ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ വരുമാനത്തിന്റെ എട്ട് ശതമാനം വാണിജ്യ പങ്കാളികളുമായി പങ്കുവെക്കാന്‍ ഓപ്പണ്‍ എഐ. മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള പങ്കാളികള്‍ക്കുള്ള വരുമാനവിഹിതം 20 ശതമാനത്തില്‍ നിന്നും കുറച്ച് എട്ട് ശതമാനമായി മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വരുമാന വിഹിതത്തിലുണ്ടായ വ്യത്യാസം ഓപ്പണ്‍ എഐയ്ക്ക് 50 ബില്യണ്‍ ഡോളറിന്റെ അധികവരുമാനം നല്‍കും. എന്നാലിത് മൊത്തത്തിലുള്ള സംഖ്യയാണോ വാര്‍ഷിക സംഖ്യയാണോ എന്നത് വ്യക്തമല്ല. ഓപ്പണ്‍ എഐയോ മൈക്രോസോഫ്റ്റോ ഈ വിഷയത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
അതുപോലെ മൈക്രോസോഫ്റ്റിന്റെ വാടക സെര്‍വറുകള്‍ക്ക് ഓപ്പണ്‍എഐ എത്ര തുക നല്‍കണമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. പുതിയ വാണിജ്യ പങ്കാളിത്തം സംബന്ധിച്ച് ഇരുകമ്പനികളും കരാറില്‍ ഒപ്പുവെച്ചതായി വ്യാഴാഴ്ച മൈക്രോസോഫ്റ്റും ഓപ്പണ്‍എഐയും വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ എഐയെ ഒരു ലാഭേതര കമ്പനിയെന്ന നിലയില്‍ പുനഃസംഘടിപ്പിക്കാന്‍ ഉതകുന്ന രീതിയിലുള്ളതാണ് പുതിയ കരാര്‍.
മൈക്രോസോഫ്റ്റുമായി നിലവിലുള്ള കരാര്‍ അനുസരിച്ച് കമ്പനിയുടെ ലാഭേതര വിഭാഗത്തിന് 100 ബില്യണ്‍ ഡോളര്‍ – 500 ബില്യണ്‍ മൂല്യത്തിന്റെ 20 ശതമാനത്തോളം ലഭിക്കും. അങ്ങനെയെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഫണ്ടിംഗ് ലഭിക്കുന്ന ലാഭേതര വിഭാഗമായി ഓപ്പണ്‍ എഐയുടെ ലാഭേതര വിഭാഗം മാറും.