ഏതൊരു സംരംഭകനും എളുപ്പത്തില്‍ വായ്പ എടുക്കാവുന്ന ഒരു പദ്ധതിയാണ് ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് അഥവാ ടി എഫ് ആര്. വ്യവസായം, വ്യാപാരം, സേവനം തുടങ്ങി സംരംഭം എന്തുമാകട്ടെ എളുപ്പത്തില്‍ വായ്പയെടുക്കാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗമാണിത്. വ്യവസായ വകുപ്പ് വ്യാപകമായി നടപ്പാക്കി വരുന്ന വായ്പാ പദ്ധതിയാണ് ടി എഫ് ആര്. വായ്പാ തുകയ്ക്ക് പരിധിയില്ല. എത്ര ചെറിയ തുക മുതല്‍ എത്ര വലിയ തുകയും പദ്ധതി പ്രകാരം വായ്പയായി എടുക്കാം.
പരിശോധിക്കുന്നത് സാധ്യതകള്‍
അപേക്ഷയില്‍ മുഖ്യമായും പരിശോധിക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ഈ സംരംഭം വിജയിക്കുമോ ഇല്ലയോ എന്നുള്ളതാണ്. അതിന്റെ വിപണി, വില, ഉല്‍പ്പന്നങ്ങളുടെ കിടമത്സരം എന്നിവയെല്ലാം സാമ്പത്തിക സാധ്യതയില്‍ പരിശോധിക്കപ്പെടും. അതോടൊപ്പം സാങ്കേതികമായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ടെക്നോളജി, സാങ്കേതിക പരിചയം, സാങ്കേതികമായി വിജയിക്കാനുള്ള സാധ്യതകള്‍ എന്നിവയെല്ലാം പരിശോധിക്കും. ഈ ഘടകങ്ങള്‍ വിലയിരുത്തിയാണ് പദ്ധതി ശുപാര്‍ശ ചെയ്യുന്നത്.
വായ്പ ആനുകൂല്യങ്ങള്‍
- നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് വായ്പ ലഭിക്കും
- പുതു സംരംഭത്തിന് ഇത് പ്രകാരം വായ്പക്ക് അപേക്ഷിക്കാം
- നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിന് വായ്പ ലഭിക്കും
- വ്യാപാരം, സേവനം, വ്യവസായം എന്നിവയ്ക്കെല്ലാം വായ്പ ലഭിക്കും
- സമയ വായ്പ (ടേം ലോണ്‍), പ്രവര്‍ത്തന മൂലധന വായ്പ എന്നിവ ഒരുമിച്ചും പ്രത്യേകമായും എടുക്കാം
സ്ഥലം വാങ്ങാന്‍ വായ്പയില്ല
സ്വന്തം സ്ഥലമോ രജിസ്റ്റര്‍ ചെയ്ത ലീസ് എഗ്രിമെന്റ് ഉള്ള സ്ഥലമോ ആണെങ്കില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനും വായ്പ കിട്ടും. സാധാരണഗതിയില്‍ മെഷിനറി, ഇലക്ട്രിഫിക്കേഷന്, പ്രവര്‍ത്തന മൂലധനം എന്നിവയ്ക്കെല്ലാം വായ്പ കിട്ടും. എന്നാല്‍ വസ്തു വാങ്ങുന്നതിന് വായ്പ ലഭിക്കുകയില്ല.
അര്‍ഹത
ഉദ്യം രജിസ്ട്രേഷന് ഉള്ള എല്ലാ സംരംഭങ്ങള്‍ക്കും ടി എഫ് ആര് പദ്ധതി പ്രകാരം വായ്പക്ക് അര്‍ഹതയുണ്ട്. പ്രൊപ്രൈറ്ററി സ്ഥാപനങ്ങള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, എല്‍എല്‍പികള്‍ എന്നിവയ്ക്കെല്ലാം വായ്പ ലഭിക്കും. ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി പ്രകാരം പ്രത്യേക സെക്യൂരിറ്റി ഇല്ലാതെയും വായ്പ അനുവദിക്കും. ഇപ്രകാരം അനുവദിക്കാവുന്ന വായ്പയുടെ പരിധി 10 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്.
സബ്സിഡി ഇങ്ങനെ
പദ്ധതി പ്രകാരം പ്രത്യേക സബ്സിഡി പറയുന്നില്ല, എന്നാല്‍ ഇ എസ് എസ് പ്രകാരം 15% മുതല്‍ 45% വരെ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് സബ്സിഡിക്ക് അര്‍ഹതയുണ്ട്
പത്തുലക്ഷം രൂപയില്‍ അധികരിക്കാത്ത നിര്‍മ്മാണ-സേവന-മൂല്യ വര്‍ദ്ധക സംരംഭങ്ങള്‍ക്ക് നാനോ മാര്‍ജിന്‍ മണി ഗ്രാന്‍ഡ് പദ്ധതി പ്രകാരം 30 മുതല്‍ 40 ശതമാനം വരെ സബ്സിഡി ലഭിക്കും.
ഒരു ഭവനം ഒരു സംരംഭം പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെയുള്ള എല്ലാ സംരംഭ വായ്പകള്‍ക്കും ആറു ശതമാനം വരെ പലിശ ഇളവ് ലഭിക്കും. ഇത് അഞ്ചുവര്‍ഷം തുടര്‍ച്ചയായി ലഭിക്കും.
സംരംഭകന് നിബന്ധനകളില്ല
സംരംഭകന് പ്രായം, വിദ്യാഭ്യാസ യോഗ്യത, വാര്‍ഷിക വരുമാനം എന്നിവ സംബന്ധിച്ച് നിബന്ധനകള്‍ ഇല്ല. അതേസമയം സിബില്‍ സ്കോര്‍ ബാധകമായിരിക്കും.
സംരംഭകന്റെ വിഹിതം
സമയ വായ്പയ്ക്ക് കുറഞ്ഞത് 20 ശതമാനവും പ്രവര്‍ത്തന മൂലധന വായ്പക്ക് 40 ശതമാനവും സംരംഭകന്റെ വിഹിതമായി സാധാരണ രീതിയില്‍ കണ്ടെത്തേണ്ടിവരും.
പലിശ നിരക്ക്
അതത് ബാങ്കുകളുടെ പലിശ നിരക്ക് ആയിരിക്കും ബാധകമായിട്ടുള്ളത്. സാധാരണയായി 8.5% മുതല്‍ 12% വരെ ഇത് വരാറുണ്ട്.
അപേക്ഷയിലെ നടപടിക്രമങ്ങള്‍
പദ്ധതിക്ക് പ്രത്യേകമായ അപേക്ഷ ഫോറങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടില്ല. സ്ഥിര ആസ്തികള്‍ സമ്പാദിക്കുന്നതിന് ആവശ്യമായ ക്വട്ടേഷനുകള്‍, വിശദമായ പദ്ധതി രൂപരേഖ, ഉദ്യം രജിസ്ട്രേഷന്, സംരംഭകന്റെ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഹാജരാക്കണം. സ്വയം തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. കോര്പ്പറേഷന് / മുനിസിപ്പാലിറ്റി / ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഇപ്പോള്‍ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സേവനമനുഷ്ഠിക്കുന്ന ബിസിനസ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക സാധ്യതകള്‍ പരിശോധിച്ച് വായ്പയ്ക്കായി വ്യവസായ വകുപ്പ് ബാങ്കുകളിലേക്ക് ശുപാര്‍ശ ചെയ്യുന്നു. ബാങ്ക് അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വായ്പ അനുവദിക്കുന്നു. വായ്പ കൈപ്പറ്റി സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ഇ എസ് എസ് പോലുള്ള സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍, chandransreedaran@gmail.com)




