നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) യാഥാര്‍ത്ഥ്യമാക്കാന്‍ നടക്കുന്ന ചര്‍ച്ചകള്‍ യുഎസിനും ഇന്ത്യക്കും സംതൃപ്തമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. 2025 നവംബറോടെ വ്യാപാര കരാറിന്റെ ആദ്യ ഘട്ടം യാഥാര്‍ത്ഥ്യമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെബ്രുവരിയില്‍ ഇരു രാജ്യങ്ങളിലെയും വ്യാപാര മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നതെന്ന് ഗോയല്‍ പറഞ്ഞു.
‘മാര്‍ച്ച് മുതല്‍ ഗൗരവത്തോടെയുള്ള ഒരു പോസിറ്റീവ് അന്തരീക്ഷത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് പുരോഗമിക്കുകയാണ്, ഇരു രാജ്യങ്ങളും പുരോഗതിയില്‍ സംതൃപ്തരാണ്,’ ഗോയല്‍ പറഞ്ഞു.
ന്യൂസിലാന്‍ഡ്, യൂറോപ്യന്‍ യൂണിയന്, യുഎഇ, ഓസ്ട്രേലിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായും കൂട്ടായ്മകളുമായും സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി. ഈ കരാറുകള്‍ യാഥാര്‍ത്ഥ്യമാവാന്‍ സമയമെടുക്കുമെന്നും ഗോയല്‍ പറഞ്ഞു.
ട്രംപിന്റെ വെടിനിര്‍ത്തല്‍
ഇന്ത്യയും യുഎസും തമ്മിലുള്ള വിജയകരമായ വ്യാപാര കരാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും വരും ആഴ്ചകളില്‍ തന്റെ ‘വളരെ നല്ല സുഹൃത്ത്’ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടതിന് ശേഷമാണ് ഗോയലിന്റെ ശുഭാപ്തിവിശ്വാസമുള്ള പ്രസ്താവനകള്‍ വരുന്നത്. സെപ്റ്റംബര്‍ 9 ന് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, ഡൊണാള്‍ഡ് ട്രംപ് ”ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്” എന്ന് പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 10 ന് നരേന്ദ്ര മോദി പോസ്റ്റിനോട് ഊഷ്മളമായി പ്രതികരിച്ചു. നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വഴിയൊരുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്ന് മോദി എക്സിലെ പോസ്റ്റില്‍ പറഞ്ഞു. വ്യാപാര ചര്‍ച്ചകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ ഇരു രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-യുഎസ് ബിടിഎ
മാര്‍ച്ചില്‍ ആരംഭിച്ച ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ ഇതുവരെ അഞ്ച് റൗണ്ട് പൂര്‍ത്തിയായി. ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന യുഎസ് സംഘം, റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം പിഴ തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ബന്ധം മോശമായതോടെ സന്ദര്‍ശനം മാറ്റിവെച്ചു. ആറാം റൗണ്ട് ചര്‍ച്ചകള്‍ക്ക് ഇതുവരെ പുതിയ തിയതികള്‍ തീരുമാനിച്ചിട്ടില്ല.
ചരക്കുകളിലും സേവനങ്ങളിലുമുള്ള ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും നിലവിലുള്ള 191 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാനാണ് ബിടിഎ ലക്ഷ്യമിടുന്നത്. ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗത്തെ ബാധിക്കുമെന്നതിനാല്‍ കൃഷി, ക്ഷീര മേഖലകള്‍ യുഎസിന് തുറന്നു കൊടുക്കാന്‍ ഇന്ത്യ തയാറല്ല. അതേസമയം യുഎസ് സമ്മര്‍ദ്ദം തുടരുകയാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 2024-25 ല്‍, ചരക്കുകളിലെ ഉഭയകക്ഷി വ്യാപാരം 131.8 ബില്യണ്‍ ഡോളറായിരുന്നു. 86.5 ബില്യണ്‍ ഡോളര്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുയും 45.3 ബില്യണ്‍ ഡോളര്‍ വരുന്ന ഇറക്കുമതി യുഎസില്‍ നിന്ന് നടത്തുകയും ചെയ്തു.




