ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് പൂട്ട് വീഴാനിരിക്കെ കളി വിട്ട് മണിയിലേക്ക് ചേക്കേറാന്‍ ഡ്രീം സ്പോര്‍ട്സ്. ഡ്രീം മണി എന്ന പേരില്‍ പുതിയ പേഴ്സണല്‍ ഫിനാന്‍സ് ആപ്പ് പുറത്തിറക്കുന്നതിന് മുമ്പായുള്ള പരീക്ഷണം ഡ്രീം സ്പോര്‍ട്സ് ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകള്‍ക്ക് സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താനും സ്ഥിര നിക്ഷേപങ്ങള്‍ നടത്താനും ദിവസം തോറുമുള്ള ചിലവുകള്‍ രേഖപ്പെടുത്തിവെക്കാനും സഹായകമാകുന്ന ആപ്പ് ആയിരിക്കും ഡ്രീം മണി എന്ന് മണികണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രണത്തില്‍ കൊണ്ടുവരിയും മണി ഗെയിമുകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ഡ്രീം സ്പോര്‍ട്സ് ഡ്രീം11 ഉള്‍പ്പടെ പണം കൊടുത്തുള്ള എല്ലാ കളികളും അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ സൗജന്യ സോഷ്യല്‍ ഗെയിമുകള്‍ മാത്രമാണ് ഡ്രീം സ്പോര്‍ട്സ് നല്‍കുന്നത്. നിയമം അംഗീകരിക്കുന്നുവെന്നും എല്ലാ പെയ്ഡ് ഗെയിമുകളും നിര്‍ത്തലാക്കുന്നതായും വെള്ളിയാഴ്ച തന്നെ കമ്പനി വ്യക്തമാക്കി.
ഡ്രീം മണി
ഡ്രീം മണി ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് കേവലം 10 രൂപ മുതലുള്ള തുകകള്‍ക്ക് ദിവസ തവണയായോ മാസ തവണയായോ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുകയോ അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP) ആരംഭിക്കുകയോ ചെയ്യാം. ഡിജിറ്റല്‍ ഗോള്‍ഡ് ട്രേഡിംഗ് പ്ലാറ്റ്ഫോമായ ഒഗ്മന്റുമായി ചേര്‍ന്നാണ് ഡ്രീം സ്പോര്‍ട്സ് ഡ്രീം മണി സേവനം നല്‍കുന്നത്. കൂടാതെ 1000 രൂപ മുതലുള്ള തുകകളില്‍ സ്ഥിരനിക്ഷേപം നടത്താനുള്ള സൗകര്യവും ഈ ആപ്പ് നല്‍കുന്നുണ്ട്. ഇതിനായി ബാങ്ക് അക്കൗണ്ട് വേണ്ടതില്ല. ഏത് സമയവും പണം പിന്‍വലിക്കുകയും ചെയ്യാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.




