ചരിത്രത്തിലാദ്യമായി കേരളത്തില്‍ പവന് 82000 കടന്ന് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപ വര്‍ധിച്ചാണ് 82,080 രൂപയില്‍ എത്തിയിരിക്കുന്നത്. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 10,260 രൂപയിലുമെത്തി. അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റത്തിനനുസരിച്ചാണ് കേരളത്തിലും സ്വര്‍ണവില കുതിക്കുന്നത്. യുഎസില്‍ ഫെഡ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ഡോളറിന്റെ മൂല്യം താഴുന്നതും സ്വര്‍ണത്തിന് കരുത്താകുന്നുണ്ട്. 0.25 മുതല്‍ 0.50% വരെ ഇളവാണ് ബുധനാഴ്ച ഫെഡില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെയും മറ്റും നേട്ടം കുറയുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തങ്ങളുടെ നിക്ഷേപം മാറ്റിത്തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 315 രൂപയും പവന് 2520 രൂപയും ഉയര്‍ന്നു. 2025 ജനുവരി മുതല്‍ പരിശോധിച്ചാല്‍ 38% വര്‍ധനവാണ് മഞ്ഞലോഹത്തിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. പവന് 58,720 രൂപയായിരുന്നു 2025 ജനുവരിയിലെ വില. ഇതാണ് 82000 കടന്നിരിക്കുന്നത്.
ട്രംപിന്റെ പങ്ക്
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതിന് പിന്നാലെയാണ് സ്വര്‍ണം പിടിവിട്ട് കുതിപ്പാരംഭിച്ചത്. റഷ്യ-ഉക്രെയ്ന് യുദ്ധം, ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷം എന്നിവയ്ക്കൊപ്പം എരിതീയില്‍ എണ്ണയൊഴിച്ച് ട്രംപ് നടത്തിയ താരിഫ് യുദ്ധവും അനിശ്ചിതാവസ്ഥകളിലെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിപ്പിച്ചു.
10 വര്‍ഷത്തിനിടെ നാലിരട്ടി മൂല്യം
എന്നിരുന്നാലും കൊറോണക്കാലം മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 113 ശതമാനമാണ് സ്വര്‍ണവില ഉയര്‍ന്നത്. വാര്‍ഷിക അടിസ്ഥാനത്തില്‍ ശരാശരി 23% വളര്‍ച്ചയാണ് സ്വര്‍ണ വിലയിലുണ്ടായത്. 2020 ല്‍ ഇപ്പോഴത്തെ വിലയുടെ പാതിയിലും താഴെ, പവന് 38,120 രൂപയായിരുന്നു വില. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്താല്‍ സ്വര്‍ണവില 315 ശതമാനത്തിലേറെയാണ് കുതിച്ചത്. 2025 ല്‍ 19,500 നിലവാരത്തിലായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
ചെറുകിട നിക്ഷേപകരും കളത്തില്‍
കേന്ദ്ര ബാങ്കുകളെയും വമ്പന്‍ നിക്ഷേപക സ്ഥാപനങ്ങളെയും ചെറുകിട നിക്ഷേപകരെയുമെല്ലാം ഒരുപോലെ ആകര്‍ഷിക്കാന്‍ സ്വര്‍ണത്തിന് സാധിച്ചിട്ടുണ്ട്. കേരളത്തിലടക്കം ചെറുകിട നിക്ഷേപകര്‍ ഗണ്യമായ തോതില്‍ സ്വര്‍ണം വാങ്ങുന്നുണ്ടെന്ന് ജൂവലറി ഉടമകള്‍ പറയുന്നു. കൈവശമുള്ള പഴയ സ്വര്‍ണം കൈമാറ്റം ചെയ്യുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ വില ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ സ്വര്‍ണം സൂക്ഷിച്ചുവെക്കുകയാണ് മിക്കവരും.
വില താഴില്ല
സമീപകാലത്തൊന്നും സ്വര്‍ണവില കാര്യമായി താഴാനുള്ള സാധ്യതകളും വിദഗ്ധര്‍ തള്ളിക്കളയുന്നു. ഏത് മോശം സാഹചര്യത്തിലും പവന് 75000 രൂപയില്‍ താഴേക്ക് പോകില്ലെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ ഔണ്‍സിന് 3500-3600 റേഞ്ചിലാണ് സ്വര്‍ണ വില. ഇത് വര്‍ഷാവസാനത്തോടെ 3700 ഡോളര്‍ കടക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സടക്കം അന്താരാഷ്ട സാമ്പത്തിക ഏജന്‍സികള്‍ പ്രവചിക്കുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)