കെഎഫ്സി എന്ന ബ്രാൻഡിനെപ്പറ്റി കേൾക്കാത്ത ഭക്ഷണപ്രിയർ ഉണ്ടോ ? വ്യത്യസ്തമായ രീതിയിൽ പൊരിച്ച കോഴിയുടെ റെസിപി പരിചയപ്പെടുത്തിയ കെഎഫ്സി രുചിക്കപ്പുറം മറ്റ് പലതുമാണ്. സംഭവബഹുലമായ ഒരു കഥയാണ് കെഎഫ്സി എന്ന ബ്രാൻഡിന്റെ പിറവിക്കും വളർച്ചയ്ക്കും പിന്നിലുള്ളത്. അത് അറിയണമെങ്കിൽ കെഎഫ്സിയുടെ സ്ഥാപകനായ ഹാര്‍ലന്‍ഡ് സാന്‍ഡേര്‍സ് എന്ന വ്യക്തിയെ അടുത്തറിയണം. സംരംഭകത്വത്തിലേക്ക് തിരിയാന്‍ പ്രായം ഒരു പ്രശ്നമല്ലെന്നും ഒപ്പം തോല്‍വികളില്‍ നിന്നും നാം ഊര്‍ജ്ജം സംഭരിക്കണം എന്നുമുള്ള പാഠമാണ് ലോകപ്രശസ്തമായ കെഎഫ്സിയുടെ സ്ഥാപകന്‍ കേണല്‍ ഹാര്‍ലന്‍ഡ് സാന്‍ഡേര്‍സ് നല്‍കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ വിപണന ശൃംഖലയായ കെഎഫ്സിക്ക് ഇന്ന് 123 രാജ്യങ്ങളിലായി 19000ലധികം ഔട്ട് ലെറ്റുകളും ലക്ഷക്കണക്കിന് ജോലിക്കാരുമാണുള്ളത്. ഒരു മാനേജ്മെന്റ് വിദഗ്ധന്റെ വീക്ഷണ വൈദഗ്ധ്യത്തോടെ കൃത്യമായ വിപണി പഠനം നടത്തി തുടങ്ങിയ ബ്രാൻഡ് അല്ല കെഎഫ്സി. ദാരിദ്ര്യത്തിന്റെ നിറവില്‍ നിന്നുകൊണ്ട് 65 ആം വയസ്സില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാര്‍ജ്ജിച്ച ഒരു ബ്രാന്‍ഡ് പടുത്തുയര്‍ത്തിയ കേണല്‍ ഹാര്‍ലന്‍ഡ് സാന്‍ഡേര്‍സ് എന്ന വ്യക്തിയില്‍ നിന്നും നിരവധി സംരംഭകത്വ പാഠങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. ഇത്തരത്തിലൊരു ബ്രാൻഡ് തുടങ്ങുമ്പോൾ അതിന്റെ ഭാവി സാദ്യതകൾ ഒന്നും അദ്ദേഹത്തിൻറെ മനസിലുണ്ടായിരുന്നില്ല. നിലനിൽപ്പിനും വരുമാനത്തിനുമായൊരു തൊഴിൽ എന്ന നിലയാണ് സ്ഥാപനം ആരംഭിച്ചത്. പാചകത്തോടുള്ള താല്പര്യം ഒന്നുമാത്രം കൈമുതലാക്കിക്കൊണ്ട് 1930 ല്‍ അമേരിക്കയിലെ കെന്റക്കി സ്റ്റേറ്റിലുള്ള കോര്‍ബിനില്‍ റോഡ് സൈഡ് റെസ്റ്റോറന്റ് ആയിട്ടായിരുന്നു തുടക്കം.
പ്രവർത്തനം തുടങ്ങി അടുത്തദിവസം മുതൽ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ച ഒരു ബ്രാൻഡ് ആയിരുന്നില്ല കെഎഫ്സി. അതിനു വർഷങ്ങളുടെ ക്ഷമയും കാത്തിരിപ്പും അനിവാര്യമായിരുന്നു. കൃത്യമായി പറഞ്ഞാൽ 32 വര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ടാണ് കെഎഫ്സി ഒരു ജനകീയ ബ്രാൻഡാകുന്നത്. പ്രവര്‍ത്തനം തുടങ്ങി 32 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ഈ സംരംഭം ബ്രാന്‍ഡ് ചെയ്യപ്പെടുന്നത്. നൽകുന്ന ഭക്ഷണത്തിൽ ലാഭത്തിനായി കൃത്രിമത്വം കാണിക്കാതെ , പരാജയങ്ങളില്‍ കാലിടറാതെ ഹാര്‍ലന്‍ഡ് സാന്‍ഡേര്‍സ് പൊരുതി നേടിയതാണ് ഈ വിജയം എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും തന്നെ അതിശയോക്തി ഉണ്ടാകില്ല.
ദാരിദ്ര്യം നിറഞ്ഞ ബാല്യത്തില്‍ നിന്നും തുടക്കം
ലോകത്തെ ഏറ്റവും സമ്പന്നമായ റെസ്റ്റോറന്റ് ശൃംഖലകളില്‍ ഒന്നാണ് കെഎഫ്സി എങ്കിലും അത്ര സമ്പന്നമായ ഒരു ജീവിതമായിരുന്നില്ല കെഎഫ്സി സ്ഥാപകന്‍ ഹാര്‍ലന്‍ഡ് സാന്‍ഡേര്‍സിന് ഉണ്ടായിരുന്നത്. 1890ല്‍ ജനിച്ച സാന്‍ഡേര്‍സിന് വെറും അഞ്ചു വയസ് മാത്രം പ്രായമുള്ളപ്പോൾ വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. അതോടെ ജീവിതത്തിന്റെ മുന്നില്‍ ആ കുഞ്ഞു ബാല്യം പതറിപ്പോയി. പിന്നീടുള്ള ജീവിതം അമ്മയുടെ മാത്രം സംരക്ഷണയില്‍ ആയിരുന്നു. സ്ഥിരമായ പറയാന്‍ ഒരു വരുമാനം ഇല്ലാത്ത ആ സ്ത്രീക്ക് തന്റെ മകനെ നല്ലരീതിയില്‍ വിശപ്പകറ്റി വളര്‍ത്തുന്നതിനുള്ള സാഹചര്യം പോലും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസം വളരെ ക്ലേശകരമായ നിലയിലായിരുന്നു. സാന്‍ഡേര്‍സിന് താഴെയുള്ള മറ്റു കുഞ്ഞുങ്ങളുടെ കാര്യം കൂടി നോക്കണം എന്ന ചുമതല അമ്മയെ ആകെ തളര്‍ത്തി. വരുമാനത്തിനായി ‘അമ്മ കഷ്ടപ്പെടുന്നത് നോക്കി നില്ക്കാൻ സാൻഡേഴ്സിന് കഴിഞ്ഞില്ല. അങ്ങനെ തന്റെ പത്താമത്തെ വയസ്സില്‍ സാന്‍ഡേര്‍സ് ആ വീടിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുക്കുകയായിരുന്നു.
പത്താം വയസ് മുതല്‍ അധ്വാനിക്കായി ഇറങ്ങിത്തിരിച്ചെങ്കിലും അതൊട്ടും എളുപ്പമായിരുന്നില്ല. പലയിടത്തും ജോലി തേടി അലഞ്ഞു. ചെറിയ കുട്ടി ആയിരുന്നതിനാൽ തന്നെ പലരും ജോലി നൽകിയില്ല. തന്റെ സഹോദരങ്ങള്‍ക്ക് ആഹാരം കണ്ടെത്താനായി സാന്‍ഡേര്‍സ് കൃഷിയിടങ്ങളില്‍ പണിയെടുത്തു. അത്തരത്തില്‍ കിട്ടുന്ന വരുമാനം ഒരുനേരത്തെ വിശപ്പടക്കുന്നതിന് മാത്രമേ തികയുന്നുണ്ടായിരുന്നുള്ളൂ. എന്നാല്‍ ആരോടും പരാതികളില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയ ആ ബാലന്റെ മനസില്‍ സംരംഭകത്വ ചിന്ത വേരുറപ്പിച്ചിരുന്നു. എന്നെങ്കിലും തനിക്ക് കച്ചവടം ചെയ്ത് ധാരാളം പണം സമ്പാദിക്കണം എന്ന മോഹം കലശലായിരുന്നു. എന്നാല്‍ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരുന്ന ദാരിദ്ര്യം അതേപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നതില്‍ നിന്നും ആ ബാലനെ പിന്തിരിപ്പിച്ചുകൊണ്ടേയിരുന്നു.
ജോലി ചെയ്തു വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങൾക്കൊപ്പം സാൻഡേഴ്സ് പഠനവും മുന്നോട്ട് കൊണ്ട് പോയിരുന്നു. എന്നാൽ ദാരിദ്ര്യം കൊണ്ട് തന്നെ പതിമൂന്നാമത്തെ വയസ്സില്‍ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീടങ്ങോട്ട് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം കൂടുതല്‍ ദുസ്സഹമാകുകയായിരുന്നു. ജീവിക്കാനായി വിവിധങ്ങളായ തൊഴിലുകളെടുത്തു.ഇതില്‍ കുറേക്കാലം ബസ് കണ്ടക്ടറായും ഇന്‍ഷുറന്‍സ് ഏജന്റായും ഹോട്ടല്‍ ക്ലാര്‍ക്കായും ക്ലീനറായുമൊക്കെ ജോലികള്‍ ചെയ്തു. ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് കൂടുതല്‍ ശക്തിയോടെ ജീവിതം ചിറക് വിരിച്ചതല്ലാതെ കാര്യങ്ങള്‍ക്ക് മാറ്റമൊന്നും ഉണ്ടായില്ല. ഇതിനിടെ വിവാഹവും നടന്നു. അതും പരാജയമായിരുന്നു . ജീവിക്കാനായി വരുമാനമില്ലാത്ത ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ പോയി.അതോടെ ജീവിതം കൂടുതല്‍ നരക തുല്യമായി.
കൈവച്ച എല്ലാ ബിസിനസിലും പരാജയപ്പെട്ട സംരംഭകന്
ജീവിതം പച്ചപിടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പലതരം ബിസിനസുകളില്‍ സാന്‍ഡേര്‍സ് തന്റെ ഭാഗ്യം പരീക്ഷിച്ചു. ആദ്യം എണ്ണവിളക്കുകള്‍ വില്‍ക്കുന്ന ഒരു സ്ഥാപനത്തിനാണ് അദ്ദേഹം തുടക്കമിട്ടത്. കച്ചവടം ഒന്ന് പുരോഗമിച്ചു വരുന്ന കാലത്താണ് വൈദ്യുത വിളക്കുകള്‍ ജനകീയമാകുന്നത്. അതോടെ ആ സംരംഭം പൊളിഞ്ഞു. പിന്നീട് സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനികളുടെ സര്‍വീസ് സ്റ്റേഷന് ആരംഭിച്ചു. എന്നാല്‍ പൊടുന്നനെ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ആ സംരംഭത്തിനും പൂട്ട് വീണു. അതിനുശേഷം സാന്‍ഡേര്‍സ് ഷെല്‍ ഓയില്‍ കമ്പനിയുടെ സര്‍വീസ് സ്റ്റേഷനും അതിനോടനുബന്ധമായി ഹോട്ടലും ആരംഭിച്ചു. അവിടെ നിന്നുമാണ് യഥാര്‍ത്ഥത്തില്‍ ഫ്രൈഡ് ചിക്കന്‍ എന്ന ആശയം വികസിപ്പിക്കുന്നത്. എന്നാല്‍ മികച്ച കച്ചവടം നടന്നു വരവേ ഹൈവേ വികസനത്തിന്റെ ഭാഗമായി സ്ഥാപനം പൊളിച്ചു നീക്കേണ്ടി വന്നു. അതോടെ തന്റെ സംരംഭക ഭാവി അവസാനിച്ചു എന്ന് തന്നെ അദ്ദേഹം ഒരു നിമിഷം കരുതിപ്പോയി. എന്നാല്‍ വിധി സാന്‍ഡേര്‍സിന് വേണ്ടി കരുതി വച്ചത് മറ്റൊന്നായിരുന്നു. വിജയിക്കാനായി ജയിച്ച വ്യക്തി തന്നെയാണ് അദ്ദേഹമെന്നു കാലം തെളിയിച്ചു.
അവിചാരിതമായി കിട്ടിയ അവസരം
ചെറുപ്പം മുതലേ പാചകത്തിലുള്ള സാന്ഡര്സിന്റെ നൈപുണ്യമാണ് കെഎഫ്സി പോലൊരു ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിന് കാരണമായത്. ജീവിക്കാനുള്ള വക കണ്ടെത്തുന്നതിനായി ഒരു പെട്രോള്‍ ബങ്കില്‍ ജോലിനോക്കുമ്പോഴാണ് ഫ്രൈഡ് ചിക്കന്‍ തയാറാക്കാന്‍ തനിക്കുള്ള നൈപുണ്യം പരീക്ഷിക്കാന്‍ ഹാര്‍ലന്‍ഡിന് അവസരം കിട്ടുന്നത്. വളരെ ചെറിയ ഒരു തട്ടുകട ആയിട്ടായിരുന്നു തുടക്കം.
ചെറുപ്പത്തില്‍ ‘അമ്മ വീട്ടില്‍ ഇല്ലാത്തപ്പോള്‍ സഹോദരങ്ങള്‍ക്കായി പാചകം ചെയ്തുള്ള ശീലത്തില്‍ നിന്നുമാണ് സാന്‍ഡേര്‍സ് ഫ്രൈഡ് ചിക്കന്‍ നിര്‍മാണം ആരംഭിച്ചത്. പെട്രോള്‍ ബങ്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ വരുന്ന ഉപഭോക്താക്കള്‍ ഫ്രൈഡ് ചിക്കന്‍ രുചിച്ച് നല്ല അഭിപ്രായം പറയാന്‍ തുടങ്ങിയതോടെ തന്റെ വഴി ഇത് തന്നെയാണ് എന്ന് സാന്‍ഡേര്‍സ് ഉറപ്പിച്ചു.
ചിക്കന്‍ ഫ്രൈ കൊണ്ട് ജീവിതത്തില്‍ പച്ചപിടിക്കാം എന്ന ആത്മവിശ്വാസം വന്നപ്പോഴാണ് പെട്രോള്‍ ബങ്കിന്റെ റോഡിന്റെ മറുവശത്ത് വിപുലമായ തോതില്‍ ഹാര്‍ലന്‍ഡ് സാന്‍ഡേര്‍സ് തന്റെ ഫ്രൈഡ് ചിക്കന്‍ ബിസിനസ് ആരംഭിച്ചത്. ഇതിനായി അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന പണവും കടം വാങ്ങിയ പണവുമേളം വിനിയോഗിച്ചു. വിചാരിച്ചത് പോലെ തന്നെ അദ്ദേഹത്തിൻറെ ബിസിനസ് അത്യാവശ്യം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോയി. അതോടെ, താൻ ഇതുവരെ ചെയ്തതൊന്നുമല്ല യഥാർത്ഥത്തിൽ തനിക്ക് ചേർന്ന തൊഴിലെന്നും തന്റെ ജീവിതം പച്ചപിടിക്കണമെങ്കില്‍ താന്‍ ഫ്രൈഡ് ചിക്കന്‍ ബിസിനസില്‍ തന്നെ ശ്രദ്ധപതിപ്പിക്കണം എന്ന് സാന്‍ഡേര്‍സിന് മനസിലായത് അവിടെ നിന്നുമാണ്. സംരംഭകത്വത്തിലെ ബ്രാൻഡിംഗ് രീതികൾ അദ്ദേഹം ആരംഭിക്കുന്നത് അങ്ങനെയാണ്. ഒരിക്കൽ തന്റെ റെസ്റ്റാറന്റില്‍ വന്നു ഭക്ഷണം കഴിക്കുന്നവര്‍ വീണ്ടും വരണം എങ്കില്‍ രുചിയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ല എന്ന് അദ്ദേഹം മനസിലാക്കി.
നൽകുന്ന ഭക്ഷണത്തിന്റെ രുചിക്കൊപ്പം ഗുണനിലവാരവും ഉറപ്പ് വരുത്തി. എന്നാല്‍ അവിടെയും തിരിച്ചടി അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. കോര്‍ബിനില്‍ നിന്ന് 60 കി.മീറ്റര്‍ അകലെക്കൂടി സുപ്രധാനമായ ഇന്റര്‍സ്റ്റേറ്റ് ഹൈവേ വന്നു. അതോടെ ഏറെ തിരക്കുണ്ടായിരുന്നു ആ റോഡിലൂടെ വാഹനങ്ങൾ വരാതെയായി. സ്ഥിരം വാഹനങ്ങളും ട്രക്കുകളും റൂട്ട് മാറ്റിപ്പിടിച്ചു. പിന്നീട് പുതിയ ഹൈവേയിലൂടെയായി വാഹനങ്ങളുടെ വരവുപോക്ക്. അതോടെ സാന്‍ഡേര്‍സിന്റെ ചിക്കന്‍ കോര്‍ണറില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. അധികം വൈകാതെ ഹൈവേ വികസനത്തിന്റെ ഭാഗമായി സ്ഥാപനം പൊളിച്ചു നീക്കേണ്ടി വന്നതോടെ ആ ബിസിനസിന് പരിസമാപ്തിയായി.
അങ്ങനെ തളർന്നിരിക്കാൻ കഴിയുമോ ?
ജീവിതത്തിന്റെ തുടക്കം മുതൽ പരാജയങ്ങളും തിരിച്ചടികളും നേരിട്ട ഒരുവന് ഇതൊരു ഭീഷണിയേ അല്ലായിരുന്നു. അദ്ദേഹം ആ വെല്ലുവിളി സ്വീകരിച്ചു. കാരണം വിജയത്തില്‍ കുറഞ്ഞു യാതൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. താന്‍ കൈവച്ച ഓരോ സംരംഭങ്ങള്‍ക്കും പരാജയം സംഭവിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം ഫീനിക്സ് പക്ഷിയെ പോലെ മുന്നോട്ട് കുതിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം സംഭരിക്കുകയായിരുന്നു അദ്ദേഹം. ബിസിനസ് നടത്തിപ്പില്‍ തനിക്ക് എവിടെയാണ് പരാജയം സംഭവിച്ചത് എന്നത് സംബന്ധിച്ച് അദ്ദേഹം വിശദമായ പഠനം നടത്തി. തന്റെ ബിസിനസില്‍ താന്‍ വിജയിക്കുമെന്ന് അദ്ദേഹത്തിന് പൂർണ വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പൂട്ടിപ്പോയ റെസ്റ്റോറന്റ് മറ്റൊരിടത്ത് വീണ്ടും ആരംഭിക്കുക എന്നത് മാത്രമായി മാറി അദ്ദേഹത്തിന്റെ ചിന്ത. അതിനു നല്ലൊരു ബിസിനസ് പങ്കാളിയെ വേണമായിരുന്നു.
പുതിയ ബിസിനസ് പങ്കാളിയുമായി തുടക്കം
തന്റെ ബിസിനസിന് അനുയോജ്യമായ ഒരു പാര്‍ട്ണര്‍ഷിപ് തേടി അദ്ദേഹം പല വലിയ ഹോട്ടല്‍ ബിസിനസുകാരെയും സമീപിച്ചു.എന്നാല്‍ ജീവിതത്തിൽ, ചെയ്ത ബിസിനസുകളിൽ ഒന്നിലും വിജയിച്ച ചരിത്രമില്ലാത്ത അദ്ദേഹത്തെ എല്ലാവരും അവഹേളിച്ച് ഉറക്കി വിട്ടു. എന്നാല്‍ സ്ഥിരോത്സാഹിയായ ഹാര്ലെന്ഡ് സാന്‍ഡേര്‍സ് തന്റെ പരിശ്രമത്തില്‍നിന്നു പിന്മാറിയില്ല. ഒരു വാതില്‍ അടഞ്ഞപ്പോള്‍ അദ്ദേഹം മറ്റു വാതിലുകള്‍ തേടിയലഞ്ഞു. ഏതൊരു സംരംഭക മോഹിയും മാനസികമായി ഏറെ തളരുന്ന നിമിഷങ്ങള്‍ ആയിരുന്നു അത്.കൃത്യമായി പറഞ്ഞാൽ തന്റെ ബിസിനസിന് ഒരു നിക്ഷേപകൻ കണ്ടെത്തുന്നതായി ആയിരത്തി തൊണ്ണൂറ്റിയൊന്നു പേരുമായി സാന്‍ഡേര്‍സ് ചർച്ചകൾ നടത്തി.എന്നാൽ സംസാരിച്ച ആയിരത്തി തൊണ്ണൂറ്റിയൊന്നു പേരും അദ്ദേഹത്തെ കൈയൊഴിഞ്ഞു. ഇതോടെ സാമ്പത്തികമായും മാനസികമായും ഹാര്‍ലന്‍ഡ് തളര്‍ന്നു.
എന്നാല്‍ പരാജയം സമ്മതിക്കാന്‍ വിസമ്മതിച്ച അദ്ദേഹം രണ്ടു ദിവസം വിശ്രമിച്ച് മനസ് സ്വസ്ഥമാക്കിയ ശേഷം വീണ്ടും പാര്‍ട്ണര്‍മാരെ തേടിയിറങ്ങി. ഇത്തവണ യാത്ര കെന്റക്കി നഗരത്തിലെ ഒരു ഹോട്ടലിലേക്കായിരുന്നു. അവിടെ ചെന്നപ്പോള്‍ അവിടുത്തെ പാചകക്കാരന് ഒരാഴ്ച ലീവിലാണ്. കച്ചവടം നന്നേ കുറഞ്ഞിരിക്കുന്ന ആ അവസ്ഥയില്‍ സാന്‍ഡേര്‍സ് പറയുന്നത് കേട്ട് അദ്ദേഹത്തിന്റെ പുതിയ രുചി വൈവിധ്യങ്ങള്‍ പരീക്ഷിക്കാന്‍ ആ ഹോട്ടലുടമ തയ്യറായി. അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം സാന്‍ഡേര്‍സ് തന്റെ റെസിപ്പി ഒരിക്കല്‍ കൂടി പരീക്ഷിച്ചു. സാന്‍ഡേര്‍സ് ഉണ്ടാക്കിയ ഫ്രൈഡ് ചിക്കന്‍ കടയുടമയ്ക്ക് നന്നായി ബോധിച്ചു. അദ്ദേഹം പാചകക്കാരന് തിരിച്ചെത്തും വരെ ഫ്രൈഡ് ചിക്കന്‍ വിതരണം ചെയ്യാന്‍ സാന്ഡേര്സിനെ ഏല്‍പ്പിച്ചു. എന്നാല്‍ പിന്നീട് നടന്നത് ചരിത്രമാണ്. കടയിലെ തിരക്ക് വര്‍ധിച്ചു. അതോടെ കടയുടമ ഒരു വര്‍ഷത്തേക്ക് ആ കരാര്‍ പുതുക്കി.
രണ്ടുവര്‍ഷത്തോളം ഒരു പാര്ട്ട്ണര്ക്കായി അലഞ്ഞു നടന്നത്, തന്റെ കാറില്‍ തന്നെ അന്തിയുറങ്ങി, ഒരവസരം തേടി നടന്ന സാന്‍ഡേര്‍സ് വിജയത്തിലേക്ക് അടുക്കുന്ന നിമിഷമായിരുന്നു അത്. ഞൊടിയിടയിലാണ് രുചി വൈവിധ്യം കൊണ്ടും ഗുണമേന്മ കൊണ്ടും അദ്ദേഹത്തിന്റെ ഫ്രൈഡ് ചിക്കന്‍ വിപണി പിടിച്ചടക്കിയത്. പിന്നീട് നടന്നത് മുഴുവന്‍ ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്താവുന്ന സംഭവങ്ങളായിരുന്നു.
കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്ന ബ്രാന്‍ഡ് ജനിക്കുന്നു
കരാർ പ്രകാരം കൂടുതൽ ഉപഭോക്താക്കൾ വനനത്തോടെ ബ്രാൻഡിന് അംഗീകാരം ലഭിച്ചു. ബിസിനസ് കൊഴുത്തതോടെ ഹാര്‍ലന്‍ഡ് സാന്‍ഡേര്‍സിന് ബിസിനസ് വിപുലീകരണത്തിനായി ധനസഹായം നല്കാന് ബാങ്കുകളും മറ്റ് അനേകം ധനകാര്യസ്ഥാപനങ്ങളും മുന്നോട്ടു വന്നു. അതി ബിസിനസിലെ നിര്‍ണായകമായ ഘട്ടമായിരുന്നു. 1952 ല്‍ ആണ് യഥാർത്ഥത്തിൽ കെന്റക്കി ഫ്രൈഡ് ചിക്കന്‍ അഥവാ കെഎഫ്സി എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ജനിക്കുന്നത്. 1952 ല്‍ പീറ്റ് ഹെര്‍മന്‍ എന്ന സുഹൃത്തിന് ഹാര്‍ലന്‍ഡ് തന്റെ ഫ്രാഞ്ചൈസി നല്കി. അതേത്തുടര്‍ന്ന് ഹെര്‍മന്‍ ആണ് അതിന്റെ കടയ്ക്ക് ഒരു പേര് നല്കാന് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ പെയിന്റിംഗ് ജോലിക്കാരനായ ഡോണ്‍ ആന്‍ഡേഴ്സന്റെ മനസില്‍ പെട്ടെന്ന് ഒരു പേരു തെളിഞ്ഞു. ‘കെന്റക്കി ഫ്രൈഡ് ചിക്കന്‍.’ ആ പേരിലൂടെ പൊരിച്ച കോഴിയും കെന്റക്കി സംസ്ഥാനവും ലോകപ്രശസ്തമായി മാറുകയായിരുന്നു.
പിന്നീട് സാന്‍ഡേര്‍സിന് ജീവിതത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടിട്ടില്ല. തന്റെ സംരംഭം വികസിക്കുന്നത് അദ്ദേഹം കണ്ടു. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ നാടൊട്ടുക്കും ഫ്രാഞ്ചൈസികള്‍ വ്യാപിച്ചു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെസ്റ്റോറന്റ് ശൃംഖലയാണ് കെഎഫ്സി. തന്റെ 65 ആം വയസ്സില്‍ കെഎഫ്സി എന്ന ബ്രാന്‍ഡ് സൃഷ്ടിക്കുമ്പോള്‍ അദ്ദേഹം ഒരിക്കലും കരുതിയില്ല ഇത് ചരിത്രത്തിലേക്കുള്ള തന്റെ യാത്രയായിരിക്കും എന്ന്. ഇന്ന് 19000 ല്‍ പരം ഔട്ട് ലെറ്റുകളാണ് ലോകമെമ്പാടുമായി കെഎഫ്സിക്ക് ഉള്ളത്. താന്‍ തുടക്കം കുറിച്ച സ്ഥാപനത്തിന്റെ വിജയ വഴികളിലൂടെ രണ്ടു പതിറ്റാണ്ട് സഞ്ചരിച്ച സാന്‍ഡേര്‍സ് തൊണ്ണൂറാമത്തെ വയസ്സിലാണ് ഈ ലോകത്തോട് വിട പറയുന്നത്. അപ്പോഴേക്കും ഭക്ഷണപ്രിയന്മാരുടെ പത്രത്തിലെ അവിഭാജ്യ ഘടകമായി കെഎഫ്സി മാറിക്കഴിഞ്ഞിരുന്നു.
ഇന്നും കെഎഫ്സി എന്ന ബ്രാൻഡിന്റെ മുഖമായി സാന്‍ഡേര്‍സ് തുടരുന്നു. സ്ഥിരോത്സാഹവും സംരംഭം വിജയിപ്പിക്കണം എന്ന അടിയുറച്ച ആഗ്രഹവും ഉണ്ടെങ്കിൽ വിജയം ഉറപ്പായും സംഭവിക്കും എന്നതാണ് കെഎഫ്സിയുടെ വിജയകഥ തെളിയിക്കുന്നത്. ഇനി കെഎഫ്സി രുചിക്കുമ്പോൾ , ബ്രാൻഡ് കടന്നു വന്ന കടമ്പകൾ കൂടി മനസിലാക്കിയാൽ രുചി അല്പം കൂടും.