ഇന്ത്യക്കാരായ ഉപയോക്താക്കള്‍ക്ക് മാത്രമായി ചാറ്റ്ജിപിടി ഗോ എന്ന പേരില്‍ പുതിയ സബ്സ്ക്രിപ്ഷന് പ്ലാന്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. പ്രതിമാസം 399 രൂപ നിരക്കിലുള്ള ഈ പ്ലാനിലൂടെ ചാറ്റ്ജിപിടിയുടെ ഏറ്റവും പുതിയതും മികച്ചതുമായ ഫീച്ചറുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.
നിലവില്‍ സൗജന്യമായി ലഭിക്കുന്ന ചാറ്റ്ജിപിടി ഫീച്ചറുകളും അതിനൊപ്പം ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ, അഭിമാന മോഡലായ ജിപിടി-5 ലേക്കുള്ള ആക്സസും ഗോ പ്ലാനില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ മെസേജുകള്‍, ഇമേജുകള്‍ സൃഷ്ടിക്കുന്നതിനുള്ള അവസരം, കൂടുതല്‍ ഫയലുകള്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം, പൈത്തണ്‍ പോലുള്ള ആത്യാധുനിക ഡാറ്റ അനാലിസിസ് ടൂളുകള്‍ ഉപയോഗിക്കാനുള്ള അവസരം എന്നിവയും ഗോ പ്ലാനിലൂടെ ലഭിക്കുന്നു. സൗജന്യ അക്കൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മെമ്മറിയും പുതിയ പ്ലാനില്‍ ലഭ്യമാണ്. അതിനാല്‍ കൂടുതല്‍ കാലം ചാറ്റ്ജിപിടിയില് നമ്മള് ചെയ്ത കാര്യങ്ങളും അത് നല്കിയ വിവരങ്ങളും ലഭ്യമാകും.
കൂടുതല്‍ പണം ചിലവഴിക്കാതെ പ്ലസ്, പ്രോ പ്ലാനുകളിലെ ചില മികച്ച ഫീച്ചറുകളും സൗകര്യങ്ങളും വേണ്ടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്‍ എന്ന് ഓപ്പണ്‍ എഐ പറഞ്ഞു. നിലവില്‍ പ്ലസ് എന്ന ചാറ്റ്ജിപിടി പ്ലാനിന് പ്രതിമാസം 1999 രൂപയാണ്. ജിപിടി-4 ,ആഴത്തിലുള്ള റിസര്‍ച്ച്, കണക്ടറുകള്‍, സോറ വീഡിയോ ക്രിയേഷന് തുടങ്ങിയ സൗകര്യങ്ങളാണ് നല്‍കിവരുന്നത്. എന്നാല്‍ ഗോ പ്ലാനിലൂടെ കുറഞ്ഞ ചിലവില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ചാറ്റ്ജിപിടി ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഓപ്പണ്‍എഐയുടെ ലക്ഷ്യം. കണക്ടറുകള്‍, സോറ, ലെഗസി മോഡലുകള്‍ എന്നിവയൊന്നും ഗോയില്‍ ഉണ്ടായിരിക്കില്ലെന്ന് ഓപ്പണ്‍ എഐ വ്യക്തമാക്കിയിട്ടുണ്ട്.
എങ്ങനെ വരിക്കാരാകാം
വരുംദിനങ്ങളില്‍ ഇന്ത്യയില്‍ ജിപിടി ഗോ ല
ഭ്യമാകും. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ചാറ്റ്ജിപിടി അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ‘പ്രൊഫൈല്‍ ഐക്കണ്‍’ സെലക്ട് ചെയ്ത് ‘അപ്ഗ്രേഡ് പ്ലാനി’ലേക്ക് പോയാല്‍ ‘ട്രൈ ഗോ’ എന്ന ഓപ്ഷന് കാണാനാകും. ചാറ്റ്ജിപിടി മൊബൈല്‍ ആപ്പുകളിലും വാട്ട്സ്ആപ്പിലെ 1-800-ചാറ്റ്ജിപിടിയിലും ഗോ ഉപയോഗിക്കാം.
യുപിഐ വഴി പേയ്മെന്റ് ചെയ്യാം
ഗോ വിഭാഗത്തില്‍ പ്രാദേശിക പേയ്മെന്റ് സൗകര്യങ്ങള്‍ മുഖേന പണമടയ്ക്കാം. ക്രെഡിറ്റ് കാര്‍ഡ്, യുപിഐ എന്നിവ വഴിയും പേയ്മെന്റ് ചെയ്യാം.
നിലവില്‍ പ്രതിമാസം 1,999 രൂപയ്ക്കുള്ള പ്ലസ്, 19,900 രൂപയ്ക്കുള്ള പ്രോ പ്ലാനുകളാണ് ഓപ്പണ്‍ എഐ ഇന്ത്യയില്‍ നല്‍കിവരുന്ന ചാറ്റ്ജിപിടി പ്ലാനുകള്‍. ഗോയിലൂടെ ചാറ്റ്ജിപിടിയുടെ മികച്ച സേവനങ്ങള്‍ സാധാരണക്കാരിലേക്കും എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലെ ഉപയോക്തക്കളില്‍ നിന്നുള്ള പ്രതികരണം പഠിച്ച് മറ്റ് മാര്‍ക്കറ്റുകളിലും ഗോ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.