അമേരിക്കയുടെ 50 ശതമാനം താരിഫ് ടെക്സ്റ്റൈല്‍ മേഖലയെ എത്രത്തോളം ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെ മേഖലയ്ക്ക് ആശ്വാസമായി പരുത്തിയുടെ ഇറക്കുമതി തീരുവ ഇളവ് ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര തീരുമാനം. മൂന്ന് മാസത്തേക്ക് കൂടി ഇളവ് നീട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു. 50 ശതമാനം താരിഫില്‍ വലയുന്ന ടെക്സ്റ്റൈല്‍ കയറ്റുമതിക്കാര്‍ക്ക് പരുത്തിയുടെ ഇറക്കുമതി തീരുവയിളവ് ആശ്വാസമാകും.
ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെ പരുത്തിയെ ഇറക്കുമതി തീരുവയില്‍ നിന്നും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴത് ഈ വര്‍ഷം അവസാനം വരെയായി നീട്ടിയിരിക്കുകയാണ്. പല വിഭാഗങ്ങളിലായി 11 ശതമാനം ഇറക്കുമതി തീരുവയാണ് മുമ്പ് പരുത്തിക്കുണ്ടായിരുന്നത്. എല്ലാ തരം വസ്ത്രങ്ങളുടെയും തുണിത്തരണങ്ങളുടെയും ഉല്‍പ്പാദനച്ചിലവ് കുറയ്ക്കാന്‍ ഇറക്കുമതി തീരുവയിലെ ഈ ഇളവ് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.
50 ശതമാനം താരിഫ് പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ ഇതിന്റെ ആഘാതം തുടക്കത്തില്‍ പരിമിതമായി തോന്നാമെങ്കിലും സമ്പദ് വ്യവസ്ഥയില്‍ പിന്നീടതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നും വെല്ലുവിളി നിറഞ്ഞ ആ സാഹചര്യത്തെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ധനമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അത്തരം തിരിച്ചടികള്‍ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുമെന്നും വെല്ലുവിളികളില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. സാമ്പത്തിക ദൃഢതയുള്ള, വലിയ കമ്പനികള്‍ ഈ ഹ്രസ്വകാല ദുരിതത്തിന്റെ ഫലം പേറുകയാണെങ്കില് ബന്ധപ്പെട്ട മേഖലകളിലെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് തിരിച്ചടികളില്‍ നിന്ന് ഉയര്‍ന്നുവരാനും വളരാനും സാധിക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. ഈ സമയത്ത് ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.