വ്യവസായ-വാണിജ്യ മേഖലകളില്‍ സ്ത്രീകളുടെ നേതൃപാടവം ഉറപ്പാക്കാനും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് സി.ഐ.ഐ ഇന്ത്യന്‍ വിമെന്‍ നെറ്റ്വര്‍ക്ക് (IWN) സംഘടിപ്പിക്കുന്ന ഏഴാം വാര്‍ഷിക നേതൃത്വ സംഗമത്തിന് ‘സേ യെസ് 2026’ (SAY YES) കൊച്ചിയില്‍ തുടക്കമായി. ‘മാറ്റത്തിന് നേതൃത്വം നല്‍കുക, ഭാവിയെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടി സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ അഡ്വ. സംഗീത വിശ്വനാഥന് ഉദ്ഘാടനം ചെയ്തു.
മൂല്യാധിഷ്ഠിതമാകണം നേതൃത്വം
സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോഴും മൂല്യങ്ങളിലും ധാര്‍മ്മികതയിലും വിട്ടുവീഴ്ച ചെയ്യാത്ത നേതൃത്വമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അഡ്വ. സംഗീത വിശ്വനാഥന് പറഞ്ഞു. ‘സ്ത്രീകള്‍ ഇപ്പോള്‍ അവസരങ്ങള്‍ക്കായി കാത്ത് നില്ക്കുകയല്ല, മറിച്ച് തങ്ങള്‍ക്കായി സ്വന്തം ഇടങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒരു സ്ത്രീ ഉയര്‍ച്ച കൈവരിക്കുമ്പോള്‍ അവള് തനിച്ചല്ല വളരുന്നത്; ഒരു സമൂഹത്തിന് മുഴുവന്‍ പ്രയോജനപ്പെടുന്ന രീതിയില്‍ സാഹചര്യം ഒരുക്കുകയാണ് അവള് ചെയ്യുന്നത്,’ – അവര്‍ കൂട്ടിച്ചേര്‍ത്തു. ഐ.ഡബ്ല്യു.എന്‍ പോലുള്ള വേദികള്‍ സ്ത്രീകള്‍ക്ക് പരസ്പരം താങ്ങും തണലുമാകാന്‍ സഹായിക്കുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
നിര്‍മ്മാണ മേഖലയിലെ സ്ത്രീ പങ്കാളിത്തം
നിര്‍മ്മാണ മേഖലയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെങ്കിലും എന്‍ജിനീയറിങ് മേഖലയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ വരുന്നത് ശുഭസൂചനയാണെന്ന് വോള്‍വോ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഡിമിട്രോവ് കൃഷ്ണന് പറഞ്ഞു. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേക തൊഴില്‍ നയങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈപിടിച്ചുയര്‍ത്തുന്ന നെറ്റ്വര്‍ക്കിങ്
നെറ്റ്വര്‍ക്കിങ് എന്നാല്‍ വെറും പരിചയപ്പെടലുകള്ക്കപ്പുറം മറ്റൊരാളെ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള കരുത്തായി മാറണമെന്ന് ഐ.ഡബ്ല്യു.എന്‍ സതേണ്‍ റീജിയന് ചെയര്‍പേഴ്സണും റാണെ മദ്രാസ് സി.ഇ.ഒയുമായ ഗൗരി കൈലാസം പറഞ്ഞു. ഓരോ സ്ത്രീയും മറ്റൊരു സ്ത്രീയെ ഉന്നത സ്ഥാനത്തെത്താന്‍ സഹായിച്ചാല്‍ ഐ.ഡബ്ല്യു.എന്‍ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ജോലിയുടെ തുടക്കത്തില്‍ മികച്ച സ്ത്രീ പങ്കാളിത്തം കാണാമെങ്കിലും സീനിയര്‍ തസ്തികകളില്‍ സ്ത്രീകള്‍ കുറവാണെന്ന് സി.ഐ.ഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് വി.കെ.സി റസാഖ് പറഞ്ഞു. കുടുംബത്തിന് മുന്‍ഗണന നല്കുന്ന തൊഴില്‍ നയങ്ങളും പ്രത്യേക പരിശീലനങ്ങളും വഴി ഈ വിടവ് നികത്താന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ഐ.ഡബ്ല്യു.എന്നിന്റെയും വിവിധ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഐ.ഡബ്ല്യു.എന്‍ സതേണ്‍ റീജിയന് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ശിവപ്രിയ ബാലഗോപാല്‍ ചടങ്ങില്‍ കൃതജ്ഞത രേഖപ്പെടുത്തി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 220-ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന സംഗമത്തില്‍ ഇന്നൊവേഷന്, സസ്റ്റൈനബിലിറ്റി, മെന്റര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
English Summary
The 7th edition of the annual leadership summit, 'SAY YES 2026', organized by the CII Indian Women Network (IWN), commenced in Kochi. Focused on the theme 'Lead the Change, Shape the Future,' the event aims to enhance women's leadership and ensure equal participation in the industrial and commercial sectors.
The summit was inaugurated by Adv. Sangeetha Viswanathan, Chairperson of the Spices Board, who emphasized that modern leadership must be rooted in values and ethics. Other prominent speakers, including Dimitrov Krishnan (MD, Volvo CE India) and V.K.C. Razak (Chairman, CII Kerala State Council), discussed the need for gender-sensitive labor policies to bridge the gap in senior management roles. Over 220 delegates from South India are participating in the two-day event, focusing on innovation, sustainability, and mentorship.




