യുഎസുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ രൂക്ഷമാകവെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് മേല്‍ ലോബിയിംഗ് ശക്തമാക്കാന്‍ ഇന്ത്യ പുതിയ സ്ഥാപനത്തെ നിയമിച്ചു. മുന്‍ സെനറ്റര്‍ ഡേവിഡ് വിറ്ററിന്റെ നേതൃത്വത്തിലുള്ള മെര്‍ക്കുറി പബ്ലിക് അഫയേഴ്സുമായി വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഇതിനായി കരാറിലൊപ്പിട്ടു. മെര്‍ക്കുറിയും ഇന്ത്യന്‍ എംബസിയമായുള്ള കരാര്‍ 2025 ഓഗസ്റ്റ് പകുതി മുതല്‍ നവംബര്‍ പകുതി വരെയാണ്. ഈ കാലയളവില്‍ ഇന്ത്യ ലോബിയിംഗ് സ്ഥാപനത്തിന് പ്രതിമാസം 75,000 ഡോളര്‍ ഫീസായി നല്‍കും.
യുഎസ് രാഷ്ട്രീയ മേഖലയില്‍ സ്വാധീനം ചെലുത്താനും ഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്താനും മറ്റ് തന്ത്രപരമായ സേവനങ്ങള്‍ നല്കുന്നതിനുമുള്ള ചുമതലയാണ് മെര്‍ക്കുറിക്ക്. ഇത്തരത്തിലുള്ള ലോബിയിംഗ് യുഎസില്‍ നിയമവിധേയമാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയും ചീഫ് ഓഫ് സ്റ്റാഫുമായ സൂസി വൈല്‍സ് 2024 വരെ മെര്‍ക്കുറിയുടെ വാഷിംഗ്ടണ്‍ ഡിസി, ഫ്ളോറിഡ ഓഫീസുകളുടെ മേധാവിയായിരുന്നു. അതുകൊണ്ടു തന്നെ മെര്‍ക്കുറിയുടെ നിയമനത്തിന് പ്രാധാന്യമുണ്ട്. ഡെന്മാര്ക്ക്, ഇക്വഡോര്‍, അര്‍മേനിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ എംബസികളും ഈ മെര്‍ക്കുറിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
പ്രതിമാസ ചെലവ് 2 ലക്ഷം ഡോളര്‍
ട്രംപിന്റെ മുന്‍ ഉപദേഷ്ടാവായ ജേസണ്‍ മില്ലറുടെ നേതൃത്വത്തിലുള്ള എസ്എച്ച്ഡബ്ല്യു പാര്‍ട്ണേഴ്സ് എല്എല്സിയുമായും ഇന്ത്യ ലോബിയിംഗിന് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. 1.8 മില്യണ്‍ ഡോളറിന്റെ വാര്‍ഷിക കരാറാണിത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേല്‍ 25% അധിക താരിഫ് പിഴയായി ചുമത്താന്‍ ട്രംപ് തയാറെടുക്കെയാണ് ന്യൂഡെല്‍ഹി ലോബിയിംഗ് ശക്തമാക്കിയിരിക്കുന്നത്. ഇന്ത്യ പ്രതിമാസം 2 ലക്ഷം യുഎസ് ഡോളറാണ് യുഎസിലെ ലോബിയിംഗിനായി ചെലവഴിക്കുന്നത്.
പാകിസ്ഥാന്റെ ലോബിയിംഗ്
അതേസമയം യുഎസില്‍ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ചെലവുകള്‍ക്കായി ലോബിയിംഗ് നടത്തുന്നതില്‍ പാകിസ്ഥാന് ഇന്ത്യയെക്കാള്‍ ഗണ്യമായി മുന്നിലാണ്. യുഎസ് ഭരണകൂടത്തില്‍ സ്വാധീനം ഉറപ്പാക്കാന്‍ പ്രതിമാസം 600,000 ഡോളറാണ് പാകിസ്ഥാന് ചെലവഴിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിലാണെങ്കിലും വൈറ്റ്ഹൗസും യുഎസ് കോണ്‍ഗ്രസും യുഎസ് ഏജന്‍സികളുമായി ബന്ധം ശക്തമാക്കാന്‍ ആറ് ലോബിയിംഗ് സ്ഥാപനങ്ങള്‍ക്ക് ഇസ്ലാമാബാദ് പണം നല്‍കുന്നുണ്ട്.
ഓര്‍ക്കിഡ് അഡൈ്വസേഴ്സ് എല്‍എല്‍സിക്ക് പ്രതിമാസം 250,000 ഡോളറാണ് പാകിസ്ഥാന് നല്‍കുന്നത്. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെയും അന്താരാഷ്ട്ര സ്ഥാപനങ്ങളെയും സ്വാധീനിക്കുന്നതിനായി സ്ക്വയര്‍ പാറ്റണ് ബോഗ്സിനെ നിയമിച്ചിരിക്കുന്നു. സെയ്ഡന്‍ ലോ പ്രതിമാസം 200,000 ഡോളര്‍ വാങ്ങി സാമ്പത്തിക പങ്കാളിത്തം, താരിഫ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ട്രംപിന്റെ മുന്‍ അംഗരക്ഷകനായ കീത്ത് ഷില്ലറും മുന്‍ ട്രംപ് ഓര്ഗനൈസേഷന് കംപ്ലയന്‍സ് മേധാവി ജോര്‍ജ്ജ് സോറിയലും സഹസ്ഥാപിച്ച ജാവലിന്‍ അഡൈ്വസേഴ്സിന് പ്രതിമാസം 50,000 ഡോളര്‍ പാകിസ്ഥാന് നല്‍കുന്നുണ്ട്. പിആര്‍ സ്ഥാപനമായ കോര്‍വി, പാകിസ്ഥാന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും പാക് നരേറ്റീവുകള്‍ പ്രചരിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് പ്രതിമാസം 150,000 ഡോളറാണ് നല്‍കുന്നത്. ട്രംപ് ഭരണകൂടവുമായുള്ള ബന്ധം ശക്തമാക്കാന്‍ ടീം ഈഗിള്‍ കണ്സള്ട്ടിംഗിനെയാണ് പാകിസ്ഥാന് നിയമിച്ചിരിക്കുന്നത്.
ചില നേട്ടങ്ങള്‍
പാകിസ്ഥാന്റെ ആക്രമണാത്മക ലോബിയിംഗ് ശ്രമങ്ങള്‍ ഇതിനകം നയതന്ത്ര നേട്ടങ്ങള്‍ നല്‍കിയിട്ടുമുണ്ട്. പാക് സൈനിക മേധാവി അസിം മുനീറിന് വൈറ്റ് ഹൗസില്‍ അടുത്തിടെ ലഭിച്ച സ്വീകരണവും വിരുന്നും ഇതിലൊന്നാണ്. ഇന്ത്യയുടെ ഉയര്‍ന്ന താരിഫുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്ഥാന് 19% കുറഞ്ഞ താരിഫ് നിരക്കാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍ണായക ധാതു മേഖലയില്‍ സഹകരിക്കുന്നതിനുള്ള കരാറുകളും പുതുതായി പ്രഖ്യാപിച്ച യുഎസ്-പാകിസ്ഥാന് എണ്ണ പങ്കാളിത്തവുമെല്ലാം ഈ ലോബിയിംഗിന്റെ നേട്ടമായി ചൂണ്ടിക്കാട്ടപ്പെടുന്നു.