വീണ്ടും മികച്ച ഡിവിഡന്റ് പ്രഖ്യാപിച്ച് വിപണിയിലെ ഡിവിഡന്റ് കിംഗെന്ന് വിളിപ്പേരുള്ള വേദാന്ത ലിമിറ്റഡ്. 2025-26 വര്‍ഷത്തിലെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമായി ഒരു ഓഹരിക്ക് 16 രൂപ വീതം കമ്പനി ഓഹരിയുടമകള്‍ക്ക് നല്‍കും. 6256 കോടി രൂപയാണ് ഇപ്രകാരം ഓഹരിയുടമകളിലേക്ക് കൈമാറുക. വ്യാഴാഴ്ച ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.
വേദാന്തയുടെ ഡിവിഡന്റ് റെക്കോര്‍ഡ് തിയതി, 2025 ഓഗസ്റ്റ് 27 ആണ്. അന്നേദിവസം ഓഹരികള്‍ കൈവശമുള്ളവര്‍ക്കാണ് ഇടക്കാല ഡിവിഡന്റ് ലഭിക്കുക. ഇന്ത്യന്‍ ഓഹരി വിപണിയിലെ ടി+1 സെറ്റില്‍മെന്റ് സംവിധാനം അനുസരിച്ച്, നിക്ഷേപകര്‍ റെക്കോര്‍ഡ് തിയതിക്ക് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും വേദാന്ത ഓഹരികള്‍ വാങ്ങേണ്ടതുണ്ട്.
ഡിവിഡന്റ് രാജാവ്
കഴിഞ്ഞ 12 മാസത്തിനിടെ വേദാന്ത ഓഹരിയൊന്നിന് 35.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു കഴിഞ്ഞു. 45 ഡിവിഡന്റ് പ്രഖ്യാപനങ്ങളിലൂടെ ഓഹരിയൊന്നിന് 500 രൂപയിലേറെ കമ്പനി ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം നല്കുന്ന ഓഹരികളില്‍ ഒന്നാണ് എണ്ണ, വാതക, ധാതു പര്യവേക്ഷണ ഖനന കമ്പനിയായ വേദാന്ത.
ഓഹരിവില ഉയരുന്നു
ഡിവിഡന്റ് പ്രഖ്യാപനത്തിന് മുന്നോടിയായി വ്യാഴാഴ്ച വേദാന്ത ഓഹരികള്‍ നേരിയ തോതില്‍ ഉയര്‍ന്ന് വ്യാപാരം അവസാനിപ്പിച്ചു. 0.36% ഉയര്‍ന്ന് 447.10 രൂപയിലാണ് ഓഹരിവില എത്തിയത്. എന്നിരുന്നാലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരിവിലയില്‍ 2% ഇടിവുണ്ടായി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കു നോക്കുമ്പോള്‍ 91% മികച്ച നേട്ടവും വേദാന്തയുടെ ഓഹരികളിലുണ്ടായി.
തിരിച്ചടി
വേദാന്തയെ നാല് പുതിയ കമ്പനികളായി വിഭജിക്കാനുള്ള പദ്ധതി ഒരു വര്‍ഷം മുന്‍പ് അനില്‍ അഗര്‍വാള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. കമ്പനിക്ക് 53,251 കോടി രൂപയുടെ കടബാധ്യതയുണ്ട്. കമ്പനിയെ നാലായി ഭാഗിച്ചാല്‍ കടത്തിന്റെ തിരിച്ചടവില്‍ ബുദ്ധിമുട്ടുകളുണ്ടാവുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.