UPI ഇടപാടുകളുമായി ബന്ധപ്പെട്ട് മെർച്ചൻറ് ഡിസ്കൗണ്ട് റേറ്റ് Discount Rate (MDR) വീണ്ടും ചർച്ചയാകുമ്പോൾ സാധാരണ ഉപയോക്താക്കളുടെ പ്രധാന ആശങ്ക—UPI വഴി പണം അയയ്ക്കുന്നതിനും ഇനി ഫീസ് നൽകേണ്ടിവരുമോ? എന്നാണ്. എന്നാൽ നിർദേശിക്കപ്പെടുന്ന ഘടന എല്ലാ UPI ഇടപാടുകൾക്കും ബാധകമാകുന്ന പൊതുവായ ഫീസല്ല. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള (P2P) ഇടപാടുകളും ₹2,000 വരെയുള്ള നിശ്ചിത വ്യാപാരി ഇടപാടുകളും zero-MDR പരിധിയിൽ തുടരും.
എന്താണ് MDR?
മെർചൻ്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ MDR എന്നത് ഉപഭോക്താവിൽ നിന്ന് നേരിട്ട് ഈടാക്കുന്ന UPI ട്രാൻസാക്ഷൻ ഫീസല്ല. വ്യാപാരി പേയ്മെന്റ് സംവിധാനത്തിലെ വിവിധ പങ്കാളികൾക്കിടയിൽ നൽകുന്ന ചാർജാണിത്. സാധാരണയായി MDR വ്യാപാരിക്ക് ലഭിക്കേണ്ട തുകയിൽ നിന്നാണ് കുറയ്ക്കുന്നത്. അതിനാൽ ഉപഭോക്താവ് UPI വഴി പണം നൽകുമ്പോൾ പ്രത്യേക MDR ഫീസ് നൽകേണ്ടതില്ല.
₹2,000 ആണ് പ്രധാന പരിധി
പ്രസ്താവിത ഘടനയിൽ ₹2,000ന് മുകളിലുള്ള നിശ്ചിത P2M (Person-to-Merchant) ഇടപാടുകൾക്ക് 0.4% MDR ആണ് പ്രധാനമായി ചർച്ച ചെയ്യുന്നത്. ₹2,000 അല്ലെങ്കിൽ അതിൽ താഴെയുള്ള വ്യാപാരി ഇടപാടുകൾ ഇതിൽ നിന്ന് ഒഴിവാക്കപ്പെടും.
ഉദാഹരണത്തിന്:
₹3,000 ഇടപാട് — MDR ₹12
₹5,000 — MDR ₹20
₹10,000 — MDR ₹40
₹75,000 വരെ ഇടപാട് തുകയ്ക്ക് MDR പരമാവധി ₹300 ആയി പരിമിതപ്പെടുത്തുന്ന ക്യാപും നിർദേശത്തിലുണ്ട്.
₹5,000 സുഹൃത്തിന് അയച്ചാൽ MDR ഇല്ല
P2P, P2M ഇടപാടുകൾ തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ പ്രധാനം. ഒരാൾ മറ്റൊരാൾക്ക് UPI വഴി ₹5,000, ₹50,000 തുടങ്ങിയ തുക അയയ്ക്കുന്നത് P2P ഇടപാടാണ്. ഇതിന് 0.4% MDR ബാധകമല്ല.
അതായത്, ₹5,000 UPI വഴി അയച്ചാൽ ₹20 ഫീസ് നൽകണം എന്ന തരത്തിലുള്ള വ്യാഖ്യാനം തെറ്റാണ്. ₹20 എന്നത് MDR ബാധകമായ ₹5,000യുടെ വ്യാപാരി ഇടപാടിനുള്ള കണക്കാണ്.
സാധാരണ UPI പേയ്മെന്റുകളെ എത്രമാത്രം ബാധിക്കും?
ശരാശരി P2M ഇടപാട് മൂല്യം ഏകദേശം ₹577 മാത്രമാണ്. അതിനാൽ സാധാരണ ചെറുകിട വ്യാപാര ഇടപാടുകളുടെ വലിയൊരു വിഭാഗവും ₹2,000 പരിധിക്ക് താഴെയാണ്.
ധനമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ₹2,000 വരെയുള്ള ഇടപാടുകളും zero-MDR ചട്ടക്കൂടിൽ വരുന്ന ഇടപാടുകളും ഒഴിവാക്കിയാൽ ഏകദേശം 96% P2M ഇടപാടുകളെയും മാറ്റം ബാധിക്കില്ല.
ചെറുകിട വ്യാപാരികൾക്ക് ഇളവ്
നിശ്ചിത P2PM വിഭാഗത്തിൽ UPI QR വഴി പ്രതിമാസം ₹1 ലക്ഷം വരെ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് zero MDR തുടരും.
അതേസമയം, റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഇൻപുട്ടുകൾ തുടങ്ങിയ നിശ്ചിത മേഖലകളിൽ ₹2,000ന് മുകളിലുള്ള ഇടപാടുകൾക്ക് 0.4%ന് പകരം ₹5 ഫ്ലാറ്റ് MDR ആണ് നിർദേശിക്കുന്നത്.
മ്യൂച്വൽ ഫണ്ട്, സെക്യൂരിറ്റീസ്, സ്റ്റോക്ക് ബ്രോക്കർമാർ, ഡീലർമാർ തുടങ്ങിയ വിഭാഗങ്ങളിൽ 0.02% MDR, പരമാവധി ₹300 എന്ന പരിധിയോടെയാണ് നിർദേശിച്ചിരിക്കുന്നത്.
MDR നികുതിയല്ല
MDR സർക്കാർ ഈടാക്കുന്ന നികുതിയല്ല, ഉപഭോക്താവിൽ നിന്ന് നേരിട്ട് ഈടാക്കുന്ന ചാർജുമല്ല. പേയ്മെന്റ് ഇക്കോസിസ്റ്റത്തിലെ വിവിധ പങ്കാളികൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്ന വ്യാപാരി പേയ്മെന്റ് ചാർജാണിത്.
Zero-MDR സംവിധാനം നിലനിർത്തുന്നതിനും സർക്കാർ സാമ്പത്തിക പിന്തുണ നൽകിയിട്ടുണ്ട്. 2025 മാർച്ചിൽ കുറഞ്ഞ മൂല്യമുള്ള UPI P2M ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ₹1,500 കോടിയുടെ incentive scheme കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു.
NPCIയുടെ കണക്കുകൾ പ്രകാരം 2026 ഓഗസ്റ്റിൽ UPI വഴി 24,508.96 മില്യൺ ഇടപാടുകൾ നടന്നു.
ഉപയോക്താവ് അറിയേണ്ടത്
UPI MDR മാറ്റത്തെ “UPIക്ക് ഫീസ് ഏർപ്പെടുത്തി” എന്ന് മാത്രം വിശേഷിപ്പിക്കുന്നത് കൃത്യമല്ല. P2P ഇടപാടുകൾക്കും ₹2,000 വരെയുള്ള നിശ്ചിത വ്യാപാരി ഇടപാടുകൾക്കും MDR ഇല്ല. ₹2,000ന് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്കാണ് നിർദേശിത നിരക്കുകൾ ബാധകമാകുന്നത്.
അതുകൊണ്ട് ₹500, ₹1,000 പോലുള്ള സാധാരണ UPI പേയ്മെന്റുകൾക്കും സുഹൃത്തിനോ ബന്ധുവിനോ ₹5,000 അയയ്ക്കുന്നതിനും MDR ചുമത്തുന്നില്ല. മാറ്റം പ്രധാനമായും വ്യാപാരി പേയ്മെന്റ് സംവിധാനത്തിന്റെ സാമ്പത്തിക ഘടനയുമായി ബന്ധപ്പെട്ടതാണ്.




