ലോകത്തിലെ പ്രധാന വളർന്നുവരുന്ന സാമ്പത്തിക ശക്തികളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവർ ഉൾപ്പെടുന്ന രാജ്യങ്ങളുടെ വാർഷിക കൂട്ടായ്മയാണ് ബ്രിക്സ് ഉച്ചകോടി . ഈ രാജ്യങ്ങളിലെ ഭരണത്തലവന്മാർ ഒന്നിച്ചിരുന്ന് സാമ്പത്തിക വളർച്ച, ആഗോള വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും പരസ്പരം സഹകരിച്ച് മുന്നേറാനുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. ലോകജനസംഖ്യയുടെയും സാമ്പത്തിക മേഖലയുടെയും വലിയൊരു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ഈ കൂട്ടായ്മ, വികസ്വര രാജ്യങ്ങളുടെ ശബ്ദം ആഗോളതലത്തിൽ ഉയർത്താനും പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ആധിപത്യത്തിന് ബദലായി ഒരു പൊതുവേദി ഒരുക്കാനും ആണ് ഇവർ ലക്ഷ്യമിടുന്നത് .
ഇന്ത്യക്ക് നേട്ടം
ന്യൂഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും വലിയൊരു നയതന്ത്ര വിജയമാക്കാൻ ഇന്ത്യക്ക് സാധിച്ചു. അംഗരാജ്യങ്ങൾക്കിടയിൽ പല പ്രമുഖ വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങൾ ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും, അംഗരാജ്യങ്ങളെ എല്ലാം ഒന്നിപ്പിച്ച് ന്യൂഡൽഹി പ്രഖ്യാപനം സമവായത്തിലൂടെ പാസാക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ വിദേശകാര്യ നയതന്ത്രത്തിന്റെ മികവായി വിലയിരുത്തപ്പെടുന്നു.
അമേരിക്കൻ ശത്രുത ഇല്ല
ഇന്ത്യ കൈവരിച്ച അഞ്ച് പ്രധാന വിജയങ്ങളിൽ ഒന്നാമത്തേത് പശ്ചിമേഷ്യൻ വിഷയത്തിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന ഇറാനെയും യു.എ.ഇയെയും ഉച്ചകോടിയുടെ വേദിയിൽ ഒരുമിപ്പിക്കാൻ കഴിഞ്ഞതാണ്. ഇതിനുപുറമെ, പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ഉച്ചകോടി ശക്തമായ ഭാഷയിൽ അപലപിച്ചത് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ആഗോള തലത്തിൽ വലിയ പിന്തുണ നൽകി. റഷ്യ, ചൈന തുടങ്ങിയ ശക്തികൾ നിലനിൽക്കുന്ന ഈ കൂട്ടായ്മയെ വെറുമൊരു അമേരിക്കൻ വിരുദ്ധ അച്ചുതണ്ടായി മാറാൻ അനുവദിക്കാതെ, വികസ്വര രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയുടെയും പൊതുവേദിയായി നിലനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.
നയതന്ത്രം ശ്രദ്ധേയം
വിവിധ മേഖലകളിൽ വ്യത്യസ്ത താല്പര്യങ്ങളുള്ള രാജ്യങ്ങൾ ഒന്നിച്ചെത്തിയിട്ടും, ആഗോള ഭരണപരിഷ്കാരം, വിതരണ ശൃംഖലകളുടെ ശക്തിപ്പെടുത്തൽ, ഡിജിറ്റൽ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ പ്രധാന മേഖലകളിൽ തടസ്സമില്ലാത്ത സഹകരണം ഉറപ്പാക്കാൻ ഈ ഉച്ചകോടിയിലൂടെ സാധിച്ചു. ചുരുക്കത്തിൽ, അംഗരാജ്യങ്ങളുടെ എണ്ണം കൂടിയതോടെ ഉണ്ടായേക്കാമായിരുന്ന അഭിപ്രായവ്യത്യാസങ്ങളെയും വ ഭിന്നതകളെയും ഇന്ത്യ തങ്ങളുടെ നയതന്ത്ര മികവിലൂടെയും ക്രിയാത്മകമായ നേതൃത്വത്തിലൂടെയും വലിയൊരു കൂട്ടായ കരുത്താക്കി മാറ്റിയെടുക്കുകയായിരുന്നു.




