ഭരണഘടനയുടെ മുഖ്യ ശില്‍പ്പികളിലൊരാളായി, സാമൂഹ്യനീതിയുടെ കാവല്‍ മാലാഖയായി ഡോ. ബി ആര് അംബേദ്കറെ നാമെല്ലാമറിയും. മണ്മറഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഡോ. ഭീം റാവു അംബേദ്കറിന്റെ ദര്‍ശനങ്ങളില്‍ ഇന്നും സംവാദങ്ങള്‍ നടക്കുന്നത്, സാമൂഹ്യ മാധ്യമങ്ങളില്‍ അത് അനുരണനങ്ങളുണ്ടാക്കുന്നത് അദ്ദേഹത്തിന്റെ പ്രസക്തിയുടെ നേര്സൂചനകളാണ്. അടിയുറച്ച ദേശീയവാദിയായിരുന്ന ഡോ. അംബേദ്കര്‍, ഭാവി ഇന്ത്യ എങ്ങനെയായിരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാടോടു കൂടിയാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയുടെ സാമൂഹിക, ഭരണ നിര്‍വഹണ രംഗങ്ങളില്‍ മാത്രമല്ല സാമ്പത്തിക രംഗത്തും ശക്തമായ പരിവര്‍ത്തനത്തിന്റെ നാന്ദി കുറിച്ച വ്യക്തിത്വമാണ് ഡോ. അംബേദ്കറെന്ന് എന്നാല്‍ അധികമാര്‍ക്കുമറിയില്ല.
അദ്ദേഹത്തിന്റെ ഏറ്റവും ആഴമുള്ളതും, പൊതുവെ അവഗണിക്കപ്പെടുന്നതുമായ സംഭാവനകളിലൊന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) രൂപീകരണവുമായി ബന്ധപ്പെട്ടതാണ്. അംബേദ്കറുടെ സാമ്പത്തിക ചിന്തകളാണ് ആര്‍ബിഐക്കും ആധാരശിലയായത്.
ഗുരുതര പ്രതിസന്ധി
വളരെ സങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ബ്രിട്ടീഷ് ഇന്ത്യ കടന്നുപോകുന്നതിനാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ സാക്ഷ്യം വഹിച്ചത്.
കറന്‍സിയുടെ നിയന്ത്രണം പൂര്‍ണമായും ബ്രിട്ടീഷ് കോളനിവ്യവസ്ഥ നേരിട്ടാണ് കൈയാളിയിരുന്നത്. ബാങ്കിംഗ് സംവിധാനം അതീവ ദുര്‍ബലമായിരുന്നു. ലക്കും ലഗാനുമില്ലാതെ കൂടിയും കുറഞ്ഞും നില്ക്കുന്ന പണപ്പെരുപ്പമായിരുന്നു ഇതിന്റെയെല്ലാം അനന്തരഫലം. സാമ്പത്തിക പ്രതിസന്ധികള്‍ വ്യാപാരത്തെയും ജനജീവിതത്തെയും സാരമായി ബാധിച്ചു. കറന്‍സിയെയും വായ്പാ സംവിധാനത്തെയും ബാങ്കുകളെയും നിയന്ത്രിക്കാന്‍ ഒരു കേന്ദ്ര സ്ഥാപനം ഇല്ലാത്ത സാഹചര്യം.
അംബേദ്കറിന്റെ സാമ്പത്തിക പഠനം
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള പഠനമാണ് ഡോ. അംബോദ്കര്‍ നടത്തിയത്. ഈ വിവരങ്ങളെല്ലാം ക്രോഡീകരിച്ച് 1923 ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ അദ്ദേഹം തന്റെ ഡോക്ടറല്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചു. ‘The Problem of the Rupee: Its Origin and Its Solution’ (രൂപയുടെ പ്രശ്നം: ഉത്ഭവവും പരിഹാരവും) എന്ന പ്രബന്ധം പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
ഇന്ത്യയിലെ സാമ്പത്തിക സമ്പ്രദായത്തെക്കുറിച്ചുള്ള ഗൗരവമുള്ള ശാസ്ത്രീയ വിശകലനമായിരുന്നു ഇത്. രൂപയുടെ ചരിത്രപരമായ വികാസവും അതിലെ ഘടനാപരമായ ദൗര്‍ബല്യങ്ങളും ഇതില്‍ അദ്ദേഹം സൂക്ഷ്മമായി വിശദീകരിച്ചു. ഈ പ്രശ്നങ്ങള്‍ക്ക് വ്യക്തമായ പരിഹാര നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
ഉറച്ച നിലപാടുകള്‍
ഇന്ത്യയ്ക്ക് ക്വീന്‍സ് ട്രഷറി പോര, ഒരു സ്വതന്ത്ര കേന്ദ്ര ബാങ്ക് അനിവാര്യമാണെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടി. കറന്‍സി നിയന്ത്രണം സര്‍ക്കാരിന്റെ ദൈനംദിന ധനകാര്യ പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം വാദിച്ചു. നിയന്ത്രണമില്ലാതെ കറന്‍സി അച്ചടിച്ചാല്‍ അത് പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിംഗ് സംവിധാനത്തെ ശാസ്ത്രീയമായി നിയന്ത്രിക്കണം. ധന നയം രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മുക്തമാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ സംബന്ധിച്ച് മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ പരിഷ്കരിക്കാന്‍ ഉതകുന്ന ആശയങ്ങളായിരുന്നു ഇവ.
രൂപയുടെ വെള്ളി ബന്ധം
സുസ്ഥിരമായ ഒരു ആസ്തിയുടെ അടിസ്ഥാനം രൂപയ്ക്കില്ലെന്ന് അംബേദ്കര്‍ നിരീക്ഷിച്ചു. അന്താരാഷ്ട്ര വിപണിയില്‍ അങ്ങേയറ്റം ചാഞ്ചാട്ട സ്വഭാവം അക്കാലത്ത് പ്രകടിപ്പിച്ചിരുന്ന വെള്ളിയായിരുന്നു രൂപയുടെ അടിസ്ഥാനമായി ബ്രിട്ടീഷുകാര്‍ തെരഞ്ഞെടുത്തത്. രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടത്തിനും പണപ്പെരുപ്പത്തിനും കാരണം തേടി മറ്റെങ്ങും പോകണ്ടെന്ന് അദ്ദേഹം കുറിച്ചു.
ആഗോള വെള്ളി വിപണിയില്‍ ഇന്ത്യയുടെ പങ്ക് തുലോം കുറവായിരുന്നു. അന്താരാഷ്ട്ര വെള്ളിവില വീഴുമ്പോഴെല്ലാം ഒപ്പം ഇന്ത്യന്‍ രൂുപയും വീഴും. പണപ്പെരുപ്പം ഉയരാനും ജീവിതച്ചെലവുകള്‍ വര്‍ധിക്കാനും ജനങ്ങളുടെ സമ്പാദ്യം ഉരുകിയൊലിച്ചു പോകാനും ഇത് ഇടയാക്കി. അംബോദ്കര്‍ ഈ വാദങ്ങള്‍ ഉയര്‍ത്തുമ്പോഴും വെള്ളിയെ രൂപയുടെ അടിസ്ഥാനമാക്കമെന്ന വാദത്തില്‍ ബ്രിട്ടീഷുകാരില്‍ പലരും ഉറച്ചുനിന്നു.
വെള്ളിക്ക് പകരം സ്വര്‍ണത്തെ കറന്‍സിയുടെ അടിസ്ഥാനമാക്കണമെന്ന് ഡോ. ബി ആര് അംബേദ്കര്‍ നിര്‍ദേശിച്ചു. അന്താരാഷ്ട്ര ഇടപാടുകള്‍ക്കും കരുതലിനും മാത്രം സ്വര്‍ണം ഉപയോഗിക്കുക. ജനങ്ങളുടെ ഇടയില്‍ കറന്‍സി നോട്ടുകളും നാണയങ്ങളും പ്രചരിപ്പിക്കുക. ആധുനിക കാലത്ത് മിക്ക കേന്ദ്ര ബാങ്കുകളും പ്രവര്‍ത്തിക്കുന്നത് 1920 കളില്‍ അംബേദ്കര്‍ മുന്നോട്ടുവെച്ച ഈ മാതൃകയിലാണ്.
ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്
ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പരിഹാരം തേടി ബ്രിട്ടീഷ് അധിനിവേശ ഭരണകൂടം 1925 ല്‍ റോയല്‍ കമ്മീഷന് ഓണ്‍ ഇന്ത്യന്‍ കറന്‍സി ആന്‍ഡ് ഫിനാന്‍സ് എന്ന കമ്മീഷന് രൂപീകരിച്ചു. ഹില്‍ട്ടണ്‍ യംഗ് കമ്മീഷന് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഈ കമ്മീഷന് മുന്നില്‍ അംബേദ്കര്‍ ഹാജരായി. അദ്ദേഹത്തിന്റെ പുസ്തകം കമ്മീഷന് ഔദ്യോഗികമായി പഠനവിധേയമാക്കുകയും ചെയ്തു. കമ്മീഷനെ അംബേദ്കറുടെ സാമ്പത്തിക ആശയങ്ങള്‍ ഏറെ സ്വാധീനിച്ചു.
1926 ല്‍ സമര്‍പ്പിച്ച കമ്മീഷന് റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ച പ്രധാന ശുപാര്‍ശകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഇന്ത്യയ്ക്ക് ഒരു കേന്ദ്രബാങ്ക് സ്ഥാപിക്കണം
എന്നതായിരുന്നു ആദ്യ ശുപാര്‍ശ. കറന്‍സിയും വായ്പകളും ശാസ്ത്രീയമായി നിയന്ത്രിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. ശുപാര്‍ശകളില്‍ ഭൂരിഭാഗവും അംബേദ്കറിന്റെ ചിന്തകളുടെ പ്രതിഫലനമായിരുന്നു.
ആര്‍ബിഐ രൂപീകരിക്കുന്നു
ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1934 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1934 ല്‍ രൂപീകരിച്ചു. അംബേദ്കര്‍ ഒരു പതിറ്റാണ്ട് മുന്‍പ് മുന്നോട്ടുവച്ച തത്വങ്ങള്‍ ഈ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടു. ഇതനുസരിച്ച് കറന്‍സി അച്ചടിക്കാനുള്ള അധികാരം ആര്‍ബിഐയില്‍ നിക്ഷിപ്തമായി. സര്‍ക്കാരിന്റെ ഔദ്യോഗിക ബാങ്കര്‍ എന്ന സ്ഥാനവും റിസര്‍വ് ബാങ്കിന് ലഭിച്ചു. വിദേശ നാണ്യ വിനിമയം, രാജ്യത്തെ ബാങ്കുകളുടെ നിയമപരമായ നിയന്ത്രണം എന്നിവ ആര്‍ബിഐക്ക് കീഴിലായി. വായ്പാ വിതരണം പണപ്പെരുപ്പം വരുതിയിലാക്കല്‍ എന്നിവയും റിസര്‍വ് ബാങ്കിന്റെ ചുമതലയായി.
1935 ഏപ്രില്‍ 1 ന് സര്‍വ പ്രതാപത്തോടും കൂടി ആര്‍ബിഐ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം ആസ്ഥാനം മുംബൈയിലേക്ക് മാറ്റി.
സ്റ്റേറ്റ് ബാങ്കുകള്‍
ഹൈദരാബാദ് നൈസാം മുതല്‍ തിരുവിതാംകൂര്‍ രാജാവ് വരെയുള്ളവര്‍ ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങള്‍ക്കെല്ലാം അക്കാലത്ത് സ്വന്തമായി കേന്ദ്ര ബാങ്കുകളുണ്ടായിരുന്നു. വലിയ അളവിലാണ് നാട്ടുരാജാക്കാന്മാര് സ്വര്‍ണവും സമ്പത്തും സൂക്ഷിച്ചിരുന്നത്. റിസര്‍വ് ബാങ്ക് വന്നതോടെ ഈ ബാങ്കുകളെല്ലാം ആര്‍ബിഐയുടെ നിയന്ത്രണത്തിലായി. ഇന്ത്യയുടെ ഏകീകരണത്തിന് വലിയതോതില്‍ സഹായിച്ച നടപടികളിലൊന്നായിരുന്നു ഇത്. സ്വാതന്ത്ര്യ പ്രഖ്യാപന കാലത്ത് സര്‍ദാര്‍ പട്ടേലിന്റെ ഉരുക്കു മുഷ്ടിക്ക് മുന്നില്‍ പല നാട്ടുരാജ്യങ്ങളും വഴങ്ങിയതിനു പിന്നില്‍ സാമ്പത്തികമായി മേല്‍ക്കോയ്മ നഷ്ടപ്പെട്ടതും ഒരു കാരണമാണ്. പണവും സ്വര്‍ണവും സ്വാധീനവുമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ പല നാട്ടുരാജാക്കാന്മാരും ഒരുപക്ഷേ ഇന്ത്യക്കെതിരെ ആയുധമെടുത്തേനെ. അല്ലെങ്കില്‍ സ്വര്ണശേഖരമപ്പാടെയെടുത്ത് വിദേശത്തേക്ക് കടക്കാനും സാധ്യതയുണ്ടായിരുന്നു.
തമസ്കരിക്കപ്പെട്ടോ?
സാമ്പത്തിക രംഗത്തെ അംബേദ്കറുടെ സംഭാവനകള്‍ തമസ്കരിക്കപ്പെട്ടോ എന്ന സംശയം പലര്‍ക്കുമുണ്ടാകും. എന്നാല്‍ സാമൂഹ്യമായും ഭരണഘടനാപരവുമായും വളര്‍ന്നു വിരാടരൂപം പ്രാപിച്ച അംബേദ്കറുടെ പ്രതിച്ഛായയുടെ തന്നെ നിഴലില്‍ പെട്ട് മറഞ്ഞുപോയതാണ് ധനകാര്യ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍. വാസ്തവത്തില്‍ ആര്‍ബിഐ യാഥാര്‍ത്ഥ്യമാക്കിയത് ബ്രിട്ടീഷുകാരാണെങ്കിലും അതിന് ദിശ നല്‍കിയത് അംബേദ്കറിന്റെ കരുത്തുറ്റ സാമ്പത്തിക ചിന്തകളാണ്.




