അമേരിക്കയുടെ 50 ശതമാനം താരിഫ് നിലവില്‍ വന്നുവെങ്കിലും പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട്. നിലവിലെ താരിഫുകള്‍ താത്കാലികമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കയറ്റുമതിക്കാര്‍ പേടിക്കേണ്ടതില്ലെന്നും താരിഫിന്റെ ആഘാതം കരുതുന്നത്ര വലുതായിരിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ബുധനാഴ്ചയാണ് (2025 ആഗസ്റ്റ് 27) ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നത്.
25 ശതമാനം പകരച്ചുങ്കത്തോടൊപ്പം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴച്ചുങ്കവും കൂടി ചേര്‍ത്താണ് അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത്. തുണിത്തരങ്ങള്‍, ചെരുപ്പ്, ആഭരണങ്ങള്‍, രത്നം, കായികോല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയെയാണ് രപുതിയ തീരുമാനം കൂടുതലായി ബാധിക്കുക.
അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള താരിഫില്‍ ഏറ്റവും ഉയര്‍ന്ന താരിഫുകലിലൊന്നാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം. ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും സമാനമായ താരിഫ് ഉണ്ട്.