സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളും കറന്‍സി കയ്യില്‍ വെക്കുന്നവരും ഇടനിലക്കാരും സൈബര്‍ സെക്യൂരിറ്റി ഓഡിറ്റുകള്‍ക്ക് വിധേയമാകണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. രാജ്യത്തെ സൈബറിടം സുരക്ഷിതമാക്കുന്നതിന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമില്‍ എംപാനല്‍ ചെയ്തിട്ടുള്ള സെക്യൂരിറ്റി ഓഡിറ്ററെ ഇവര്‍ നിയമിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ഇന്റെലിജന്‍സ് യൂണിറ്റില്‍ വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ (VDA) രജിസ്റ്റര്‍ ചെയ്യുന്നതിന് സൈബര്‍ സെക്യൂരിറ്റി ഓഡിറ്റ് നിര്‍ബന്ധമാക്കി. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന Web3 സംരംഭങ്ങള്‍ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമത്തിന് കീഴില്‍ വരുന്നവയാണ്.
സമീപകാലത്തായി ക്രിപ്റ്റോകറന്‍സികളുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ വലിയ രീതിയിലുള്ള വര്‍ധനയുണ്ടായിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സൈബര്‍ തട്ടിപ്പുകളില്‍ 20-25 ശതമാനം ക്രിപ്റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട തട്ടിപ്പാണെന്ന് പ്രാദേശിക ക്രിപ്റ്റോ പ്ലാറ്റ്ഫോമായ ജിയോറ്റസ് പറയുന്നു. വിദേശത്ത് സ്ഥിതി ചെയ്യുന്ന ഒന്നിലധികം സ്ഥാപനങ്ങള്‍ മുഖേന ഡിജിറ്റല്‍ കോയിനുകളുടെ ഇടപാട് നടത്തുന്നത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരും. ഇത്തരത്തില്‍ ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളിലൂടെയോ വോള്ട്ടിലൂടെയോ നടത്തുന്ന ഇടപാടുകള്‍ ഒരു കുറ്റകൃത്യമായി പരിഗണിക്കും.
ഡിജിറ്റല്‍ ആസ്തികളുടെ വിനിമയം, ഇടപാട്, സുരക്ഷിതമായി സൂക്ഷിക്കല്‍, സാമ്പത്തിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്ത് 55 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.