ടാറ്റ മോട്ടോഴ്സും മഹീന്ദ്രയുമടക്കം ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാറുകളുമായി ഇന്ത്യന്‍ വിപണിയില്‍ മുന്‍പേ പറന്ന പക്ഷികള്‍ യുകെ, യൂറോപ്പ് വിപണികളിലേക്ക് കാറുകള്‍ കയറ്റിയയക്കുന്നത് ആലോചിച്ചു വരുന്നതേയുള്ളൂ. ആദ്യമായി നിര്‍മിച്ച ഇവി കാര്‍ കയറ്റിയയക്കാനുള്ള പദ്ധതി അപ്പോഴേക്കും മാരുതി സുസുക്കി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. മാരുതി ഇ-വിറ്റാരയുടെ ആദ്യത്തെ യൂണിറ്റ് യുകെയിലേക്കായിരിക്കും അയക്കുക. ഇലക്ട്രിക് വാഹന വിപണിയിലേക്ക് അല്‍പ്പം ലേറ്റായാലും ലേറ്റസ്റ്റായി തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുക്കിയുടെ കടന്നുവരവെന്ന് സാരം.
യൂറോപ്പ്, ജപ്പാന് തുടങ്ങിയ വികസിത വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ഇ-വിറ്റാര എസ്യുവികള് കയറ്റുമതി ചെയ്യാണ് മാരുതി പദ്ധതിയിട്ടിരിക്കുന്നത്. ഇ-വിറ്റാരയില്‍ മാരുതിക്കുള്ള ആത്മവിശ്വാസമാണ് ഇത് സൂചിപ്പിക്കുന്നത്. ജപ്പാന്, യൂറോപ്പ് തുടങ്ങിയ വലിയ മല്‍സരമുള്ള വിപണികളുമായി കിടപിടിക്കുന്ന സാങ്കേതിക വിദ്യയും ബില്‍ഡ് ക്വാളിറ്റിയുമാണ് ഇ-വിറ്റാരയുടെ സവിശേഷത. സമയമെടുത്താണെങ്കിലും ആഗോള നിലവാരമുള്ള ഒരു ഇവി കാര്‍ മാരുതി സൃഷ്ടിച്ചിരിക്കുന്നു.
കരുത്തുറ്റ കൂട്ടുകെട്ടുകള്‍
ടൊയോട്ടയും ദൈഹാറ്റ്സുവുമായി ചേര്‍ന്നാണ് മാരുതി സുസുക്കി ഇ-വിറ്റാരയുടെ ബിഇവി പ്ലാറ്റ്ഫോം (ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോം) തയാറാക്കിയിരിക്കുന്നത്. യൂറോഎന്കാപ് ജാപ്പനീസ് ക്രാഷ് സ്റ്റാന്‍ഡേര്‍ഡുകള്‍ ഉറപ്പാക്കുക ടൊയോട്ടയാവും. ടൊയോട്ട അര്‍ബന്‍ ക്രൂയിസറിയും ഇതേ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുക. മാരുതിയുടെ ഗുജറാത്ത് പ്ലാന്റില്‍ തന്നെ ഇന്ത്യന്‍ വിപണിക്കാവശ്യമായ ടൊയോട്ട അര്‍ബന്‍ ക്രൂയിസറുകളും നിര്‍മിക്കും.
ടാറ്റയുടെ പരിമിതി
അതേസമയം ടാറ്റ മോട്ടോഴ്സിന്റെ ഇവി കയറ്റുമതി ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യസ് എന്നീ വിപണികള്‍ വരെയേ എത്തിയിട്ടുള്ളൂ. അടുത്തിടെ ദക്ഷിണാഫ്രിക്കയും പട്ടികയിലേക്ക് ചേര്‍ത്തിട്ടുണ്ട്. ആറ് വര്‍ഷമായി ടാറ്റ ഇന്ത്യന്‍ വിപണിയില്‍ ആദ്യ ഇവി കാര്‍ അവതരിപ്പിച്ചിട്ടെന്നോര്ക്കണം.
തന്ത്രപരമായ നിക്ഷേപം
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ-വിറ്റാര അഹമ്മദാബാദിലെ ഹന്‍സല്‍പൂരിലെ സുസുക്കി മോട്ടോര്‍ പ്ലാന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ ദിവസം ഫ്ളാഗ് ഓഫ് ചെയ്തത്. ഇ-വിറ്റാരയുടെ വാണിജ്യ ഉല്‍പ്പാദനത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ഇതോടൊപ്പം ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ബാറ്ററികള്‍ നിര്‍മിക്കുന്ന സുസുക്കി, തോഷിബ, ഡെന്‍സോ എന്നിവയുടെ ലിഥിയം-അയണ്‍ ബാറ്ററി ഇലക്ട്രോഡ് നിര്‍മ്മാണ യൂണിറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സുസുക്കിയെ സംബന്ധിച്ച് തന്ത്രപ്രധാനമായ നിക്ഷേപമാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള സുസുക്കിയുടെ ആഗോള നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ ഇതോടെ മാറുകയാണ്. അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ 8 ബില്യണ്‍ ഡോളര്‍ (ഏകദേശം 70000 കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് സുസുക്കി മോട്ടര്‍ ചെയര്മാന് തോഷിഹിരോ സുസുക്കി വ്യക്തമാക്കുകയും ചെയ്തു.
കുറയണം ചൈന ആശ്രിതത്വം
എന്നിരുന്നാലും ബാറ്ററികള്‍ക്ക് ചൈനയെ ആശ്രയിക്കുന്നത് തുടരേണ്ടി വരും. ചൈനീസ് വമ്പനായ ബിവൈഡിയുടെ ബാറ്ററി ക്യാപ്പുകളാണ് ഇന്ത്യന്‍ നിര്‍മിത ഇലക്ട്രോഡുകളോടൊപ്പം ഉപയോഗിക്കുക. ബിവൈഡിയുടെ ലിഥിയം-അയോണ്‍ ഫോസ്ഫേറ്റ് ബാറ്ററിയായ ‘ബ്ലേഡ്’ ഇ-വിറ്റാരക്ക് കരുത്തു നല്‍കും. ഇലക്ട്രോഡുകളായ ആനോഡ്, കാഥോഡ് സ്റ്റിക്കുകളും നേരത്തെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതില്‍ നിന്ന് സാഹചര്യം മെച്ചപ്പെടുകയാണെങ്കിലും പൂര്‍ണായും ബാറ്ററി നിര്‍മാണത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടേണ്ടതുണ്ടെന്ന് ഇലക്ട്രോഡ് നിര്‍മാതാക്കളായ എപ്സിലോണ്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സിന്റെ എംഡി വിക്രം ഹാന്‍ഡ ചൂണ്ടിക്കാട്ടുന്നു.




