ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്കിടയിലും ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയൊരു തുടക്കത്തിന് വഴിയൊരുക്കിയിട്ടുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ ചൈനയ്ക്കുള്ള വലിയ ആധിപത്യം ഇപ്പോഴും വലിയൊരു വെല്ലുവിളിയായി തുടരുന്നുണ്ട്.
അസംസ്കൃത സാധനങ്ങൾ ചൈനയിൽ നിന്ന്
ചൈനയിൽ നിന്നുള്ള ഇറക്കുമതി വലിയതോതിൽ വർദ്ധിച്ചതുമൂലം ഇന്ത്യയുടെ വ്യാപാരക്കമ്മി കോടിക്കണക്കിന് ഡോളറായി ഉയർന്നിട്ടുണ്ട്. ഇലക്ട്രോണിക്സ്, യന്ത്രസാമഗ്രികൾ, സോളാർ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ എന്നിവയ്ക്കായി ഇന്ത്യ ഇപ്പോഴും ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സ്വന്തം രാജ്യത്ത് നിർമ്മാണ മേഖല ശക്തിപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനാവശ്യമായ യന്ത്രങ്ങളും ഘടകങ്ങളും ചൈനയിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അതിനാൽ ചൈനയെ പൂർണ്ണമായി ഒഴിവാക്കുക എന്നത് എളുപ്പമല്ലെന്നും, ഈ ആശ്രയത്വം കുറയ്ക്കാൻ സെക്ടർ തിരിച്ചുള്ള പ്രത്യേക നയങ്ങളും ദീർഘകാല പദ്ധതികളും ഇന്ത്യക്ക് ആവശ്യമാണ് .
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന്
ഇന്ത്യയുടെ വിദേശവ്യാപാര മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ (ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ) റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 57 ശതമാനം വരെ വർദ്ധിച്ചു. 4,144 കോടി ഡോളറിന്റെ സാധനങ്ങളാണ് ഈ കാലയളവിൽ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. റഷ്യയിൽ നിന്ന് പ്രധാനമായും അസംസ്കൃത എണ്ണ , വിവിധതരം വളങ്ങൾ, സസ്യ എണ്ണകൾ എന്നിവയാണ് വലിയ അളവിൽ ഇന്ത്യ വാങ്ങുന്നത്. 2022-ൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വൻതോതിൽ ഉയർത്തിയതാണ് ഈ പെട്ടെന്നുള്ള വർദ്ധനവിന് പ്രധാന കാരണം.
റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഉയർന്നുവെങ്കിലും, ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സാധനങ്ങൾ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈന തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 6,549 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ചൈനയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. തൊട്ടുപിന്നിൽ റഷ്യ രണ്ടാം സ്ഥാനത്തും, അമേരിക്കയും യു.എ.ഇയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമുണ്ട്. അതേസമയം, ഇന്ത്യയിൽ നിർമ്മിക്കുന്ന സാധനങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് അമേരിക്കയാണ് (4,279 കോടി ഡോളർ). അമേരിക്കയ്ക്ക് പുറമെ യു.എ.ഇ, ചൈന, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്ന് വലിയ തോതിൽ കയറ്റുമതി നടക്കുന്നുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ബംഗ്ലാദേശാണ്.
ഇന്ത്യക്കും കയറ്റുമതി കൂട്ടണം
റഷ്യയിൽ നിന്നും ചൈനയിൽ നിന്നും വലിയ തുകയ്ക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഈ രാജ്യങ്ങളിലേക്ക് വിൽക്കുന്നത് (കയറ്റുമതി) വളരെ കുറവാണ്. ഇത് വ്യാപാര രംഗത്ത് വലിയൊരു അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് റഷ്യയിലും ചൈനയിലും കൂടുതൽ വിപണി സൗകര്യം ലഭിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഇന്ത്യയുടെ വാണിജ്യ മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലും ഈ വ്യാപാര കമ്മി പരിഹരിക്കുന്നതിനെക്കുറിച്ചും വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ട്.
English Summary
China remains India's top import source despite border tensions, while crude oil purchases from Russia surged 57%. India now seeks greater market access in both nations to reduce widening trade deficits.




