന് ഡോളറിന് 80 എന്ന വിനിമയ നിരക്കില്‍ 500 ഡോളര്‍ അതായത് 40,000 രൂപ നാട്ടിലേക്ക് ഒരു മാസം അയക്കുന്ന ആള്‍ക്ക് രൂപയുടെ മൂല്യം ഡോളറൊന്നിന് 90 ആകുന്നതോടെ 45,000 രൂപ നാട്ടിലേക്ക് അയക്കാനാകും. അയ്യായിരം രൂപയുടെ വ്യത്യാസം ചെറുതല്ല.
അതേസമയം ഇക്കാര്യം വളരെ ചെറിയൊരു ശതമാനം ആളുകള്‍ക്ക് മാത്രമാണ് ബാധകം എന്നത് സത്യമാണ്. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസായും മറ്റ് ചിലവുകളായും കൂടുതല്‍ പണം ചിലവഴിക്കേണ്ട സ്ഥിതി രൂപയുടെ മൂല്യത്തകര്‍ച്ചയിലൂടെ ഉണ്ടാകും. ലക്ഷം രൂപയുടെ വ്യത്യാസമാണ് ഒരു വര്‍ഷം ഈ രീതിയില്‍ അവര്‍ക്കുണ്ടാകുക.
നിലവിലെ അവസ്ഥയില്‍ നമ്മള് മനസ്സിലാക്കേണ്ട യഥാര്‍ത്ഥ സാമ്പത്തിക സത്യം ഇതാണ്
1. രൂപയുടെ മൂല്യം ഇടിയുന്നില്ല
RBI, IMF, BIS എന്നിവയുടെ PPP ഡാറ്റ പരിശോധിച്ചാല്‍ രൂപയുടെ സാങ്കേതിക purchasing power സ്ഥിരതയുള്ളതാണെന്ന് മനസ്സിലാകും.
2. USD മൂല്യം കൃത്രിമമായി ഉയരുകയാണ്
ആഗോള ഭയം, സുരക്ഷിത നിക്ഷേപത്തിനുള്ള ഡിമാന്‍ഡ്, അമേരിക്കയുടെ പലിശ നിരക്ക് നയം, ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവ അമേരിക്കന്‍ ഡോളറിനെ യഥാര്‍ത്ഥ മൂല്യത്തിന്റെ മുകളിലേക്ക് തള്ളിക്കൊണ്ടിരിക്കുന്നു.
3. കറന്‍സിയുടെ ശക്തി= ബാലന്‍സ് ഓഫ് ട്രേഡ് + ബാലന്‍സ് ഓഫ് പേയ്മെന്റ്സ്
Trade surplus അഥവാ രാജ്യത്തിന്റെ കയറ്റുമതി ഇറക്കുമതിയേക്കാള്‍ കൂടുതലായിരിക്കുന്ന രാജ്യങ്ങളുടെ കറന്‍സിക്ക് മൂല്യം കൂടുന്നു. അതേസമയം വ്യാപാരക്കമ്മി ഉള്ള രാജ്യങ്ങളില്‍ ഡോളറിന് ഡിമാന്‍ഡ് കൂടുതലായി നിലനിര്‍ത്തുന്നു. ഇതാണ് രൂപയുടെ മൂല്യത്തിന്റെ അന്തരത്തിന്റെ യഥാര്‍ത്ഥ കാരണം.
4. ഒരു രാജ്യത്തിന്റെ കറന്‍സിയുടെ ആരോഗ്യം ഡോളറുമായി താരതമ്യം ചെയ്തുകൊണ്ടല്ല അളക്കുക
പണപ്പെരുപ്പം, ബാലന്‍സ് ഓഫ് പേയ്മെന്റ്സ്, ബാഹ്യ കടം, സാമ്പത്തിക സ്ഥിരത, വ്യാവസായിക ഉല്‍പ്പാദനം എന്നിവയെല്ലാമാണ് കറന്‍സിയുടെ മൂല്യത്തിന്റെ മുഖ്യ സൂചികകള്‍. നിലവില്‍ രൂപയുടെ അടിസ്ഥാനം ശക്തമാണ്. പക്ഷേ മൂല്യത്തില്‍ ഇടിവുണ്ട് എന്ന് പറയുന്നത് ഡോളറിന്റെ കൃത്രിമ വളര്‍ച്ച കാരണം താരതമ്യം ചെയ്യുമ്പോഴുള്ള ഭ്രമമാണ്. യഥാര്‍ത്ഥത്തില്‍ കറന്‍സി മൂല്യത്തിന്റെ ഹൃദയമെന്നത് trade & payments balance ആണെന്ന് തിരിച്ചറിയണം. കറന്‍സിയുടെ മൂല്യത്തകര്‍ച്ച എന്ന വാദം വസ്തുതാപരമല്ല. ഡോളറിന് കൃത്രിമമായി മൂല്യമുയരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും കറന്‍സി സംവിധാനവും ശക്തമായ പുനര്‍ഘടനാ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തകര്ച്ചയിലൂടല്ല.




