സെപ്റ്റംബര്‍ 15, തിങ്കളാഴ്ച ആദായ നികുതി റിട്ടേണുകള്‍ (ഐപിആര്‍) പിഴരഹിതമായി ഫയല്‍ ചെയ്യാനുള്ള അവസാന തിയതിയാണ്. ഇനിയും നിരവധി പേരാണ് ആദായ നികുതി ഫയലിംഗ് നടത്താനുള്ളത്. ഐടിആര്‍ ഫയലിംഗിനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഇത് സംന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വകുപ്പ് അറിയിച്ചു.
ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി 2025 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ വിശദീകരണം. ഇതുവരെ 6 കോടിയിലധികം ആളുകള്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
ഐടിആര്‍ ഇങ്ങനെ സമര്‍പ്പിക്കാം
ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍ ആദ്യം തന്നെ കരുതണം. ഫോം 16, ഫോം 26എഎസ്, വാര്‍ഷിക വിവര സ്റ്റേറ്റ്മെന്റ് (എഐഎസ്) പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍), ആധാര്‍ (പാനുമായി ലിങ്ക് ചെയ്തത്) എന്നിവ കൈവശം സൂക്ഷിക്കണം. പഴയ നികുതി വ്യവസ്ഥ പ്രകാരം ഐടിആര്‍ ഫയല്‍ ചെയ്യുന്നവര്‍ നിക്ഷേപങ്ങളുടെയും ചെലവുകളുടെയും തെളിവുകളും ശേഖരിക്കണം. ഉദാഹരണത്തിന് നിങ്ങള്‍ ഒരു ഭവന വായ്പ അടയ്ക്കുന്നുണ്ടെങ്കില്‍, പലിശ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
ശരിയായ ഐടിആര്‍ ഫോം തിരഞ്ഞെടുക്കുക എന്നതാണ് ആദ്യ പടി. ഐടിആര്‍-1 (സഹജ്) ഐടിആര്‍-7 വരെ ഏഴ് ഫോമുകളാണുള്ളത്. 50 ലക്ഷം രൂപ വരെ വരുമാനമുള്ള ശമ്പളമുള്ള നികുതിദായകര്‍ക്കുള്ളതാണ് ഐടിആര്‍-1 ഫോം.
പിഴയും നടപടിയും
ഐടിആര്‍ നല്‍കുന്നത് വൈകിയാല്‍ പിഴ ബാധകമാണ്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എ പ്രകാരം നിശ്ചിത തിയതിക്ക് ശേഷമുള്ള ഫയലിംഗിന് ആദായനികുതി വകുപ്പ് പിഴ ചുമത്തും. നികുതിദായകന്റെ വരുമാന നിലവാരമനുസരിച്ചാണ് പിഴ ഈടാക്കുക. ആകെ വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ 5,000 രൂപ പിഴ അടയ്ക്കണം. മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍, പിഴ 1,000 രൂപ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇനി വരുമാനം നികുതി നല്‍കേണ്ട പരിധിക്ക് താഴെയാണെങ്കില്‍ പിഴ ബാധകമല്ല.
നികുതിയിനത്തില്‍ എന്തെങ്കിലും കുടിശ്ശികയുണ്ടെങ്കില്‍ സമയപരിധി പാലിച്ചില്ലെങ്കില്‍, സെക്ഷന്‍ 234എ പ്രകാരം, കുടിശ്ശികയുള്ള നികുതി തുകയില്‍ പ്രതിമാസം 1% പലിശ നല്‍കേണ്ടിവരും. ഇത് പിഴത്തുകയ്ക്ക് പുറമേയാണ്.
കാരി ഫോര്‍വേഡും റീഫണ്ടും
ബിസിനസ്സ് നഷ്ടങ്ങളോ മൂലധന നഷ്ടങ്ങളോ (സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗില്‍ നിന്ന്) സംഭവിച്ചാല്‍ വരും വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ നികത്താന്‍ നിങ്ങള്‍ക്ക് അവ മുന്നോട്ട് കൊണ്ടുപോകാന്‍ (കാരി ഫോര്‍വേഡ്) കഴിയും. എന്നാല്‍ നിശ്ചിത തിയതിക്ക് മുമ്പ് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഈ ആനുകൂല്യം ലഭിക്കില്ല. റീഫണ്ട് ലഭിക്കേണ്ട സമയമാണെങ്കില്‍ പോലും, സമയപരിധിക്ക് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യുന്നത് ഇതിന്റെ പ്രോസസിംഗ് മന്ദഗതിയിലാക്കുന്നു. വൈകി ഫയല്‍ ചെയ്ത റീഫണ്ടുകള്‍ ക്രെഡിറ്റ് ചെയ്യാന്‍ മാസങ്ങള്‍ എടുത്തേക്കാം.