ഓണ്‍ലൈന്‍ ഗെയിമുകളെ പ്രോത്സാഹിപ്പിക്കാനും നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള പ്രമോഷന് ആന്‍ഡ് റെഗുലേഷന് ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍, 2025 ലോക്സഭ പാസാക്കി. ബുധനാഴ്ച ചര്‍ച്ചയൊന്നും കൂടാതെയാണ് ബില്‍ ലോക്സഭ കടന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗ് യുവതലമുറയുടെ ഹരമായി മാറുന്ന സാഹചര്യത്തില്‍ ഇതിനോടുള്ള അടിമത്വം നിയന്ത്രിക്കുക, അതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും തടയുക എന്നിവയെല്ലാമാണ് പ്രധാനമായും ഈ നിയമം കൊണ്ട് ലക്ഷ്യമിടുന്നത്.
പല വിഷയങ്ങളെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പുമന്ത്രി ആശ്വിനി വൈഷ്ണവ് ആണ് നിയമം സഭയില്‍ അവതരിപ്പിച്ചത്. ശബ്ദവോട്ടേടെയാണ് ബില്‍ ലോക്സഭ പാസാക്കിയത്.
മണി ഗെയിമുകള്‍ ഔട്ട്
പാര്‍ലമെന്റിലെ ഇരുസഭകളും ഈ നിയമം പാസാക്കിയാല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്ത് പല നിയന്ത്രണങ്ങളും വരുമെന്നാണ് കരുതപ്പെടുന്നത്. ഓണ്‍ലൈന്‍ മണി ഗെയിമിംഗിന് (പണം വെച്ചുള്ള കളി) പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തുന്നതാണ് ഈ നിയമം. നിയമപ്രകാരം മൂന്ന് വര്‍ഷം വരെ തടവും അല്ലെങ്കില്‍ 1 കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമായി ഓണ്‍ലൈന്‍ മണി ഗെയിമിംഗ് മാറും. ഓണ്‍ലൈന്‍ മണി ഗെയിമിംഗ് പരസ്യങ്ങളെയും ഈ നിയമം നിരോധിക്കുന്നു. മാത്രമല്ല ഇത്തരം കളികള്‍ക്കായി ഫണ്ടുകള്‍ കൈമാറുന്നതിന് ബാങ്കുകള്‍ക്കും മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നിയമം. വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ ലൂമികായിയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് വിപണി 2029 ഓടെ 3.6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
എന്തിനാണീ നിയമം
ഓണ്‍ലൈന്‍ മണി ഗെയിമിംഗിലൂടെ ആളുകള്‍ക്ക് അവരുടെ ജീവിത സമ്പാദ്യമാണ് നഷ്ടപ്പെടുന്നതെന്ന് നിയമം അവതരിപ്പിച്ചുകൊണ്ട് അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു. ഓണ്‍ലൈന്‍ മണി ഗെയിം മൂലം ഉണ്ടാകുന്ന അടിമത്വവും സാമ്പത്തിക ക്രമക്കേടുകളും തടയുകയാണ് ഈ നിയമത്തിലൂട സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതേസമയം തന്നെ നിയമം ഉപയോഗിച്ച് ഇ-സ്പോര്‍ട്സും സോഷ്യല്‍ ഗെയിമിംഗും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പല ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളും കള്ളപ്പണം വെളുപ്പിക്കുന്നതിനും സാമ്പത്തിക ഭീകരതയ്ക്കും തീവ്രവാദ സംഘടനകള്‍ക്ക് സന്ദേശമയയ്ക്കുന്നതിനുള്ള മാധ്യമമായും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്നും നിയന്ത്രിക്കുന്ന അസംഖ്യം ഓണ്‍ലൈന്‍ ഗെയിമിംഗ് സേവന ദാതാക്കള്‍ പ്രാദേശിക നിയന്ത്രണങ്ങളെയും നികുതി വ്യവസ്ഥയെയും വഞ്ചിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏതെല്ലാം ആപ്പുകളെ ബാധിക്കും
ഡ്രീം 11
പ്രമുഖ ക്രിക്കറ്റ് താരങ്ങളെ ഉപയോഗിച്ചുള്ള പരസ്യങ്ങളും മറ്റ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും കൊണ്ട് ഡ്രീം 11 പോലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ റിയല്‍ മണി ഗെയിം ആയ ഫാന്റസി ക്രിക്കറ്റ് ഗെയിമുകളുടെ സ്വീകാര്യത വര്‍ധിക്കുകയും നിക്ഷേപകര്‍ക്ക് താല്‍പ്പര്യം വര്‍ധിക്കുകയും ചെയ്തു. നിലവില്‍ 8 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ഈ ഗെയിമിനുള്ളത്. ഡ്രീം 11-ന്റെ ഫാന്റസി ക്രിക്കറ്റ് ഗെയിമുകളില്‍ കളിക്കാര്‍ക്ക് 8 രൂപ അടച്ചുകൊണ്ട് അവരുടേതായ ടീം ഉണ്ടാക്കാന്‍ സാധിക്കും.1.2 മില്യണ്‍ രൂപയുടെ സമ്മാനങ്ങളാണ് ഈ ഗെയിം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലാണ് ഈ ഗെയിം കൂടുതല്‍ പ്രചാരത്തിലായത്.
മൊബൈല്‍ പ്രീമിയര്‍ ലീഗ്
2.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മറ്റൊരു റിയല്‍ മണി ഗെയിമാണ് മൊബൈല്‍ പ്രീമിയര്‍ ലീഗ്.
മറ്റ് ആപ്പുകള്‍
My11Circle
Howzat
SG11Fantasy
WinZO
Games24x7 (My11Circle, RummyCircle)
Junglee Games (Rummy & Poker)
PokerBaazi
GamesKraft (RummyCulture)
Nazara Technologies
ഇനിയെന്ത്
ഇ-സ്പോര്‍ട്സ്, എജ്യൂക്കേഷണല്‍ പ്ലാറ്റ്ഫോമുകള്, സോഷ്യല്‍ ഗെയിമുകള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്ന ബില്‍ ഇനി രാജ്യസഭ പാസാകുകയും പ്രസിഡന്റ് ഒപ്പിടുകയും ചെയ്യുമ്പോള്‍ നിയമമായി മാറും.