പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ബിഎസ്എന്‍എലിന്റെ 4ജി നെറ്റ്വര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു. ഇതോടെ സ്വന്തമായി 4ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്ന ലോകത്തെ അഞ്ചാമത്തെ രാഷ്ട്രമായി ഇന്ത്യ ചരിത്രത്തില്‍ ഇടം പിടിച്ചു. സ്വീഡന് (എറിക്സണ്), സ്വീഡന് (നോക്കിയ), ദക്ഷിണ കൊറിയ (സാംസംഗ്), ചൈന (വാവെയ്) എന്നീ രാജ്യങ്ങളാണ് ഇതുവരെ തദ്ദേശീയമായ 4ജി നെറ്റ്വര്‍ക്ക് നിര്‍മിക്കുന്നതില്‍ വിജയം കൈവരിച്ചിരുന്നത്. ടെലികോം ഉപകരണങ്ങള്‍ ഇനി ഇന്ത്യക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടതില്ല.
ബിഎസ്എന്‍എല്ലിന്റെ രജത ജൂബിലി വാര്‍ഷിക ദിനം പ്രമാണിച്ച്, പ്രധാനമന്ത്രി മോദി 97,500-ലധികം മൊബൈല്‍ 4ജി ടവറുകള്‍ കമ്മീഷന് ചെയ്തു. ഇതില്‍ 92,600 4ജി ടെക്നോളജി ടവറുകള്‍ ബിഎസ്എന്‍എലിന്റേതാണ്. ശേഷിക്കുന്നവ എയര്‍ടെലിന്റേയും ജിയോയുടേയും. 37000 കോടി രൂപ ചെലവില്‍ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടവറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ടവറുകള്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ ടെലികോം ശൃംഖലകളിലൊന്നാണിത്.
ഡി-ഡോട്ട്, തേജസ് നെറ്റ്വര്‍ക്ക്സ്, ടിസിഎസ് എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് ഇന്ത്യ തദ്ദേശീയമായ 4ജി സാങ്കേതികവിദ്യ നിര്‍മിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഭാരത് നിധി പദ്ധതിയിലൂടെയാണ് ടവറുകള്‍ സ്ഥാപിച്ചത്. കേരളത്തില്‍ 98% കവറേജും പൂര്‍ത്തിയായെന്നും വര്‍ഷാവസാനത്തോടെ 5ജി ലോഞ്ച് ചെയ്യുമെന്നും ബിഎസ്എന്‍എല്‍ പറയുന്നു.
ലേറ്റായാലും ലേറ്റസ്റ്റ് തന്നെ
സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി സേവനങ്ങള്‍ നല്‍കുകയും 6ജിയിലേക്ക് മാറാന്‍ ആലോചിക്കുകയും ചെയ്യുന്ന കാലത്ത് ബിഎസ്എല്‍എല്‍ 4ജിയുമായി വരുന്നതിന് എന്ത് പ്രസക്തിയാണെന്ന ചോദ്യം ഉയരുന്നുണ്ട്. തദ്ദേശീയമായി നിര്‍മ്മിച്ച ഈ നെറ്റ്വര്‍ക്ക്, ക്ലൗഡ് അധിഷ്ഠിതവും ഭാവിയിലേക്ക് സജ്ജവുമാണെന്നതാണ് ഉത്തരം. 5ജി റെഡി 4ജിയാണിതെന്ന് ബിഎസ്എന്‍എല്‍ പറയുന്നു. അതായത് ആവശ്യമുള്ളപ്പോള്‍ തടസമില്ലാതെ ടവറുകള്‍ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും.
അതിവേഗവുമായി 5ജി എത്തിയെങ്കിലും 4ജി ഇപ്പോഴും വിശ്വസിച്ച് ആശ്രയിക്കാവുന്ന ടെക്നോളജിയാണ്. സാധാരണക്കാന്, താഴ്ന്ന വരുമാനക്കാര്‍, ഉയര്‍ന്ന ഡാറ്റ സ്പീഡ് ആവശ്യമില്ലാത്തവര്‍ എന്നിവരെല്ലാം 4ജിയില്‍ തന്നെ തുടരാനാണ് സാധ്യത. രാജ്യത്തെ 26700 ഗ്രാമങ്ങളിലെ 2.2 കോടി ആളുകളിലേക്ക് ബിഎസ്എന്‍എല്‍ 4ജി അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും.