സ്വയം പര്യാപ്തതയില്‍ ഒരു പടി മുന്നോട്ടുപോയി ഒല ഇലക്ട്രിക്. സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിച്ച 4680 ഭാരത് സെല്ലിന്റെ പ്രഖ്യാപനം കമ്പനി സ്ഥാപകനും ചെയര്‍മാനുമായ ഭവിഷ് അഗര്‍വാള്‍ നടത്തി. നിലവിലെ മോഡലുകളായ SI പ്രോ പ്ലസ് സ്കൂട്ടറിലും റോഡ്സ്റ്റര്‍ X പ്ലസ് മോട്ടോര്‍സൈക്കിളിലും ഈ സെല്‍ സന്നിവേശിപ്പിക്കും. കൂടാതെ SI പ്രോ സ്പോര്‍ട്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രഖ്യാപനവും അത്യാധുനിക സ്പോര്‍ട്സ് സ്കൂട്ടര്‍ ഡയമണ്ട്ഹെഡിന്റെ പ്രഖ്യാപനവും നടന്നു. 2027 പകുതിയോടെ ഡയമണ്ട്ഹെഡ് വിപണിയില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. 5 ലക്ഷം രൂപയായിരിക്കും വില. ഈ വാഹനങ്ങളെല്ലാം തന്നെ തദ്ദേശീയമായി വികസിപ്പിച്ച ബാറ്ററി സെല്ലില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും.
ഈ നവരാത്രി മുതല്‍ തദ്ദേശീയമായി വികസിപ്പിച്ച സെല്ലുകളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വിതരണം ചെയ്തുതുടങ്ങുമെന്ന് ഭവിഷ് അഗര്‍വാള്‍ അറിയിച്ചു. ഇലക്ട്രിക് വാഹനത്തിന്റെ ഹൃദയം തന്നെ സെല്ലാണെന്നും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച ഈ സെല്ലുകള്‍ വാഹനത്തിന്റെ പ്രകടനവും വേഗത്തിലുള്ള ചാര്‍ജിംഗും മെച്ചപ്പെടുത്തുക മാത്രമല്ല, എല്ലാം ഇവിടെ തന്നെ നിര്മ്മിക്കുന്നവയായതുകൊണ്ട് ചിലവ് കുറയുകയും ചെയ്യും, ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
സ്വന്തം ബാറ്ററികള്‍ ഉപയോഗത്തില്‍ വരുന്നതോടെ ഒല വാഹനങ്ങളുടെ വില കുറയുമെന്ന പ്രഖ്യാപനവും ഭവിഷ് അഗര്‍വാള്‍ നടത്തി. SI പ്രോ പ്ലസ്സിന് രണ്ട് ലക്ഷം രൂപയില്‍ നിന്ന് 1.70 ലക്ഷമായും റോഡ്സ്റ്റര്‍ Xന് 2.25 ലക്ഷത്തില്‍ നിന്ന് 1.89 ലക്ഷമായും വില കുറയും.
100 എക്കറിലെ വമ്പന്‍ ഫാക്ടറി
2,800 കോടി രൂപ മുതല്‍മുടക്കില്‍ 100 ഏക്കര്‍ സ്ഥലത്താണ് ഒലയുടെ വമ്പന്‍ Giga ഫാക്ടറി. തുടക്കത്തില്‍ 5 ജിഗാവാട്ട് ആയിരിക്കും ഇതിന്റെ കപ്പാസിറ്റി, ഇത് 100 ജിഗാവാട്ട് വരെയായി വികസിപ്പിക്കാനാകും. സങ്കല്‍പ്പ് 2025-ല്‍ 4680, 46100, 46120 സെല്ലുകള്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സെല്ലുകളെ അപേക്ഷിച്ച് 5, 7 ഇരട്ടി കപ്പാസിറ്റിയുള്ളവയാണ് അവസാന രണ്ട് സെല്ലുകള്‍. 4680 ഭാരത് സെല്‍ 15 മിനിട്ട് കൊണ്ട് 20 ശതമാനത്തില്‍ നിന്ന് 80 ശതമാനത്തിലേക്ക് ഹൈപ്പര്‍ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
നിലവില്‍ ചൈന, തായ്വാന്, ജപ്പാന്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ലിഥിയം അയേണ്‍ സെല്ലുകളെയാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായ മേഖല ആശ്രയിക്കുന്നത്.




