ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരനെന്ന സ്ഥാനം ഏതാനും മണിക്കൂര്‍ നേരം ഇലോണ്‍ മസ്കില്‍ നിന്ന് പിടിച്ചെടുത്ത് ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണ്. ചൊവ്വാഴ്ച വൈകുന്നേരം പുറത്തിറങ്ങിയ ഒറാക്കിളിന്റെ വരുമാന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ലാറി എല്ലിസണിന്റെ ആസ്തി 89 ബില്യണ്‍ ഡോളര്‍ കുത്തനെ വര്‍ദ്ധിച്ച് 383.2 ബില്യണ്‍ ഡോളറിലെത്തി.
ബുധനാഴ്ച ഒരു ഘട്ടത്തില്‍, എല്ലിസന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളറോളം ഉയര്‍ന്നു. ഇന്‍ട്രാഡേ ട്രേഡിംഗില്‍ ഒറാക്കിളിന്റെ ഓഹരികള്‍ 43% വരെ കുതിച്ചുയര്‍ന്നു. ബ്ലൂംബെര്‍ഗ് ബില്യണേഴ്സ് സൂചികയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഏകദിന നേട്ടമാണിത്. ഒറാക്കിളിന്റെ വിപണി മൂല്യം ഏകദേശം 244 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 922 ബില്യണ്‍ ഡോളറായി. എസ് & പി 500 സൂചികയിലെ റാങ്കിംഗില്‍ പത്താം സ്ഥാനത്തേക്ക് ഇതോടെ കമ്പനി എത്തി. എലി ലില്ലി, വാള്‍മാര്‍ട്ട്, ജെപി മോര്ഗന് ചേസ് തുടങ്ങിയ പ്രമുഖ കമ്പനികളെയാണ് ഒറാക്കിള്‍ മറികടന്നത്.
ഈ ഘട്ടത്തിലാണ് 384 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മസ്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ബുധനാഴ്ച എല്ലിസണിന്റെ ആസ്തി മൂല്യം 343 ഡോളറിലേക്ക് താഴ്ന്നതോടെ മസ്ക് ഏതാനും മണിക്കൂര്‍ കൈവിട്ട ആഗോള ഒന്നാം സ്ഥാനം തിരികെ പിടിച്ചു. എന്നാല്‍ എലിസണ്‍ വരും ദിവസങ്ങളില്‍ മസ്കിന് ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്നാണ് സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്.
ശക്തമായ വരുമാനത്തിന്റെയും കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയുമായി ബന്ധപ്പെട്ട ഒരു ബുള്ളിഷ് പ്രവചനത്തിന്റെയും പിന്‍ബലത്തിലാണ് ഒറാക്കിളിന്റെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നത്. ഇതോടൊപ്പം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒറാക്കിളില്‍ നിന്ന് 300 ബില്യണ്‍ ഡോളറിന്റെ കമ്പ്യൂട്ടിംഗ് പവര്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഓപ്പണ്‍എഐ ഒപ്പുവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതും കുതിപ്പിന് കാരണമായി. ഈ ദീര്‍ഘകാല പങ്കാളിത്തം 2027 ലാണ് ആരംഭിക്കുക.
മസ്കിന്റെ ഒന്നാം സ്ഥാനം
2021 ലാണ് ആദ്യമായി ഇലോണ്‍ മസ്ക് ആഗോള അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തുന്നത്. 2021 ല്‍ എല്‍വിഎംഎച്ചിന്റെ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടും 2024 ല്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും അദ്ദേഹത്തെ കുറച്ചുകാലം മറികടന്നെങ്കിലും, കഴിഞ്ഞ വര്‍ഷം വീണ്ടും മസ്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 300 ദിവസമായി നിലനിര്‍ത്തിയ ഒന്നാം സ്ഥാനമാണ് എല്ലിസണ് താല്‍ക്കാലികമായി പിടിച്ചെടുത്തത്. ടെസ്ല, സ്പേസ് എക്സ്, സ്റ്റാര്‍ ലിങ്ക്, മറ്റ് സംരംഭങ്ങള്‍ എന്നിവയിലെ ഓഹരികളാണ് മസ്കിന്റെ വമ്പന്‍ ആസ്തിയുടെ അടിസ്ഥാനം. വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിച്ച് കരുത്തു തെളിയിച്ച സംരംഭങ്ങളാണിവയെല്ലാം.