സ്വപ്നം കാണാൻ ശീലിക്കുക, കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ഊർജ്ജവും ധൈര്യവും ഉണ്ടാകുക ഇതാണ് വിജയിച്ച ഏതൊരു സംരംഭകന്റെയും അടിസ്ഥാന വിജയമന്ത്രം. ബെംഗളൂരു സ്വദേശിയും ലക്ഷ്വറി റെന്റൽ കാർ സംരംഭമായ രമേശ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ഉടമയുമായ രമേശ് ബാബുവും ഇത്തരത്തിൽ സ്വപ്നം കാണുകയും ആ സ്വപ്നം യാഥാർത്ഥ്യമാക്കി മാറ്റുകയും ചെയ്ത വ്യക്തിയായിരുന്നു.
ഇന്ന് കോടികളുടെ സമ്പാദ്യമുള്ള , സംരംഭകനായ, രമേശ് ബാബുവിന്റെ തുടക്കം തികഞ്ഞ ദാരിദ്ര്യത്തിന് നടുവിലായിരുന്നു. 1970-ൽ ബെംഗളൂരുവിലെ ഒരു ബാർബർ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ അച്ഛൻ രമേശ് കുട്ടിയായിരുന്നപ്പോൾ തന്നെ മരിച്ചു. അതോടെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീണു. രമേശിന്റെ ‘അമ്മ നടത്തിയിരുന്ന സലൂണും അതിൽ നിന്നുള്ള തുച്ഛമായ വരുമാനവും മാത്രമായിരുന്നു ഏക ഉപജീവനമാർഗം.
ബാല്യം പിന്നിട്ട്, കൗമാരത്തിലേക്ക് കടന്നതോടെ രമേശ് ബാബുവും സലൂണിൽ മുടിവെട്ടുകാരനായി ജോലിക്ക് നിന്നു. എന്നാൽ ഒരു ബാർബർ ജോലിയിൽ ഒതുങ്ങി നിൽക്കാതെ എങ്ങനെ കൂടുതൽ മികച്ച വരുമാനം നേടാമെന്നാണ് അദ്ദേഹം ചിന്തിച്ചുകൊണ്ടിരുന്നത്. സംരംഭകത്വം എല്ലായ്പ്പോഴും അദ്ദേഹത്തിൻറെ മുന്നിൽ ഒരു മാർഗമായി തെളിഞ്ഞിരുന്നു എങ്കിലും മൂലധനം കണ്ടെത്താൻ കഴിയാതിരുന്നത് അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കി.
ദാരിദ്ര്യം മാറ്റി മറിച്ച ധീരമായ ചുവടുവയ്പ്പ്
വാഹനങ്ങളോട് എന്നും താല്പര്യമുള്ള വ്യക്തിയായിരുന്നു രമേശ്. എന്നാൽ തന്റെ പരിമിതികൾക്കുള്ളിൽ കാർ പോലുള്ള വാഹനങ്ങൾ ഒരു സ്വപ്നം മാത്രമായാണ് അദ്ദേഹം കണ്ടത്. എന്നാൽ ആ സ്വപ്നത്തിന് അദ്ദേഹം ഒരു സംരംഭകത്വ മുഖം നൽകി. 1993-ൽ, 85,000 രൂപ വായ്പയെടുത്ത് രമേശ് തന്റെ ആദ്യ വാഹനമായ മാരുതി ഓമ്നി വാൻ വാങ്ങി. സ്വന്തം ആവശ്യങ്ങൾക്കായി ഓടിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിൻറെ ലക്ഷ്യം. ആ കാർ വാടകക്ക് നൽകി വരുമാനം കണ്ടെത്തുക എന്നതായിരുന്നു രമേശിന്റെ തീരുമാനം.
രമേശ് ബാബുവിന്റെ സംരംഭക യാത്രയുടെ തുടക്കം ഇവിടെ നിന്നുമായിരുന്നു.കാർ വാടകക്ക് ഓടി കിട്ടിയ വരുമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹം കൂടുതൽ കാറുകളിൽ പണം നിക്ഷേപിക്കാൻ തുടങ്ങി. ഓരോ പുതിയ വാഹനങ്ങൾ വാങ്ങുമ്പോഴും കൂടുതൽ ആഡംബരമുള്ളത് തെരഞ്ഞെടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.ഇത് പതിയെ രമേശ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിന്റെ തുടക്കത്തിനും വളർച്ചയ്ക്കും കാരണമായി.
ആഡംബര കാറുകളുടെ നീണ്ട നിര
റെന്റൽ കാർ ബിസിനസിൽ മറ്റുള്ളവരിൽ നിന്ന് രമേഷിനെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളായിരുന്നു. സമാന മേഖലയിലുള്ള മിക്ക ഓപ്പറേറ്റർമാരും ബജറ്റ് വാഹനങ്ങളിൽ ഉറച്ചുനിന്നപ്പോൾ, രമേശ് ബാബു ധൈര്യത്തോടെ ഉയർന്ന നിലവാരമുള്ള ആഡംബര കാറുകളിൽ പണം നിക്ഷേപിച്ചു. മെഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി, ജാഗ്വാർ, ആഡംബരത്തിന്റെ ആത്യന്തിക പ്രതീകമായ റോൾസ് റോയ്സ് ഗോസ്റ്റ് അങ്ങനെ രമേശ് ടൂർസ് ആൻഡ് ട്രാവൽസ് വാടകക്ക് നൽകുന്ന കാറുകളിൽ ഉപഭോക്താക്കൾ മൂക്കുംകുത്തി വീണു.
സാവധാനം ടൂർസ് ആൻഡ് ട്രാവൽസ്, കോർപ്പറേറ്റുകൾക്കും, സിനിമാതാരങ്ങൾക്കും, പ്രീമിയം കാറുകൾ ആവശ്യമുള്ള ഉയർന്ന പ്രൊഫൈൽ ഉപഭോക്താക്കൾക്കും പ്രിയപ്പെട്ട ബ്രാൻഡായി മാറി. നിലവിൽ നാനൂറിലേറെ മുൻനിര ആഡംബര കാറുകൾ രമേശ് ടൂർസ് ആൻഡ് ട്രാവൽസിനുണ്ട്. അതിൽ 120-ലധികം കാറുകൾ ആഡംബര നികുതി നൽകി ഇറക്കുമതി ചെയ്തവയാണ്.
നേട്ടങ്ങളുടെ കൊടുമുടി സ്വപ്രയത്നത്താൽ കയറിയപ്പോഴും അദ്ദേഹം താൻ കടന്നു വന്ന വഴി മറന്നില്ല. ഇന്നും സ്വയം ബാർബർ എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹം ഇപ്പോഴും അഭിമാനത്തോടെ തന്നെ ബെംഗളൂരുവിലെ തന്റെ കുടുംബ സലൂണിലെ പഴയ ഉപഭോക്താക്കൾക്കായി മുടി വെട്ടി നൽകുന്നു. വിനയവും കൃത്യമായ ബിസിനസ്സ് അവബോധവും ആണ് രമേശ് ബാബുവിനെ കോടീശ്വരനായ ബാർബർ എന്നപേരിൽ പ്രശസ്തനാക്കുന്നത്.
100 കോടിയിലധികം രൂപയുടെ ആസ്തി നിലവിൽ രമേശ് ബാബുവിനുണ്ട്. ആഗോള സാമ്പത്തിക ഉയർച്ച താഴ്ചകൾക്കിടയിലും, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആഡംബര മൊബിലിറ്റി ദാതാക്കളിൽ ഒരാളായി രമേശ് തന്റെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ബെംഗളുരുവിനകത്തും പുറത്തുമായി മുൻനിര കോർപ്പറേറ്റുകൾക്കും ബോളിവുഡ് സെലിബ്രിറ്റികൾക്കും സന്ദർശകരായ പ്രമുഖർക്കും രമേശ് ടൂർസ് ആൻഡ് ട്രാവൽസ് സേവനം