ഇലക്ട്രിക് വാഹന വിപണിയിലേക്ക് അല്‍പ്പം ലേറ്റായാലും ലേറ്റസ്റ്റായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുക്കിയുടെ ശക്തമായ എന്‍ട്രി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-വിറ്റാര അഹമ്മദാബാദിലെ ഹന്‍സല്‍പൂരിലെ സുസുക്കി മോട്ടോര്‍ പ്ലാന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഇതോടെ ഇ-വിറ്റാരയുടെ വാണിജ്യ ഉല്‍പ്പാദനത്തിനും തുടക്കമായി. യൂറോപ്പ്, ജപ്പാന് തുടങ്ങിയ വികസിത വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ഇ-വിറ്റാര എസ്യുവികള് കയറ്റുമതി ചെയ്യും.
ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ബാറ്ററികള്‍ നിര്‍മിക്കുന്ന സുസുക്കി, തോഷിബ, ഡെന്‍സോ എന്നിവയുടെ ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മാണ യൂണിറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സുസുക്കിയെ സംബന്ധിച്ച് തന്ത്രപ്രധാനമായ നിക്ഷേപമാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള സുസുക്കിയുടെ ആഗോള നിര്‍മ്മാണ കേന്ദ്രമായി ഇത് ഇന്ത്യയെ ഉയര്‍ത്തും.

മികച്ച ഫീച്ചറുകള്‍
കഴിഞ്ഞ വര്‍ഷം അവസാനം യൂറോപ്പിലാണ് ഇ-വിറ്റാര ആദ്യമായി ആഗോളതലത്തില്‍ അവതരിപ്പിച്ചത്. പിന്നാലെ 2025 ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ കാര്‍ വാഹനപ്രേമികളെ ആകര്‍ഷിച്ചു. ടൊയോട്ടയുമായി ചേര്‍ന്ന് തയാറാക്കിയ 40പിഎല്‍ ഇവി പ്ലാറ്റ്ഫോമിലാണ് ഇവിറ്റാര നിര്‍മ്മിച്ചിരിക്കുന്നത്.49kWh, 61kWh രണ്ട് ബാറ്ററി ഓപ്ഷനുകളാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്. 4,275എംഎം നീളവും 1,800എംഎം വീതിയും 1,640എംഎം ഉയരവും 2,700എംഎം വീല്‍ബേസുമാണ് കാറിനുള്ളത്. 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. മോട്ടോര്‍, ഇന്‍വെര്‍ട്ടര്‍, ട്രാന്സ്മിഷന് എന്നിവ സംയോജിപ്പിക്കുന്ന 3ഇന്‍1 ഇലക്ട്രിക് സിസ്റ്റം കാറില്‍ ഉപയോഗിച്ചിരിക്കുന്നു. 18 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്ലാംപ്, സണ്‍റൂഫ് എന്നിവയും നല്കിയിരിക്കുന്നു.
പ്രാരംഭ വില 20 ലക്ഷം
ഇ-വിറ്റാര ഇലക്ട്രിക് എസ്യുവിയുടെ പ്രാരംഭ വില ഏകദേശം 20 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹീന്ദ്ര ബിഇ6, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി സെഡ്എസ് ഇവി തുടങ്ങിയ കാറുകളാണ് ഇ-വിറ്റാരയുടെ പ്രധാന എതിരാളികള്‍. ഇന്ത്യന്‍ വിപണിയില്‍ കാറുകള്‍ എപ്പോള്‍ ലഭ്യമാകുമെന്ന് മാരുതി സുസുക്കി വൈകാതെ അറിയിക്കും.




