കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം മധുരമോ ഇരട്ടി മധുരമോ എന്നറിയാന്‍ ഇനി വെറും രണ്ട് ദിവസങ്ങള്‍ മാത്രം. സെപ്റ്റംബര്‍ 22-ന് രാജ്യത്ത് ജിഎസ് ടി 2.0, ഏറെ ചര്‍ച്ചയായ ജിഎസ് ടി പരിഷ്കാരം നിലവില്‍ വരികയാണ്. ഇതിനകം തന്നെ വില കുറയാന്‍ പോകുന്ന സാധനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുകഴിഞ്ഞു. സാധാരണക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ നല്കുന്ന നികുതി പരിഷ്കാരമാണ് വരാന്‍ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പോലും പറഞ്ഞുകഴിഞ്ഞു. അതിനാല്‍ സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും.
നഗരങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ചെടുത്തോളം അവരുടെ നിത്യോപയോഗ വസ്തുക്കളില്‍ 66 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ് ടി പൂജ്യമോ 5 ശതമാനമോ ആകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ ഉപയോഗിക്കുന്ന 32.2 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ് ടി പൂജ്യമാണ്. പുതിയ നികുതി ഘടന വരുന്നതോടെ ഇത് 32.9 ശതമാനമായി നേരിയ തോതില്‍ വര്‍ധിക്കും. എന്നാല്‍ 5% സ്ലാബില്‍ എത്തുന്ന ഉല്‍പ്പന്നങ്ങള്‍ കുത്തനെ ഉയരും.നിലവില്‍ 18.2 ശതമാനം ഉല്‍പ്പന്നങ്ങളാണ് ഈ വിഭാഗത്തിലുള്ളത് ഇത് 33.3 ശതമാനമായി ഉയരും. നിലവില്‍ 12 ശതമാനം സ്ലാബിലുള്ള 10.8 ശതമാനം ഉല്‍പ്പന്നങ്ങള്‍ 5 ശതമാനത്തിലേക്കോ പൂജ്യം ജിഎസ് ടിയിലേക്കോ എത്തും. 18 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്ന ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയും. ഇതോടെ മൊത്തത്തിലുള്ള വീട്ടുചിലവ് കുറയും.
എന്തിനെല്ലാം കുറയും
നിത്യോപയോഗ സാധനങ്ങള്‍, സേവനങ്ങള്‍ എന്നിവയ്ക്കുള്ള ചിലവ് കുറയും. സലൂണ്‍, സ്പാ, ജിം, യോഗ എന്നിവയ്ക്കെല്ലാം ഉണ്ടായിരുന്ന 18 ശതമാനം ജിഎസ് ടി 5 ശതമാനമായി കുറയും. 2,000 രൂപ സലൂണില്‍ ബില്‍ വരുമ്പോള്‍ 360 രൂപ ജിഎസ് ടി കൊടുത്തിരുന്നവര്ക്ക ഇനി 100 രൂപ കൊടുത്താല്‍ മതിയാകും. പക്ഷേ ബിസിനസുകള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നഷ്ടമാകും.
നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുറയും. സോപ്പ്, ഷാംപൂ, ഷേവിംഗ് ക്രീം, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, മുഖത്തിടുന്ന പൗഡറുകള്‍, എന്നിവയെല്ലാം 5 ശതമാനം ജിഎസ് ടി എന്ന സ്ലാബിലേക്ക് വരും. ഡോക്ടറുടെ നിര്‍ദ്ദേശത്തോട് കൂടിയ കണ്ണടകള്‍ക്ക് വില ജിഎസ് ടി 12-18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയും. സൈക്കിളിനും അതിന്റെ ഭാഗങ്ങള്‍ക്കും 12 ശതമാനത്തില്‍ നിന്നും ജിഎസ് ടി 5 ശതമാനമാകും.
പക്ഷേ ഫുഡ് ഡെലിവറികള്‍ക്ക് ഇനി ചാര്‍ജ് കൂടിയേക്കും. സെപ്റ്റംബര്‍ 22 മുതല്‍ അവര്‍ക്ക് ഡെലിവറി ചാര്‍ജില്‍ 18 ശതമാനം ജിഎസ് ടി ആകും. സൊമാറ്റോ, സ്വിഗ്ഗി അടക്കം ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം അനുസരിച്ച് ഓര്‍ഡറുകളില്‍ 2 രൂപ മുതല്‍ 2.6 രൂപ വരെ വര്‍ധനയുണ്ടാകാം.




