സെപ്റ്റംബര്‍ 22-ന് പുതിയ ജിഎസ് ടി വ്യവസ്ഥ നിലവില്‍ വരുന്നതിനോടനുബന്ധിച്ച് നിരക്കിളവ് ശേഷമുള്ള വാഹനങ്ങളുടെ പുതിയ വിലകള്‍ പ്രഖ്യാപിച്ച് മാരുതി സുസുക്കി. ജിഎസ് ടി നിരക്കിളവിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ വിലകള്‍
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയെ സംബന്ധിച്ചെടുത്തോളം നികുതി പരിഷ്കാരം അവരുടെ മിക്ക കാറുകളുടെ വിലയിലും പ്രതിഫലിക്കും. ചെറിയ കാര്‍ ശ്രേണിയില്‍ നിരവധി മോഡലുകളാണ് മാരുതിക്കുള്ളത്. മാരുതിയുടെ ഓരോ കാറുകളുടെയും ജിഎസ് ടി കഴിഞ്ഞുള്ള പുതിയ വിലകള്‍ നോക്കാം.
- ഓള്‍ട്ടോ K10 – 3,69,900 രൂപ (വിലക്കുറവ് – 1,07,600 രൂപ)
- വാഗണ്‍-ആര് – 4,98,900 രൂപ (വിലക്കുറവ് – 79,600 രൂപ)
- ഇഗ്നിസ് – 5,35,100 രൂപ (വിലക്കുറവ് – 71,300 രൂപ)
- സ്വിഫ്റ്റ് – 5,78,900 രൂപ(വിലക്കുറവ് – 84,600 രൂപ)
- ബലീനോ – 5,98,900 രൂപ (വിലക്കുറവ് – 86,100 രൂപ)
- ഡിസയര്‍ – 6,25,600 രൂപ (വിലക്കുറവ് – 87,700 രൂപ)
- ഫ്രോന്‍ക്സ് -6,84,900 രൂപ(വിലക്കുറവ് – 1,12,600 രൂപ)
- ബ്രെസ്സ – 8,25,900 രൂപ (വിലക്കുറവ് – 1,12,700 രൂപ)
മാരുതി ആഡംബര വാഹനങ്ങളുടെ പുതിയ വില
- ഗ്രാന്‍ഡ് വിതാര – 10,76,500 രൂപ (വിലക്കുറവ് – 1,07,000 രൂപ വരെ)
- ജിംനി – 12,31,500 രൂപ (വിലക്കുറവ് – 51,900 രൂപ വരെ)
- എര്‍ട്ടിഗ – 8,80,000 രൂപ (വിലക്കുറവ് – 46,400 രൂപ വരെ)
- XL6 – 11,52,300 രൂപ (വിലക്കുറവ് – 52,000 രൂപ വരെ)
- ഇന്‍വിക്റ്റോ – 24,97,400 രൂപ (വിലക്കുറവ് – 61,700 രൂപ വരെ)
മാരുതിയുടെ ഏറ്റവും പുതിയ മോഡലുകളിലും ജിഎസ് ടി ഇളവുകള്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിക്ടോറിസ് കോംപാക്റ്റ് SUV ് ഇളവിന് ശേഷമുള്ള വിലയിലായിരിക്കും ലഭ്യമാകുക. ഫ്രോന്ക്സിനും ഗ്രാന്‍ഡ് വിതാരയ്ക്കും ഇടയിലുള്ള മോഡലായ വിക്ടോറിസിന്റെ വില ആരംഭിക്കുന്നത് 10,49,900 രൂപയിലാണ്. 19,98,900 രൂപയാണ് ഹൈബ്രിഡ് വിഭാഗത്തിലുള്ള ടോപ്പ് എന്‍ഡുകളുടെ വില.
ജിഎസ് ടി പരിഷ്കാരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരാത്മകത വര്‍ധിപ്പിക്കുമെന്ന് വ്യാപാര അതിര്‍ത്തികള്‍ തുറക്കുന്നത് ആവശ്യമായ മത്സരം വിപണിയില്‍ കൊണ്ടുവരുമെന്നും ജിഎസ് ടി നിരക്കിളവ് പ്രഖ്യാപിച്ചതിന് ശേഷം മാരുതി സുസുക്കി ചെയര്മാന് ആര് സി ഭാര്‍ഗവ പറഞ്ഞിരുന്നു. മത്സരവും കുറഞ്ഞ വിലയില്‍ നിര്‍മ്മിക്കാനും വില്ക്കാനുമുള്ള സാഹചര്യവും ക്ഷമത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ജിഎസ് ടി 2.0
സെപ്റ്റംബര്‍ നാലിനാണ് കേന്ദ്രസര്‍ക്കാര്‍ നൂറോളം ഉല്‍പ്പന്നങ്ങളുടെ ജിഎസ് ടി വെട്ടിക്കുറച്ചത്. നിത്യോപയോഗ വസ്തുക്കള്‍ മുതല്‍ ചെറുകിട കാറുകള്‍ വരെ സാധാരണക്കാരുടെ ജീവിതത്തോട് ചേര്‍ന്നുകിടക്കുന്ന വസ്തുക്കളാണ് നിരക്കിളവ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നവയില് ഭൂരിഭാഗവും. 2017-ല്‍ ജിഎസ് ടി നിരക്കിളവ് പ്രഖ്യാപിച്ചതിന് ശേഷം ഇത്ര വലിയ നികുതി പരിഷ്കാരം ഇതാദ്യമാണ്.
5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളില്‍ ഉണ്ടായിരുന്ന നികുതി 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളിലേക്ക് ചുരുക്കി. മിക്ക അവശ്യസാധനങ്ങലും 5% ജിഎസ് ടിയിലേക്ക് മാറിയിട്ടുണ്ട്. മറ്റുവസ്തുക്കള്ക്ക് 18% ആണ് നികുതി. അതേസമയം പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കുമായി 40% എന്ന പുതിയ നികുതി സ്ലാബ് അവതരിപ്പിച്ചു.
ജിഎസ് ടി കൗണ്‍സിലിന്റെ പുതിയ നിരക്ക് നിശ്ചയ രീതി എങ്ങനെയാണ് കാറുകള്‍ക്ക് നികുതി കണക്കാക്കുകയെന്നതും നിര്‍വ്വചിച്ചിരുന്നു. ഇതുപ്രകാരം 4 മീറ്ററില്‍ താഴെ നീളമുള്ള, 1200 സിസിയില്‍ താഴെയുള്ള പെട്രോള്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വണ്ടികളും, 1,500 സിസിയില്‍ താഴെയുള്ള ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വണ്ടികളും ചെറിയ കാര്‍ ശ്രേണിയില്‍ വരും. നാല് ചക്രങ്ങളില്‍ ഓടുന്ന ഇത്തരം വണ്ടികളെല്ലാം 18 ശതമാനം നികുതി പരിധിയിലാണ് വരിക.
അതേസമയം വലിയ കാറുകള്‍, അഥവാ ആഡംബര വാഹനങ്ങള്‍ എന്നുപറയുന്ന വിഭാഗം നീളം 4 മീറ്ററില്‍ കൂടുതല്‍ ഉള്ളവയും 1,200 സിസിയ്ക്ക് മുകളിലുള്ള പെട്രോള്‍ എഞ്ചിന് വണ്ടികളോ, 1,500 സിസിയ്ക്ക് മുകളിലുള്ള ഡീസല്‍ എഞ്ചിന് വണ്ടികളോ ആണ്. ഇവയ്ക്ക് 40 ശതമാനം ജിഎസ് ടി ചുമത്തും. ജിംനിയ്ക്ക് നീളം 4 മീറ്ററില്‍ താഴെ ആണെങ്കിലും അതിന് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്. എര്‍ട്ടിഗയ്ക്ക് 1198 സിസി പെട്രോള്‍ എഞ്ചിനാണെങ്കിലും അതിന്റെ നീളം 4.3 മീറ്ററാണ്. അതിനാല്‍ ഇവയെ ആഡംബര വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ഹൈബ്രിഡ് കാറുകള്‍ക്കും ഈ നിര്‍വ്വചനം ബാധകമാണ്. ഇലക്ട്രിക് കാറുകള്‍ക്ക് തുടര്‍ന്നും 5 ശതമാനം നികുതി നിലനിര്‍ത്തും.




