ഇന്നലെയും ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാത്തവര്‍ക്ക് പിഴ ഇല്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസാന അവസരം. 2024-25 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ആദായനികുതി വകുപ്പ് ഒറ്റദിവസത്തേക്ക് നീട്ടി. സെപ്റ്റംബര്‍ 16, ചൊവ്വാഴ്ച ആണ് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി. സെപ്റ്റംബര്‍ 15, ഇന്നലെ ആയിരുന്നു അവസാന തീയതി.
നീട്ടിയത് എന്തിനാണ്
സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇന്നലെ ഫയലിംഗ് തടസ്സങ്ങള്‍ നേരിട്ടതിനാലാണ് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നത്തേക്ക് നീട്ടിയത്. അവസാനതീയതില് ഐടിആര്‍ ഫയലിംഗ് പോര്‍ട്ടലില്‍ നിരവധിയാളുകള്‍ ഒന്നിച്ച് കയറിയത് മൂലം സാങ്കേതികമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഐടിആര്‍ ഫയലിംഗ് കൂടാതെ, നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ മുന്‍കൂര്‍ നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതിയും ഇന്നലെ ആയിരുന്നു. അതും വെബ്പോര്‍ട്ടലില്‍ തിരക്ക് കൂടുന്നതിന് കാരണമായി. മാത്രമല്ല, ചൊവ്വാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ 2.30 വരെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ അറ്റകുറ്റപ്പണികള്‍ നടന്നതും ഫയലിംഗ് സാധ്യമാകാത്ത സ്ഥിതിക്ക് കാരണമായി.
അതേസമയം ഒറ്റദിവസത്തേക്ക് അവസാന തീയതി നീട്ടാനുള്ള രാത്രി വൈകിയുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും വ്യാപകമായി. അന്തിമ തീയതിയോട് അടുപ്പിച്ചുള്ള മൂന്ന് ദിവസങ്ങളിലും പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും സ്ക്രീന്‍ മണിക്കൂറുകളോളം അനങ്ങാതെ ഇരിക്കുകയാണെന്നും ഫയല്‍ ചെയ്യാന്‍ ശ്രമിച്ചവരില്‍ നിന്നും പരാതി ഉയര്‍ന്നു. അതിനാല്‍ തന്നെ ഒറ്റദിവസത്തേക്ക് അന്തിമ തീയതി നീട്ടിയത് പരിഹാസ്യമാണെന്നാണ് ആക്ഷേപം.
സെപ്റ്റംബര്‍ 15, തിങ്കളാഴ്ച വരെ 7.3 കോടി ആളുകളാണ് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 7.28 കോടി ആയിരുന്നു.