ആഗസ്റ്റ് മാസത്തില്‍ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ടാറ്റ ടിയാഗോ മുതല്‍ സഫാരി വരെയുള്ള വണ്ടികള്‍ ഈ മാസം ഓഫറുകളോടെ ലഭ്യമാകും. എന്‍ട്രി-ലെവല്‍ വണ്ടിയായ ടിയാഗോയ്ക്ക് (XE ഒഴികെ) 55,000 രൂപയുടെ ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 10,000 രൂപ പണക്കിഴിവും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെട്ടിരിക്കുന്നു. സെഡാന് വിഭാഗത്തിലുള്ള ടിഗറിന് 60,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന പഞ്ചിന് 85,000 രൂപയുടെ അനൂകൂല്യങ്ങളാണ് ഈ മാസം ലഭിക്കുക. ഇതില്‍ 30,000 രൂപ പണക്കിഴിവും ഉള്‍പ്പെടുന്നു. അതേസമയം പഞ്ച് പെട്രോള്‍ വിഭാഗത്തിന് 65,000 രൂപയുടെ ഓഫറാണ് ലഭ്യമാകുക.
ടാറ്റ നെക്സോണിന് 50,000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 10,000 രൂപ കാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസുമാണ്. പ്രീ-ഫെയ്സ് ലിഫ്റ്റ് മോഡലായ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് 85,000 രൂപ വരെ ആനുകൂല്യം ലഭ്യമാകും. കര്‍വിന് 30,000 രൂപ വരെയും ഓഫറുണ്ട്. എസ്യുവികളായ ഹാരിയര്‍, സഫാരി എന്നിവയും പരമാവധി ആനൂകൂല്യത്തില്‍ ഈ മാസം ലഭ്യമാകും. ഹാരിയറിന്റെ അഡ്വെഞ്ചര്‍ പ്ലസ്, അഡ്വെഞ്ചര്‍ പ്ലസ് ഓട്ടോമാറ്റിക് എന്നിവയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ ഓഫര്‍ ലഭിക്കും.
ഹാരിയറിന്റെയും സഫാരിയുടെയും പുതിയ പതിപ്പുകള്‍ക്ക് 1.05 ലക്ഷം രൂപ വരെ ഓഫറായി നല്‍കുന്നുണ്ട്. ഇതില്‍ 50,000 രൂപ പണക്കിഴിവ് ലഭിക്കും.




