രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്ന രീതിയില്‍ നയം മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട്. വിശാലമായ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകളിലെ വിദേശീയര്‍ക്കുള്ള നിക്ഷേപ പരിധി ഉയര്‍ത്താന്‍ ആലോചിക്കുന്നത്.
വിദേശ നിക്ഷേപ പരിധി നിലവിലെ 20 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 51 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശം തന്നെയായിരിക്കും. ഈ നീക്കത്തിലൂടെ ബാങ്കിംഗ് മേഖലയിലേക്ക് കാര്യമായ മൂലധനം ഒഴുകിയെത്തുമെന്നാണ് കരുതപ്പെടുന്നത്. ആഗോള സൂചികകളുടെ ഭാഗമായ ബാങ്കുകള്‍ക്ക് ഇത് പ്രത്യേകിച്ച് ഗുണകരമാകും.
വിദേശ നിക്ഷേപ പരിധി 20 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്തിയാല്‍ ഏറ്റവും വലിയ നേട്ടം എസ്ബിഐക്ക് ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. MSCI, FTSE സൂചികകളുടെ ഭാഗമാണ് എസ്ബിഐ. FTSE ട്രാക്ക് ചെയ്ത ഫണ്ടുകളില്‍ നിന്നായി എസ്ബിഐയിലേക്ക് 554 ദശലക്ഷം ഡോളറില്‍ കൂടുതല്‍ മൂലധനമെത്താം. ബാങ്ക് ഓഫ് ബറോഡയും ദശലക്ഷക്കണക്കിന് ഡോളര്‍ ആകര്‍ഷിക്കും. 64 ദശലക്ഷം ഡോളറിന്റെ മൂലധന ഒഴുക്കാണ് ബാങ്ക് ഓഫ് ബറോഡയില്‍ പ്രതീക്ഷിക്കുന്നത്. കാനറ ബാങ്കില്‍ 55 ദശലക്ഷം ഡോളറിന്റെയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 7 ദശലക്ഷം ഡോളറും FTSE യിലൂടെ പ്രതീക്ഷിക്കുന്നു.
2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് ഈ ബാങ്കുകളില്‍ സര്‍ക്കാരിന് 57.42 ശതമാനം (എസ്ബിഐ) മുതല്‍ 94.61 ശതമാനം(ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്) വരെ ഓഹരിനിക്ഷേപമുണ്ട്. അതേസമയം ഈ ബാങ്കുകളില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള ഓഹരി അവകാശം വളരെ കുറവാണ്. കാനറ ബാങ്കില്‍ 11.38 ശതമാനവും എസ്ബിഐയില്‍ 9.33 ശതമാനവും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 0.08 ശതമാനവും വിദേശ ഓഹരി അവകാശമാണുള്ളത്.
വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരം നല്കുന്ന രീതിയില്‍ നയമാറ്റം ഉണ്ടായാല്‍ വിദേശീയര്‍ക്ക് ഇന്ത്യന്‍ ബാങ്കുകളിലെ ഓഹരി അവകാശം 20 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാനാകും.




