ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ചാറ്റ്ജിപിടി മാതൃകയിലുള്ള ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റ് ആയ സിരിയുടെ പുതിയ പതിപ്പില്‍ ഈ ആപ്ലിക്കേഷനും ഉള്‍ക്കൊള്ളിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം ആപ്പിള്‍ പുതിയ സിരി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെരിറ്റാസ്
ലാറ്റിന്‍ ഭാഷയില്‍ സത്യം എന്ന് അര്‍ത്ഥമുള്ള വെരിറ്റാസ് എന്ന പേരാണ് ആപ്പിള്‍ ഈ ആപ്പിന് നല്‍കിയിരിക്കുന്നത്. നിലവില്‍ ആപ്പിള്‍ ജീവനക്കാര്‍ ഈ ആപ്പിലെ എഐ ഫീച്ചറുകള്‍ പരീക്ഷിക്കുകയാണെന്നും സിരിയെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇമെയിലും മ്യൂസിക്കും ഉള്‍പ്പടെ വ്യക്തിഗത വിവരങ്ങള്‍ തിരയല്‍, ഫോട്ടോ എഡിറ്റ് ചെയ്യല്‍ പോലെ ആപ്പിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വെര്ിറ്റാസിന് ചെയ്യാനാകുമെന്നാണ് അറിയുന്നത്. വോയിസ് അസിസ്റ്റന്റിനെ ഉപഭോക്തൃസൗഹൃദമാക്കി, കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ഉദ്യമത്തില്‍ ആപ്പിളിന്റെ പ്രധാന ചുവടുവെപ്പാണ് വെരിറ്റാസ്.
നിലവിലെ ജനപ്രിയ ചാറ്റ്ബോട്ടുകളുടെ പ്രത്യേകതകളെല്ലാം വെരിറ്റാസില് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിലധികം ആശയവിനിമയങ്ങള്‍ സാധ്യമാക്കുക, പഴയ ചാറ്റുകള്‍ സംരക്ഷിക്കുക, അവയുടെ പരാമര്‍ശം നടത്തുക എന്നിവയെല്ലാം വെരിറ്റാസില് സാധ്യമാകും. ആപ്പിളിന്റെ പുതിയ ലിന്‍വുഡ് സംവിധാനത്തിലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനിയുടെ സ്വന്തം വന്‍ ഭാഷാ മാതൃകകളും (LLM) മൂന്നാം കക്ഷികളായ എഐ ദാതാക്കളില്‍ നിന്നുള്ള സാങ്കേതികവിദ്യയും ഒന്നിച്ച് നല്കുന്ന പ്ലാറ്റ്ഫോമാണ് ലിന്‍വുഡ്.
സിരി വൈകുന്നതെന്ത്
സാങ്കേതികമായ പ്രശ്നങ്ങള്‍ കാരണം പലതവണ ലോഞ്ച് മാറ്റിവെച്ച ശേഷം മാര്‍ച്ചില്‍ ആപ്പിള്‍ പുതിയ സിരി പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. മുമ്പ് ഫീച്ചറുകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂന്നുതവണ ആപ്പിളിന്റെ ലോഞ്ച് മാറ്റിവെച്ചിരുന്നു. ഏറ്റവും മികച്ച എഐ ഫീച്ചറുകളിലൂടെ ഈ രംഗത്തെ മത്സരത്തില്‍ മുന്‍പന്തിയിലെത്താന്‍ സാധിക്കുമെന്നാണ് ആപ്പിള്‍ കരുതുന്നത്. അതേസമയം സിരിയിലെ ന്യനതകള്‍ ഗൂഗിളിനും സാംസങ്ഭിന് അവസരമാകും.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ എഐ ശേഷികളില്‍ അടുത്ത വര്‍ഷത്തോടെ മത്സരം കടുക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. എഐ ശേഷികളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യും.
ഐഫോണ്‍-17 പുറത്തിറക്കിയപ്പോള്‍ ആപ്പിള്‍ സ്വന്തമായുള്ള എഐ ശേഷികള്‍ അവതരിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കിയിരുന്നില്ല. പകരം മുന്‍നിര എഐ കമ്പനികളുമായുള്ള പങ്കാളിത്തങ്ങലാണ് ആപ്പിള്‍ പരിഗണിച്ചിരുന്നത്. ഓപ്പണ്എഐയുമായും ആന്ത്രോപികുമായും ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനുശേഷം ജെമിനി എഐയുടെ കസ്റ്റമൈസ് ചെയ്ത പതിപ്പ് അവതരിപ്പിക്കുന്നതിന് ഗൂഗിളുമായും ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സിരിയ്ക്ക് പുറമേ, ഹോംപാഡ് സ്പീക്കറുകള്‍, ആപ്പിള്‍ ടിവി, വെബ് സര്ച്ചയ്ക്ക് എന്നിവയിലും ആധുനിക എഐ ശേഷികള്‍ അവതരിപ്പിക്കാനും ആപ്പിള്‍ ആലോചിക്കുന്നുണ്ട്. വരുംദശാബ്ദങ്ങളില് എഐ ഫീച്ചറുകളില്‍ വലിയ മാറ്റമാണ് വരാനിരിക്കുന്നതെന്ന് സിഇഒ ടിം കുക്ക് അറിയിക്കുകയും ചെയ്തിരുന്നു. ഈ മേഖലയിലെ ഒന്നാമനായി ആപ്പിള്‍ മാറുകയാണ് ലക്ഷ്യമെന്നും ആപ്പിള്‍ മേധാവി പറഞ്ഞിരുന്നു.