‘ഈ ടാക്സി സ്റ്റാന്‍ഡിന്റെ 150 മീറ്റര്‍ ചുറ്റളവില്‍ നിന്ന് ഊബര്‍, ഒല ടാക്സികള്‍ ആളെ എടുക്കരുത്’! കേരളത്തില്‍ പലയിടങ്ങളിലും ഇപ്പോള്‍ കാണുന്ന ബോര്‍ഡുകള്‍. റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലും ബസ് സ്റ്റാന്ഡിനടുത്തുമെല്ലാം ഇത്തരം വിലക്കുകള്‍ കാണാം. പലയിടങ്ങളിലും സംഘര്‍ഷവും പതിവ്. ഓണ്‍ലൈന്‍ ടാക്സിക്കാര്‍ വയറ്റത്തടിക്കുന്നു എന്നാണ് ടാക്സി, ഓട്ടോ ഡ്രൈവര്‍മാരുടെ പരാതി. മറ്റുള്ളവരെപ്പോലെ തങ്ങളും ജീവിക്കാനായാണ് ടാക്സിയുമായി ഇറങ്ങിയിരിക്കുന്നതെന്നും നികുതിയടച്ചു തന്നെയാണ് ജീവിക്കുന്നതെന്നും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും പറയുന്നു. പരമ്പരാഗത ടാക്സി തൊഴിലാളികളില്‍ നിന്ന് ഭീഷണിയും മര്‍ദ്ദനവും പതിവാണെന്നും ഇവര്‍ ആരോപിക്കുന്നു.
ഇതിനിടയില്‍ പെട്ടിരിക്കുന്നത് പാവം യാത്രക്കാരാണ്. യാത്രക്കാരെ സംബന്ധിച്ച് ഓണ്‍ലൈന്‍ ടാക്സികള്‍ ഒരു അനുഗ്രഹമാണെന്നതില്‍ സംശയമില്ല. തങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് വാഹനം വിളിച്ചു വരുത്താമെന്നത് ഒന്നാമത്തെ പ്രയോജനം. രണ്ടാമത് കഴുത്തറുപ്പന്‍ കൂലിയില്‍ നിന്ന് രക്ഷപെടുകയും ചെയ്യാം. കൂലിയുടെ കാര്യത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുമായും മറ്റും യാത്രക്കാര്‍ തര്‍ക്കിക്കാറുണ്ട്. ഓണ്‍ലൈന്‍ ടാക്സികളുടെ വരവോടെ ന്യായമായ കൂലി, ടാക്സി വിളിക്കുമ്പോള്‍ തന്നെ അറിയാം. യാതൊരു തര്‍ക്കവും ആശയക്കുഴപ്പവുമില്ല.
വരുന്നു ഭാരത് ടാക്സി
ഏതായാലും മൂന്നു കൂട്ടരുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചനയാരംഭിച്ചിട്ട് കാലം കുറെയായി. ഭാരത് ടാക്സി എന്ന പേരില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ഓണ്‍ലൈന്‍ ടാക്സി സേവന സംവിധാനം അങ്ങനെ നിലവില്‍ വരികയാണ്. രാജ്യത്തെ എല്ലാ ടാക്സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. ഊബര്‍, ഒല, റാപ്പിഡോ തുടങ്ങിയ സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി ആപ്പുകളെപ്പോലെ തന്നെ പ്രവര്‍ത്തനം. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പിലൂടെ റൈഡ് സേവനങ്ങള്‍ ബുക്ക് ചെയ്യാം. ടൂ വീലര്‍ ടാക്സികളും ഓട്ടോ റിക്ഷകളും കാറുകളും ഇപ്രകാരം ബുക്ക് ചെയ്യാം.
24 മണിക്കൂറും ഭാരത് ടാക്സിയുടെ സേവനം ലഭ്യമാണ്. കസ്റ്റമര്‍ കെയര്‍ സേവനങ്ങളും 24 മണിക്കൂറും ഉണ്ടായിരിക്കും. ടാക്സി കൂലി സംബന്ധിച്ച് സുതാര്യത ഉണ്ടാവുന്നതോടെ യാത്രക്കാരും ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാകും. ആപ്പില്‍ ബഹുഭാഷാ സേവനം ലഭ്യമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ യാത്രക്കാരുടെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കുമെന്നും അധികൃതര്‍ പറയുന്നു.
ഒരു സഹകരണ സംരംഭം
ഊബര്‍, ഒല, റാപ്പിഡോ തുടങ്ങിയ സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി വമ്പന്മാരെ അവരുടെ തട്ടകത്തില്‍ വെല്ലുവിളിക്കാനെത്തുന്ന ഭാരത് ടാക്സി, ഒരു സമ്പൂര്‍ണ സഹകരണ സംരംഭമാണ്. സഹകരണ മേഖലയില്‍ രാജ്യത്തെ ആദ്യത്തെ ടാക്സി ബുക്കിംഗ് ആപ്പായ ഭാരത് ടാക്സി, എട്ട് പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സഹകാര്‍ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണുള്ളത്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് (അമുല്‍), ഇഫ്കോ, ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്കോ), നബാര്‍ഡ്, നാഫെഡ്, കൃഷക് ഭാരതി കോഓപ്പറേറ്റീവ് ലിമിറ്റഡ് (കെആര്ഐബിഎച്ച്സിഒ), എന്‍ഡിഡിബി, എന്‍സിഇഎല്‍, എന്‍സിഡിസി എന്നീ സഹകരണ വമ്പന്മാരാണ് ടാക്സി സേവന ആപ്പിന് പിന്നില്‍. സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ക്ക് പുറമെ ഡ്രൈവര്‍മാരുടെ രണ്ട് പ്രതിനിധികളെയും കമ്പനി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ‘സഹകരണത്തില്‍ നിന്ന് സമൃദ്ധി’ എന്ന ആശയമാണ് ഭാരത് ടാക്സിയുടെ പിന്നില്‍. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ 2025 മാര്‍ച്ചില്‍, പാര്‍ലമെന്റില്‍ സഹകരണ ടാക്സി സേവനത്തിന്റെ പ്രഖ്യാപനം നടത്തി. പിന്നീട് കേന്ദ്ര സഹകരണ മന്ത്രാലയം വിവിധ സഹകരണ സ്ഥാപനങ്ങളെ ഒരുമിപ്പിച്ച് ആശയം പ്രാവര്‍ത്തികമാക്കുകയായിരുന്നു. അമുലിന്റെ എംഡിയായ ജയന് മെഹ്ത്തയാണ് ഭാരത് ടാക്സിയുടെയും ചെയര്മാന്.
51,000 ഡ്രൈവര്‍മാര്‍
നിലവില്‍ ഭാരത് ടാക്സിയുടെ പൈലറ്റ് പദ്ധതിയാണ് ഡെല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഡെല്‍ഹിയിലും ഹരിയാനയിലുമായി 51,000 ഡ്രൈവര്‍മാര്‍ ഭാരത് ടാക്സി ആപ്പില്‍ അംഗത്വം എടുത്തു കഴിഞ്ഞു. രാജ്യത്തുടനീളം ഭാരത് ടാക്സി ആപ്പ് ലോഞ്ച് ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഗുജറാത്തടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഡ്രൈവര്‍മാരെ രജിസ്റ്റര്‍ ചെയ്തുവരികയാണെന്ന് മെഹ്ത്ത പറഞ്ഞു.
കമ്മീഷനില്ല
പൂര്‍ണമായും കമ്മീഷന് രഹിതമായായിരിക്കും ആപ്പ് പ്രവര്‍ത്തിക്കുക. റൈഡില്‍ നിന്ന് കിട്ടുന്ന വരുമാനം മുഴുവന്‍ ഡ്രൈവര്ക്കെടുക്കാം. ഇതിന് പുറമെ സഹകാര്‍ ടാക്സി കോഓപ്പറേറ്റീവ് ലിമിറ്റഡിന് ലഭിക്കുന്ന ലാഭം ഡ്രൈവര്‍മാര്‍ക്ക് വീതിച്ചുനല്‍കുകയും ചെയ്യും.
വിവിധ നഗരങ്ങളില്‍ മെട്രോ റെയില്‍ സേവനങ്ങളുമായി ബന്ധപ്പെട്ടാവും ഭാരത് ടാക്സി ആപ്പ് പ്രവര്‍ത്തിക്കുക. വിവിധ ടാക്സി സേവനങ്ങള്‍ ഒരേ പോയന്റില്‍ നിന്ന് ബുക്ക് ചെയ്യാന്‍ ഇത് യാത്രക്കാരെ സഹായിക്കും. പൊലീസ് ഡിപ്പാര്ട്ട്മെന്റടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഭാരത് ടാക്സി സേവനങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ സഹായങ്ങള്‍ നല്‍കും.
ന്യായമായ നിരക്കുകള്‍
ഒല, ഊബര്‍, റാപ്പിഡോ തുടങ്ങി സ്വകാര്യ ടാക്സി സേവന ആപ്പുകളെയാവും ഭാരത് ടാക്സി വെല്ലുവിളിക്കുക. ടൂ വീലര്‍ ടാക്സികള്‍, ഓട്ടോ റിക്ഷകള്‍, കാറുകള്‍ എന്നിവയെല്ലാം ഭാരത് ടാക്സിയിലൂടെ ബുക്ക് ചെയ്യാനാവും. സ്വകാര്യ ടാക്സി ആപ്പുകളുടെ കുത്തക ഭാരത് ടാക്സി ആപ്പിന്റെ വരവോടെ അവസാനിക്കും. സ്വകാര്യ ടാക്സി കമ്പനികള്‍ നിലവില്‍ ഡ്രൈവര്‍മാരില്‍ നിന്ന് കമ്മീഷന് ഈടാക്കുന്നുണ്ട്. ഫലത്തില്‍ യാത്രക്കാരാണ് ഈ ചെലവും വഹിക്കേണ്ടത്. ഭാരത് ടാക്സിയില്‍ കമ്മീഷന് ഒഴിവാകുന്നതോടെ കൂടുതല്‍ പണം ഡ്രൈവറുടെ കൈവശമെത്തും. യാത്രാ ചെലവും കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യാത്രക്കാരില്‍ നിന്ന് ഫിക്സഡ് നിരക്കുകളേ ഈടാക്കുകയുള്ളൂ. സ്വകാര്യ ടാക്സി ആപ്പുകളെപ്പോലെ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് നിരക്കുകളില്‍ മാറ്റം ഉണ്ടാവില്ല. പീക്ക് ടൈമിലും അവധി ദിവസങ്ങളിലും മറ്റും നിരക്ക് വര്‍ധന ഉണ്ടാവില്ല.
ഇന്ത്യയുടെ റൈഡ് വിപണി
ഊബറും പിന്നാലെയെത്തിയ ഒലയുമാണ് ഇന്ത്യയുടെ ഓണ്‍ലൈന്‍ ടാക്സി സേവന ബിസിനസിനെ ഏറെക്കാലം പൂര്‍ണമായും നിയന്ത്രിച്ചത്. കര്‍ണാടകയിലെ ചെറുനഗരങ്ങളില്‍ ടൂ വീലര്‍ ടാക്സികളുമായെത്തിയ ബെംഗളൂരു സ്റ്റാര്‍ട്ടപ്പായ റാപ്പിഡോ അധികം വൈകാതെ ഇവരോടേറ്റമുട്ടാന് സജ്ജമായി. ഇന്ന് ഓണ്‍ലൈന്‍ ടാക്സി കാര്‍ വിപണിയുടെ 45-50 ശതമാനം ഊബറിന്റെ കൈവശമാണ്. 8.4 ലക്ഷം റൈഡുകളാണ് ഊബര്‍ പ്രതിദിനം യാഥാര്‍ത്ഥ്യമാക്കുന്നത്. 30% വിഹിതവുമായി റാപ്പിഡോ ഒലയെ (20-25% വിഹിതം) പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു. ആപ്പ് ഡൗണ്‍ലോഡിന്റെ കാര്യത്തില്‍ ഊബറിനെയും ഒലയെയും റാപ്പിഡോ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. 1.77 കോടി ആളുകള്‍ ഊബറും 1.73 കോടി ആളുകള്‍ ഒലയും ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 3.3 കോടി ആളുകളാണ് റാപ്പിഡോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഈ വിപണിയിലേക്കാണ് സഹകരണ മേഖലയുടെയും സര്‍ക്കാരിന്റെയും പിന്തുണയോടെ ഭാരത് ടാക്സി എത്തുന്നത്. ഡ്രൈവര്‍മാരെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുകയും പദ്ധതിയിട്ട പ്രകാരം റൈഡ് സേവനങ്ങള്‍ നല്‍കുകയും ചെയ്താല്‍ സ്വകാര്യ സേവന ദാതാക്കളെ വെല്ലുവിളിക്കാനുള്ള എല്ലാ ക്ഷമതയും ഭാരത് ടാക്സിക്കുണ്ടാകും.




