സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 17-ന്റെ എല്ലാ മോഡലുകളും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍. ഇതാദ്യമായിട്ടാണ് പ്രോ വേര്‍ഷനുകള്‍ ഉള്‍പ്പടെ ഐഫോണിന്റെ എല്ലാ പതിപ്പുകളും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഇന്ത്യയില്‍ അഞ്ച് ഫാക്ടറികളിലാണ് ഐഫോണുകള്‍ നിര്‍മ്മിക്കുന്നത്. പുതിയതായി തുറന്ന രണ്ട് പ്ലാന്റുകളില്‍ കൂടി ഉല്‍പ്പാദനം വേഗത്തിലായതോടെ ഐഫോണ്‍ നിര്‍മ്മാണത്തില്‍ ചൈനയെ കൈവിട്ട് ആപ്പിള്‍ ഇന്ത്യയില്‍ സജീവമാകുന്നുവെന്ന് തന്നെ വേണം കരുതാന്‍. ചൈനയേക്കാള്‍ ഐഫോണിന് ആവശ്യക്കാര്‍ ഇന്ത്യയിലാണ് കൂടുതലെന്ന വസ്തുതതയും ഇന്ത്യയെ നിര്‍മ്മാണ ഹബ്ബാക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നു.
നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ ടാറ്റയും
ഐഫോണ്‍ നിര്‍മ്മാണത്തില്‍ ആപ്പിളിനൊപ്പം ടാറ്റ ഗ്രൂപ്പും പങ്കാളികളാകുമെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത രണ്ട് വര്‍ഷത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണുകളില്‍ പകുതിയോളം ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റുകളിലായിരിക്കും നിര്‍മ്മിക്കുക. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടാറ്റയുടെ പ്ലാന്റിലേക്കും ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ നിര്‍മ്മാണ ഹബ്ബിലേക്കും ഐഫോണ്‍ നിര്‍മ്മാണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി കൂടി
ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം വിപുലമാക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതലുള്ള നാലുമാസങ്ങളില്‍ മാത്രം 7.5 ബില്യണ്‍ ഡോളറിന്റെ ഐഫോണ്‍ കയറ്റുമതിയാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ കയറ്റുമതി ചെയ്ത 17 ബില്യണ്‍ ഡോളറിന്റെ ഐഫോണ്‍ കയറ്റുമതിയുടെ പകുതിയുടെ അടുത്ത് വരുമിത്.
ഇന്ത്യയില്‍ ആപ്പിള്‍ ഫോണിന് ആവശ്യക്കാര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഐഫോണ്‍ നിര്‍മ്മാണം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് പറിച്ചുനടാനുള്ള ആപ്പിളിന്റെ തന്ത്രപ്രധാന തീരുമാനം. കോവിഡ് കാലത്ത് ചൈനയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ആപ്പിള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് നിര്‍മ്മാണം വ്യാപിപ്പിച്ചത്. എന്നാല്‍ പിന്നീടുണ്ടായ യുഎസ്-ചൈന വ്യാപാര പ്രശ്നങ്ങളും ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നയങ്ങളും ഇന്ത്യയില്‍ നിര്‍മ്മാണം വിപുലപ്പെടുത്താന്‍ ആപ്പിളിനെ പ്രേരിപ്പിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആപ്പിള്‍ 22 ബില്യണ്‍ ഡോളറിന്റെ ഐഫോണുകളാണ് ഇന്ത്യയില്‍ അസംബിള്‍ ചെയ്തത്. ആഗോളതലത്തില്‍ ആപ്പിളിന്റെ 20 ശതമാനം നിര്‍മ്മാണം ഇപ്പോള്‍ ഇന്ത്യയിലാണ് നടക്കുന്നത്.