ടിക് ടോക്കടക്കം ചൈനീസ് ആപ്പുകള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിലക്ക് പിന്‍വലിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോക്കും ഇ-കൊമേഴ്സ് സൈറ്റായ അലിഎക്സ്പ്രസും തിരിച്ചുവരവ് നടത്താനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടിക് ടോക്കിന്റെയും അലിഎക്സ്പ്രസിന്റെയും വെബ്സൈറ്റ് ഇന്ത്യയില്‍ ചില ഉപയോക്താക്കള്‍ക്ക് കഴിഞ്ഞദിവസം ആക്സസ് ചെയ്യാന്‍ സാധിച്ചിരുന്നു.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ 2020 ജൂണിലാണ് ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് നീക്കുകയും ചെയ്തു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന് ഒറ്റരാത്രികൊണ്ട് 200 ദശലക്ഷത്തിലധികം ഉപയോക്താക്കളെ നഷ്ടമായിരുന്നു. ഇത് കമ്പനിക്ക് വലിയ വരുമാന നഷ്ടമുണ്ടാക്കുകയും ചെയ്തു.
നിരോധിച്ചത് 59 ചൈനീസ് ആപ്പുകള്‍
ടിക് ടോക്, ഷെയറിറ്റ്, മി വീഡിയോ കോള്‍, ക്ലബ് ഫാക്ടറി, കാം സ്കാനര്‍ എന്നിവയുള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് 2020 ല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നത്. ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്കിനും മറ്റ് ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും പ്രതിരോധത്തിനും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഈ ആപ്പുകള്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം (മെയ്റ്റി) പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ബന്ധം വഷളാക്കിയ ഗാല്‍വാന്‍
ഗാല്‍വാന്‍ താഴ്വരയില് കൈയേറ്റം നടത്തിയ ചൈനീസ് സൈന്യം നിരവധി ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വലിയ സംഘര്‍ഷം ഉടലെടുത്തത്. നാല്‍പ്പതിലേറെ ചൈനീസ് സൈനികരെ വധിച്ച് ഇന്ത്യ തിരിച്ചടിച്ചതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സമയത്താണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടത്.
പിന്നീട് ഭൗമരാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും 24 റൗണ്ട് ചര്‍ച്ചകള്‍ നടത്തി. അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരായ ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷങ്ങള്‍ അപ്രതീക്ഷിതമായി പരിഹരിക്കുന്നതിന് കാരണമായി. പ്രധാനമന്ത്രി മോദി ഈ മാസം ഷാംഗ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് പോകും.