ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ചരിത്രത്തിലാദ്യമായി ഡോളറിന് 88.29 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നു. ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ പിഴച്ചുങ്കം രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് കറന്‍സിയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് കുറഞ്ഞത്. റഷ്യന്‍ എണ്ണ വാങ്ങുന്നെന്ന് ആരോപിച്ച് ട്രംപ് പ്രഖ്യാപിച്ച 25% പിഴച്ചുങ്കമടക്കം ആകെ 50% തീരുവയാണ് ഈ വാരം മുതല്‍ ഇന്ത്യ നേരിടുന്നത്.
ആര്‍ബിഐ ഇടപെടല്‍
ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 87.95 എന്ന റെക്കോഡാണ് രൂപ ഇന്ന് മറികടന്നത്. കറന്‍സിയുടെ മൂല്യം ക്രമാതീതമായി ഇടിഞ്ഞതോടെ റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെട്ടു. ആര്‍ബിഐ വിപണിയില്‍ ഇടപെട്ട് ഡോളര്‍ വിറ്റഴിക്കുകയും രൂപ വാങ്ങുകയും ചെയ്തതോടെ വൈകുന്നേരത്തോടെ ഡോളറിനെതിരെ 88.12 എന്ന നിലയിലേക്ക് കറന്‍സിയുടെ മൂല്യം മെച്ചപ്പെട്ടു.
2025 മോശം സമയം
2025 രൂപയ്ക്ക് അത്ര നല്ല വര്‍ഷമല്ല. എട്ട് മാസം കൊണ്ട് 3% ഇടിവാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി ഇത് രൂപയെ മാറ്റി. ഡോളറിനെതിരെ 0.54% മൂല്യ നഷ്ടമാണ് ചൈനീസ് കറന്‍സിയായ യുവാന്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ സംഭവിച്ചിരിക്കുന്നത്.
യുഎസ് താരിഫുകള്‍ ഒരു വര്‍ഷത്തേക്ക് നിലനിന്നാല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ നിന്ന് 60-80 ബേസിസ് പോയിന്റുകള്‍ കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സമ്പദ്വ്യവസ്ഥയില് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചേക്കും. അതേസമയം 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 6.5% വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ.
യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ജിഡിപിയുടെ 2.2% മാത്രമാണ്. എന്നാല്‍ തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ തൊഴില്‍ പ്രാധാന്യമുള്ള വ്യവസായങ്ങളിലെ മാന്ദ്യം തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുകയും സാമ്പത്തിക ആഘാതം കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.




