ജിഎസ്ടി പരിഷ്കാര നടപടികളുടെ ഊര്‍ജത്തില്‍ തുടര്‍ച്ചയായി ആറാം ദിവസവും മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി. ഇന്‍ഫ്ര, ഫാര്‍മ, ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികളിലെ ശക്തമായ പ്രകടനവും സൂചികകള്‍ക്ക് തുണയായി. ബിഎസ്ഇ സെന്‍സെക്സ് 142.87 പോയിന്റ് ഉയര്‍ന്ന് 82,000.71 ലും എന്‍എസ്ഇ നിഫ്റ്റി 50, 33.20 പോയിന്റ് ഉയര്‍ന്ന് 25,083.75 ലും വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചു.
ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളില്‍ സിപ്ല (3.02%), ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (2.51%), ബജാജ് ഫിന്‍സെര്‍വ് (1.10), ഐസിഐസിഐ ബാങ്ക് (1.08%), ഹിന്‍ഡാല്‍കോ (0.92%) എന്നിവ ഉള്‍പ്പെടുന്നു. കോള്‍ ഇന്ത്യ (1.7%), ബജാജ് ഓട്ടോ (1.62%), ടാറ്റ് കണ്സ്യൂമോഴ്സ് (1.56%) എറ്റേണല്‍ (1.45%), ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.4%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.38%) എന്നിവ പിന്നിലേക്കു പോയി. നിക്ഷേപകര്‍ ജാഗ്രതയോടെ സെലക്ടീവായി ഓഹരികള്‍ വാങ്ങുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
‘ഇന്ത്യന്‍ ഓഹരി വിപണികള്‍ സമ്മിശ്രമായാണ് അവസാനിച്ചത്, കാരണം സമീപകാല റാലിയും ഒന്നാം പാദത്തിലെ വരുമാനത്തിലെ മാന്ദ്യവും ഉയര്ഡന്ന മൂല്യനിര്‍ണ്ണയത്തെക്കുറിച്ചുള്ള ആശങ്കകളും കാരണം നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യുന്നതിലേക്ക് തിരിഞ്ഞിരുന്നു,’ ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ പറഞ്ഞു,
ഫെഡ് നയം
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ജാക്സണ് ഹോള്‍ ഇക്കണോമിക് സിമ്പോസിയത്തിലേക്കാണ് വരും ദിവസങ്ങളില്‍ വിപണിയുടെ കണ്ണ്. യുഎസിലെ കന്‍സാസ് സിറ്റിയില്‍ ഫെഡ് ആതിഥേയത്വം വഹിക്കുന്ന വാര്‍ഷിക പരിപാടിയായ സിമ്പോസിയത്തില്‍ ലോകമെമ്പാടും നിന്നുള്ള കേന്ദ്ര ബാങ്ക് തലവന്മാര് പങ്കെടുക്കും. മൂന്ന് ദിവസത്തെ സിമ്പോസിയത്തില്‍ ഫെഡ് ചെയര്മാന് ജെറോം പവല്‍ സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും.