ഉല്‍സവ സീസണ് മുന്നില്‍ കണ്ട് ചരക്ക് സേവന നികുതിയിലെ (ജിഎസ്ടി) നിരക്കിളവ് ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവായി പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര. തങ്ങളുടെ ഇന്റേണല്‍ കംബസ്റ്റിന്‍ എഞ്ചിന് (ഐസിഇ) ലൈനപ്പില്‍ ആകെ 2.56 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മഹീന്ദ്ര പ്രഖ്യാപിച്ചത്. നേരത്തെ മാരുതി സുസുക്കിയും ടാറ്റ മോട്ടേഴ്സും ഹ്യൂണ്ടായിയുമടക്കം മഹീന്ദ്രയുടെ പ്രധാന എതിരാളികളും ഗണ്യമായ ഡിസ്കൗണ്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.
ചരക്ക് സേവന നികുതിയിലെ ഇളവ് എക്സ്-ഷോറൂം വിലയിലുണ്ടാക്കിയ കുറവിന് പുറമെ മഹീന്ദ്ര തങ്ങളുടെ എസ്യുവിയില് 1.29 ലക്ഷം രൂപ വരെ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ബൊലേറോ, ബൊലേറോ നിയോ, എക്സ്യുവി 3എക്സ്ഒ, ഥാര്‍, ഥാര്‍ റോക്സ്, സ്കോര്‍പ്പിയോ ക്ലാസിക്, സ്കോര്‍പ്പിയോ-എന്‍, എക്സ്യുവി700 തുടങ്ങിയ മോഡലുകള്‍ക്ക് മൊത്തത്തില്‍ 2.56 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങള്‍.
ജിഎസ്ടി ആനുകൂല്യം
ബൊലേറോ/ബൊലേറോ നിയോയ്ക്ക് 1.27 ലക്ഷം രൂപ വരെയും, എക്സ്യുവി 3എക്സ്ഒയ്ക്ക് 1.56 ലക്ഷം രൂപ വരെയും, ഥാറിന് 1.35 ലക്ഷം രൂപ വരെയും, ഥാര്‍ റോക്സിന് 1.33 ലക്ഷം രൂപ വരെയും, സ്കോര്‍പിയോ ക്ലാസിക്കിന് 1.01 ലക്ഷം രൂപ വരെയും, സ്കോര്‍പിയോ-എന്‍-ന് 1.45 ലക്ഷം രൂപ വരെയും, എക്സ്യുവി700ന് 1.43 ലക്ഷം രൂപ വരെയുമാണ് ജിഎസ്ടി വിലക്കിഴിവ് ലഭിക്കുക.
പ്രത്യേക കിഴിവ്
ബൊലേറോ/ബൊലേറോ നിയോയ്ക്ക് 1.29 ലക്ഷം രൂപ വരെയും, എക്സ്യുവി 3എക്സ്ഒയ്ക്ക് 90,000 രൂപ വരെയും, ഥാറിന് 20,000 രൂപ വരെയും, ഥാര്‍ റോക്സിന് 20,000 രൂപ വരെയും, സ്കോര്‍പിയോ ക്ലാസിക്കിന് 95,000 രൂപ വരെയും, സ്കോര്‍പിയോ-എന്‍-ന് 71,000 രൂപ വരെയും, എക്സ്യുവി700ന് 81,000 രൂപ വരെയും മഹീന്ദ്ര ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ആകെ ഇളവ് ഇങ്ങനെ
മൊത്തത്തില്‍ ജിഎസ്ടി വിലക്കുറവും അധിക ആനുകൂല്യങ്ങളും ചേര്‍ത്ത് ബൊലേറോ/ബൊലേറോ നിയോയ്ക്ക് 2.56 ലക്ഷം രൂപ വരെയും, എക്സ്യുവി 3എക്സ്ഒയ്ക്ക് 2.46 ലക്ഷം രൂപ വരെയും, ഥാറിന് 1.55 ലക്ഷം രൂപ വരെയും, ഥാര്‍ റോക്സിന് 1.53 ലക്ഷം രൂപ വരെയും, സ്കോര്‍പിയോ ക്ലാസിക്കിന് 1.96 ലക്ഷം രൂപ വരെയും, സ്കോര്‍പിയോ-എന്‍-ന് 2.16 ലക്ഷം രൂപ വരെയും, എക്സ്യുവി700ന് 2.24 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങള്‍ ലഭിക്കും.




