ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫിന്റെ ആഘാതത്തെ മറികടക്കാന്‍ ഉടന്‍ തന്നെ സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പണത്തിന്റെ ഒഴുക്ക് ഉറപ്പാക്കാനും ഉല്‍പ്പാദനവും തൊഴിലുകളും നിലനിര്‍ത്താനും പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഇളവുകള്‍ നല്‍കാനും കേന്ദ്രം ആലോചിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
താരിഫ് വര്‍ധന കാരണം പണമിടപാടുകള്‍ വൈകുന്നതും ഓര്‍ഡറുകള്‍ റദ്ദാകുന്നതുമടക്കമുള്ള പ്രതിസന്ധികള്‍ കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രവര്‍ത്തന മൂലധനവും ജോലിയും സംബന്ധിച്ച ആശങ്കകളെ മറികടക്കാന്‍ പണമൊഴുക്ക് എളുപ്പത്തിലാക്കാനും പാപ്പരത്വം തടയാനും പുതിയ വിപണികള്‍ കണ്ടെത്തുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ കയറ്റുമതിക്കാരെ സഹായിക്കാനുമുള്ള നടപടികളാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്.
കയറ്റുമതി ഓര്‍ഡറുകളിലുള്ള ഇടിവ്, പ്രത്യേകിച്ച് പ്രത്യേക സാമ്പത്തിക മേഖലകളിലേത് നേരിടുന്നതിനായി പദ്ധതികള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. പലിശ ഒഴിവാക്കല്‍, ഫാക്ടറിംഗ്, ഈട് നല്‍കിയുള്ള പിന്തുണ, കയറ്റുമതിക്ക് വേണ്ട സഹായം, ബ്രാന്‍ഡിംഗ്, പാക്കേജിംഗ് പിന്തുണ, ചരക്കുനീക്ക സേവനം, സ്റ്റോറേജ് അടക്കമുള്ള സഹായങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളെ ലക്ഷ്യമിട്ടുള്ളവയാണ് ഇവ.
അമേരിക്കയുടെ 50 ശതമാനം താരിഫ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതിയുടെ 18-20 ശതമാനം പങ്ക് അമേരിക്കയുടേതാണ്. ചില മേഖലകളില്‍ ഏറിയ മൊത്തം കയറ്റുമതിയുടെ ഏറിയ പങ്കും അമേരിക്കയിലേക്കാണ്. ചവിട്ടികള്‍ (60 ശതമാനം), തുണിത്തരങ്ങള്‍ (50 ശതമാനം), ആഭരണങ്ങള്‍ (30 ശതമാനം) എന്നിങ്ങനെ.