ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷകളുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് കമ്പനി ഓപ്പണ്‍എഐ ഇന്ത്യയില്‍ ആദ്യ ഓഫീസ് തുറക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ഓപ്പണ്‍എഐയുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും. ആഗോള എഐ ലീഡറായി മാറാനുള്ള എല്ലാ ചേരുവകളും ഇന്ത്യയിലുണ്ടെന്ന് ഓപ്പണ്‍എഐ സിഇഒ സാം ഓള്ട്ട്മാന് പ്രസ്താവനയിലൂടെ പറഞ്ഞു.
എഐയ്ക്ക് ഇന്ത്യയില്‍ അതുല്യമായ സാധ്യതകളാണ് ഉള്ളത്. ഒരു ആഗോള എഐ ലീഡറാകാനുള്ള എല്ലാ ചേരുവകളും- ടെക് പ്രാഗത്ഭ്യം, ലോകോത്തര നിലവാരത്തിലുള്ള ഡെവലപ്പര്‍ ആവാസവ്യവസ്ഥ, സര്‍ക്കാരിന്റെ ശക്തമായ പിന്തുണ ഇന്ത്യയിലുണ്ട്. ആദ്യ ഓഫീസ് തുറക്കുന്നതും പ്രാദേശികമായ ടീമിന് രൂപം നല്‍കുന്നതും ഏറ്റവും പുതിയ എഐ രാജ്യമെമ്പാടും ലഭ്യമാക്കാനും ഇന്ത്യയ്ക്ക് വേണ്ടി, ഇന്ത്യയ്ക്കൊപ്പം എഐ കെട്ടിപ്പടുക്കാനുമുള്ള കമ്പനിയുടെ പ്രതിബദ്ധയുടെ ആദ്യ ചുവടുവെപ്പാണെന്ന് സാം ഓള്ട്ട്മാന് പ്രസ്താവനയില്‍ കുറിച്ചു.

ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നതിന്റെ ഭാഗമായി ആളുകളെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി. നിലവില്‍ ഇന്ത്യയില്‍ നാല് ജീവനക്കാര്‍ മാത്രമാണ് ഓപ്പണ്‍എഐയ്ക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം നിയമിതനായ പ്രാഗ്യ മിശ്രയാണ് ഇന്ത്യയില്‍ ഓപ്പണ്‍എഐയുടെ പൊതുനയം, പങ്കാളിത്തം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ ജീവനക്കാരെ എടുത്തുകൊണ്ട് ഇന്ത്യയില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തനം വിപുലീകരിക്കുന്നത്, സര്‍ക്കാരുമായും ബിസിനസുകളുമായും ഡെവലപ്പര്‍മാരുമായുള്ള പങ്കാളിത്തത്തിന് ഗുണം ചെയ്യുമെന്ന് കമ്പനി കരുതുന്നു. 1.2 ബില്യണ്‍ ഡോളറിന്റെ ഇന്ത്യഎഐമിഷനില് വലുതും ചെറുതുമായ ഭാഷാമോഡലുകള്‍ ഉണ്ടാക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാനും ഓപ്പണ്‍എഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ രാഷ്ട്രമായ ഇന്ത്യ ആഗോള ടെക് കമ്പനികള്‍ക്ക് വമ്പന്‍ സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്. ഉപയോക്താക്കളുടെ എണ്ണത്തില്‍ ചാറ്റ്ജിപിടിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഓപ്പണ്‍എഐ ഇന്ത്യക്കാര്‍ക്ക് മാത്രമായി 399 രൂപയുടെ ചാറ്റ്ജിപിടി ഗോ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. ചാറ്റ്ജിപിടിയുടെ അടിസ്ഥാന പ്ലാന്‍ സൗജന്യമാണ്. കൂടാതെ മികച്ച ഫീച്ചറുകളുള്ള പ്രീമിയം പ്ലാനുകളും ലഭ്യമാണ്.