ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് ഇന്ത്യയും യുഎസും ചര്‍ച്ച തുടരുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. അഞ്ച് വട്ടം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ആറാം വട്ട ചര്‍ച്ചകളുടെ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഗോയല്‍ വ്യക്തമാക്കി.
2025 മാര്‍ച്ച് മാസത്തിലാണ് ഇന്ത്യയും യുഎസും വ്യാപാര, താരിഫ് കരാറിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ കാര്‍ഷിക മേഖലയിലടക്കം യുഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ പലതും ഇന്ത്യക്ക് അംഗീകരിക്കാവുന്നതായിരുന്നില്ല. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ഓഗസ്റ്റ് 27 മുതല്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്കെത്താനിരുന്ന യുഎസ് സംഘം സന്ദര്‍ശനം മാറ്റിവെച്ചു.
യൂറോപ്യന്‍ യൂണിയന്, ചിലി, പെറു, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഒമാന്‍ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഒപ്പിട്ടുകഴിഞ്ഞെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി. ആഗോള വളര്‍ച്ചയുടെ 18% ദാതാവെന്ന നിലയില്‍ ഇന്ത്യയുടെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. യുഎന്‍ സുസ്ഥിരതാ ലക്ഷ്യങ്ങളില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമായി തുടരുന്നു. സുസ്ഥിര പാതയിലൂടെ സഞ്ചരിച്ചു തന്നെ മത്സരശേഷി മെച്ചപ്പെടുത്താനാവുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
ബന്ധം മെച്ചപ്പെടുന്നു
ഇന്ത്യ-ചൈന ബന്ധം ക്രമേണ സാധാരണ നിലയിലേക്ക് നീങ്ങുകയാണെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. ‘ഗാല്‍വാനില്‍ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നമുണ്ടായി. അതുമൂലം ഞങ്ങളുടെ ബന്ധത്തില്‍ ഒരു വിള്ളല്‍ വീണു. അതിര്‍ത്തി വിഷയങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍, സ്ഥിതി സാധാരണ നിലയിലാകുന്നത് വളരെ സ്വാഭാവികമായ ഒരു പരിണതഫലമാണെന്ന് ഞാന്‍ കരുതുന്നു,’ ഗോയല്‍ പറഞ്ഞു.