ഇന്ത്യയുടെ സ്വന്തം സെമികണ്ടക്റ്റര്‍ ചിപ്പ് തയാര്‍. ഡെല്‍ഹിയില്‍ നടന്ന സെമികോണ്‍ ഇന്ത്യ-2025 ന്റെ ഉദ്ഘാടന വേളയില്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദ്യത്തെ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ചിപ്പ് സമ്മാനിച്ചു. വിക്രം 32ബിറ്റ് പ്രോസസര്‍ എന്ന ചിപ്പിന്റെ ഔദ്യോഗിക പേര് VIKRAM3201. വിക്രം സാരാഭായ് സ്പേസ് സെന്ററുമായി സഹകരിച്ച് ചണ്ഡീഗഡിലെ ഇസ്റോയുടെ സെമികണ്ടക്ടര്‍ ലാബ് (എസ്സിഎല്) വികസിപ്പിച്ചെടുത്ത വിക്രം, ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ്ണമായും തദ്ദേശീയമായ 32ബിറ്റ് മൈക്രോപ്രോസസറാണ്.
മൂന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തില്‍ ഇന്ത്യയുടെ സ്വന്തം സെമികണ്ടക്റ്റര്‍ ചിപ്പ് നിര്‍മിക്കാനുള്ള പ്രയത്നം ആരംഭിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ന് ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെ നോക്കുന്നു. ഏതൊരു രാജ്യത്തിനും അഭിമാനകരമായ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
ആറ് സംസ്ഥാനങ്ങളിലായി 18 ബില്യണ്‍ ഡോളറിലധികം ചെലവില്‍ 10 സെമികണ്ടക്ടര്‍ പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സെമികണ്ടക്ടര്‍ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യ മുന്നേറുകയാണെന്നും 1 ട്രില്യണ്‍ ഡോളര്‍ ആഗോള ചിപ്പ് വിപണിയുടെ ഒരു പങ്ക് പിടിച്ചെടുക്കുന്നതിനായി ഡിസൈന്‍-ലിങ്ക്ഡ് പ്രോത്സാഹന പദ്ധതി നവീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും ചെറിയ ചിപ്പ് ലോകത്തിലെ ഏറ്റവും വലിയ മാറ്റത്തിന് കാരണമാകുന്ന ദിവസം വിദൂരമല്ല,’ മോദി പറഞ്ഞു.
കൂടുതല്‍ കരുത്തനായി വിക്രം
ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളിലടക്കം കഠിനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സക്ഷമമാണ് വിക്രം. 2024 ല്‍ ഇസ്രോയുടെ പിഎസ്എല്‍വി-സി60 ദൗത്യത്തില്‍ ഇത് വിജയകരമായി ഉപയോഗിച്ചിരുന്നു. 2009 മുതല്‍ ഇസ്രോയുടെ വിക്ഷേപണ വാഹനങ്ങളില്‍ ഉപയോഗിച്ചുവരുന്ന 16ബിറ്റ് വിക്രം1601 മൈക്രോപ്രോസസറിന്റെ നവീകരിച്ച പതിപ്പാണ് പുതിയ പ്രോസസര്‍.
ആരോഗ്യ സംരക്ഷണം, ഗതാഗതം, ആശയവിനിമയം, പ്രതിരോധം, ബഹിരാകാശ സാങ്കേതികവിദ്യകള്‍ എന്നിവയ്ക്ക് ഊര്‍ജം പകരുന്ന ആധുനിക സംവിധാനങ്ങളുടെ നട്ടെല്ലാണ് സെമികണ്ടക്ടറുകള്‍. 2021 ലാണ് തദ്ദേശീയമായി സെമികണ്ടക്റ്ററുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ സെമികണ്ടക്ടര്‍ മിഷന് (ഐഎസ്എം) ആരംഭിച്ചത്. പിഎല്‍ഐ പദ്ധതി പ്രകാരം ഏകദേശം 65,000 കോടി രൂപ സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചു കഴിഞ്ഞു. ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ഡിഎല്‍ഐ) പദ്ധതിയിലൂടെ, 23 ചിപ്പ് ഡിസൈന്‍ പ്രോജക്ടുകളും അനുവദിച്ചു.
വാണിജ്യ ഉല്‍പ്പാദനം
2024 ഓഗസ്റ്റില്‍ ഗുജറാത്തിലെ സാനന്ദില്‍ രാജ്യത്തെ ആദ്യത്തെ എന്‍ഡ്ടുഎന്‍ഡ് ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് (ഒഎസ്എടി) പൈലറ്റ് ലൈന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തിരുന്നു. സെമികണ്ടക്ടര്‍ സ്ഥാപനമായ സിജി-സെമി, വാണിജ്യ ഉപയോഗത്തിനായുള്ള ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ചിപ്പുകള്‍ ഇവിടെനിന്നും പുറത്തിറക്കും.