ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകള്‍ കേരളത്തില്‍ എത്തിച്ചവര്ക്കെതിരെയുള്ള കസ്റ്റംസ് നടപടിയില്‍ വമ്പന്മാരടക്കം കുടുങ്ങി. ‘ഓപ്പറേഷന് നുംഖോര്‍’ എന്നു പേരിട്ട നടപടിയില്‍ മലയാള സിനിമ നടന് ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് കാറുകളടക്കം 13 വാഹനങ്ങള്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് 11 കാറുകള്‍ പിടിച്ചെടുത്തത്. ഭൂട്ടാന് ഭാഷയില്‍ നുംഖോര്‍ എന്ന വാക്കിന് അര്‍ത്ഥം വാഹനം എന്നാണ്.
റെയ്ഡ് 4 ജില്ലകളില്‍
മലയാള സിനിമ താരങ്ങളടക്കം നിരവധി മലയാളികള്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ എത്തിച്ചെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച കസ്റ്റംസ് കോഴിക്കോട്, മലപ്പുറം, ഏറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. ദുല്‍ഖര്‍ സല്മാന് പുറമെ നടന് പൃഥ്വിരാജ് സുകുമാരന്റെ എറണാകുളം തേവരയിലെയും തിരുവനന്തപുരത്തെയും വീടുകളിലും നടന് അമിത് ചക്കാലക്കലിന്റെ വീട്ടിലും പരിശോധന നടന്നു. വ്യവസായികളുടെയും മറ്റും വീടുകളിലും ഓഫീസുകളിലും പരിശോധനയുണ്ടായി.
തട്ടിപ്പ് ഇങ്ങനെ
ഭൂട്ടാന് സൈന്യം ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് വ്യാപകമായി നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്. ഭൂട്ടാന് സൈന്യം ലേലം ചെയ്യുന്ന വാഹനങ്ങള്‍ ഇടനിലക്കാന്‍ വാങ്ങുകയും ഹിമാചല്‍ പ്രദേശില്‍ താല്‍ക്കാലിക വിലാസമുണ്ടാക്കി രജിസ്റ്റര്‍ ചെയ്ത ശേഷം ഉയര്‍ന്ന വിലക്ക് ഇന്ത്യയിലാകെ വില്‍ക്കുകയുമായിരുന്നു. ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍, ടാറ്റയുടെ എസ്യുവികള് തുടങ്ങിയവയാണ് ഇപ്രകാരം എത്തിച്ചത്.
കേരളത്തിലേക്ക് മാത്രം 200 ല്‍ ഏറെ വാഹനങ്ങള്‍ എത്തിയിട്ടുണ്ട്. എച്ച്പി-52 രജിസ്ട്രേഷനാണ് ഈ വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ എത്തിച്ച ശേഷം പല വാഹനങ്ങളും ഇവിടെ വീണ്ടും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയ്ക്ക് ഭൂട്ടാന് സൈന്യം ലേലം ചെയ്ത വാഹനങ്ങള്‍ ഇന്ത്യയില്‍ 40 ലക്ഷത്തോളം രൂപയ്ക്കാണ് വിറ്റഴിച്ചിരിക്കുന്നത്. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഇളവ് മറയാക്കിയാണ് തട്ടിപ്പ് നടന്നിരുന്നത്.




